ഏകദേശം ഒരു വർഷം മുമ്പ് ഞങ്ങളുടെ ഹോസ്പിറ്റലിലെ ഒരു മധ്യവയസ്കയായ ചേച്ചി അസാധ്യ മെയ് വഴക്കത്തോടെ കളരി ചെയ്യുന്നത് ഫെയ്സ്ബുക്കിൽ കാണാനിടയായത്. അപ്പോൾ ഞാൻ ആ ചേച്ചിയുമായി സംസാരിച്ചു എന്നിട്ട് എത്ര വർഷമായി കളരി പഠിക്കുന്നു എന്ന് ചോദിച്ചു ഏകദേശം മൂന്നു വർഷത്തോളമായി ചേച്ചി കളരി പഠിക്കുന്നു എന്ന് അറിഞ്ഞപ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നി. "കുറച്ച് വയസ്സായാലും കളരി ഒക്കെ പഠിക്കാം അല്ലേ" എന്ന് ഞാൻ ചേച്ചിയോട് ചോദിച്ചു. അപ്പോൾ എനിക്ക് ചേച്ചി തന്ന ഉത്തരം ഇപ്പോഴും എന്റെ മനസ്സിൽ കിടക്കുന്നു "ആഗ്രഹമുണ്ടെങ്കിൽ ഏതു പ്രായത്തിലും കളരി പടിക്കാം പ്രായം എന്നത് ഒരു ഘടകമല്ല".
അങ്ങനെയാണ് ഞാൻ കളരി പഠിക്കാൻ തീരുമാനിച്ചത് ഇപ്പൊ ഏകദേശം ഒരു വർഷം തികയുന്നു. 200 വർഷത്തിൽ പരം പാരമ്പര്യമുള്ള ഒരു കളരി സംഘമാണ് പ്രാചീന ഭാരത കളരി സംഘം. ശക്തൻ തമ്പുരാന്റെ കാലത്തോളം പഴക്കമുള്ള ഒരു ചരിത്രം ഈ കളരി സംഘത്തിന് പറയാനുണ്ട്. പണ്ട് ശക്തൻ തമ്പുരാൻ തന്റെ ഭടന്മാരെ പരിശീലിപ്പിക്കാൻ ആലപ്പുഴയിൽ നിന്നും കൊണ്ടുവന്നതാണ് സാമുവേൽ ഗുരുക്കളെ. അതിനുശേഷം അദ്ദേഹത്തിന്റെ മകനായ ഹിഗ്ഗിങ്ങ്സ് ഗുരുക്കൾ വർഷങ്ങളോളം ഈ കളരി സംഘത്തിൽ ആയിരക്കണക്കിന് ശിഷ്യൻമാരെ പരിശീലിപ്പിച്ചു. അദ്ദേഹം ഈ കളരിസംഘം ഏകദേശം 50 വർഷത്തോളം നടത്തിക്കൊണ്ടിരുന്നത് തൃശൂർ അരിയങ്ങാടിയിൽ ആയിരുന്നു. പിന്നീട് ഒരു തീപിടുത്തത്തെ തുടർന്ന് കളരിസംഘം അവിടെനിന്ന് പോസ്റ്റോഫീസ് റോഡിലുള്ള ഒരു ബിൽഡിംങ്ങിലേക്ക് മാറ്റി.
ഇപ്പോൾ ഏകദേശം 35 വർഷത്തോളമായി അവിടെ പ്രവർത്തിക്കുന്നു. അഞ്ചു വയസ്സുള്ള കുട്ടികൾ മുതൽ യുവാക്കളും, യുവതികളും, മധ്യവയസ്കരും ഒരേപോലെ ഊർജ്ജസ്വലരായി പഠിക്കുന്ന ഒരു അത്ഭുതം നമുക്ക് ഈ കളരി സംഘത്തിൽ വന്നാൽ കാണുവാൻ സാധിക്കും. ഇപ്പോൾ പ്രാചീന ഭാരത കളരി സംഘത്തിന്റെ ചുക്കാൻ പിടിക്കുന്നത് സാമുവൽ ഗുരുക്കളുടെ കൊച്ചു മകനായ റിംഗോ ഗുരുക്കളാണ്. കഴിഞ്ഞ 15 വർഷത്തിനിടയിൽ
ആയിരത്തിൽ പരം ശിഷ്യസമ്പത്തുള്ള ഗുരുക്കളാണ് റിംഗോ ഗുരുക്കൾ. നമ്മുടെ "കൈ മെയ് ആവണം മെയ് കണ്ണാകണം" എന്നുള്ള കളരിയിലെ തത്വം അദ്ദേഹം ഒരു കൊച്ചു കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന സ്നേഹത്തോടെയും വാത്സല്യത്തോടെയും കൂടി ഓരോ ശിഷ്യന്മാർക്കും ക്ഷമയോടുകൂടി പറഞ്ഞു കൊടുക്കുന്നത് കാണുമ്പോൾ ശരിക്കും അത്ഭുതം തോന്നും.
ഏതു വഴങ്ങാത്ത ശരീരവും ഒരു രണ്ടുമാസത്തെ കഠിന പരിശീലനതോടുകൂടി ഓരോ ശിഷ്യന്മാർക്കും മെല്ലെ വഴങ്ങി കൊടുക്കുന്നത് കൺമുമ്പിൽ കാണുമ്പോൾ നമ്മുടെ കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിയെ കുറിച്ച് ശരിക്കും അഭിമാനം തോന്നും. ഞാനീ പോസ്റ്റിടുന്നത് പലരിലും ഉള്ള ഒരു തെറ്റിദ്ധാരണ തിരുത്താനാണ്, അത് എന്താണെന്ന് വെച്ചാൽ നമുക്കിടയിൽ ഒരു ധാരണയുണ്ട് ചെറുപ്പം മുതലൽ കളരി പഠിച്ചാലേ കളരി പഠിച്ചെടുക്കാൻ സാധിക്കൂ എന്നുള്ള ഒരു തെറ്റിദ്ധാരണ. അത് ഒരു തെറ്റായ ധാരണ മാത്രമാണ് ഏതു പ്രായത്തിലും നമുക്ക് ആഗ്രഹം ഉണ്ടെങ്കിൽ സ്വായത്തമാക്കാൻ കഴിയുന്ന ഒരു ആയോധനകലയാണ് കളരി എന്നു പറയുന്നത് അതിന് ഒരു താൽപര്യം വേണം എന്നു മാത്രം.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW