Random Post

ഒടിയൻ ചേന്നൻ ഒടിവെച്ച കഥ

ഒടിയൻ ചേന്നൻ ഒടിവെച്ച കഥ
----------------------------------------------

പുലർച്ചെ കാലൻകോഴി കൂവുന്ന ശബ്ദം കേട്ടാണ് കേളു ഉണർന്നത്, മലയോര കർഷകനായ കേളു രണ്ടു തലമുറകളായി അവിടെ കൃഷി ചെയ്തു ജീവിക്കുന്നു. നല്ല ഒരു ഉറക്കം കഴിഞ്ഞു ഉണർന്നപ്പോൾ കേളു ചെന്ന് ക്ലോക്കിൽ നോക്കി സമയം കൃത്യം നാലുമണി. എണീറ്റ് കഴിഞ്ഞാൽ കേളു കയ്യിൽ ഒരു പിടി ഉമിക്കരിയും ആയി മലഞ്ചെരിവിൽ ഉള്ള കുളത്തിൽ പോയി മുഖം കഴുകി പല്ലുതേക്കും അതൊരു പതിവാണ്. അതെല്ലാം കഴിഞ്ഞു കുളത്തിൽനിന്ന് കയറിയപ്പോൾ അടുത്തുള്ള പാറയുടെ മുകളിൽ കേളു ഒരു സ്ത്രീ ഇരിക്കുന്നത് കണ്ടു. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ കേളു "ആരാണ് അത്" എന്ന് ഉറക്കെ ചോദിച്ചു. തിരിച്ച് ഉത്തരം ഒന്നും കിട്ടാത്തപ്പോൾ കേളു മെല്ലെ പാറയുടെ അരികിലേക്ക് നടന്നു പെട്ടെന്ന്  ആ സ്ത്രീ അവിടെ നിന്നും അപ്രത്യക്ഷയായി.

പിന്നീട് കേളു  മഴ വീണ് കുതിർന്ന നിലത്തും പാറപ്പുറത്തും അതിനു ചുറ്റിലും എല്ലാം നോക്കി എന്നാൽ അവിടെ ആ സ്ത്രീയുടെ  കാൽപാദം പോലും കണ്ടില്ല ആരും അവിടെ വന്നതായി യാതൊരു സൂചനയുമില്ല. ഇതൊന്നും കണ്ട് കേളു പേടിച്ചില്ല കാരണം 'ഒടിയൻ ചേന്നൻ' പല രൂപത്തിലും വരും എന്ന് കേളുവിന് അറിയാം,  ഇതിനു മുമ്പ് പുലിയുടെയും, കാളയുടെയും, ചെന്നായയും, രൂപത്തിലും ചേന്നൻ കിളുവിനെ പേടിപ്പിക്കാൻ നോക്കിയിട്ടുണ്ട് എന്നാൽ അപ്പോൾ ഒന്നും കേളു പിടിച്ചിട്ടില്ല എന്ന് മാത്രമല്ല  "ചുണയുണ്ടെങ്കിൽ എന്നെ പേടിപ്പിക്ക്"എന്ന് ചേന്നനെ വെല്ലുവിളിക്കുകയും ചെയ്തു.

ഈ ഒടിയൻ ചേന്നൻ തലമുറകളായി ഓടി വിദ്യകൾ ചെയ്യുന്ന ആ നാട്ടിൽ കുപ്രശസ്തിയാർജ്ജിച്ച ഒടിയനാണ്. നാട്ടിൽ ഉള്ളവർക്കെല്ലാം ചേന്നനെ പേടിയാണ് കാരണം ചേന്നന് ചില ആഭിചാരക്രിയകൾ  വശം ഉണ്ട് അവൻ മരംകൊത്തി മനുഷ്യ രൂപമുണ്ടാക്കി അതിൽ ആഭിചാര ക്രിയകൾ ചെയ്ത് ശരീരം തളർത്തുന്ന ഒടിവിദ്യ ചേന്നന്  വശമുണ്ട്. ചേന്നന്റെ അച്ഛനും മുത്തച്ഛനും പേരുകേട്ട ഒടിവിദ്യക്കാർ ആയിരുന്നു അതിനാൽ ചേന്നനന്റെ നിഴലിനെ പോലും നാട്ടുകാർക്ക് ഭയമാണ് എന്നാൽ ദൈവത്തിലും പിശാചിലും വിശ്വാസമില്ലാത്ത കേളുവിന് മാത്രം ചേന്നനെ ഭയമില്ല അതാണ് ചേന്നനെ വല്ലാതെ ചൊടിപ്പിച്ചത്.

അതുകൊണ്ട് കലികയറിയ ചേന്നൻ കേളുവിനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു അതിന് അയാൾ അറ്റകൈ പ്രയോഗം ആയ ആഭിചാരക്രിയയിലൂടെ കേളുവിനെ മരപാവയിൽ ഒടിവെക്കാൻ തീരുമാനിച്ചു. അടുത്ത അമാവാസി ദിവസം കേളുവിനെ ഒടിവെക്കാൻ ചേന്നൻ തീരുമാനിച്ചു.  ആഭിചാരക്രിയകൾക്ക് ആവശ്യമായ കരിങ്കോഴി, സ്ത്രീയുടെ മറുപിള്ള, പല മൃഗങ്ങളുടെ അസ്ഥികൾ, മരപ്പാവ, ഓന്തിൻ ചോര മുതലായവ എല്ലാം സ്വരുക്കൂട്ടി ഉപാസന മൂർത്തികളോട് അനുവാദം ചോദിച്ച് രാത്രി കാലൻകോഴി കൂവിയപ്പോൾ  ആഭിചാരപ്രയോഗം ആരംഭിച്ചു. പാരമ്പര്യമായി കൈമാറിക്കിട്ടിയ രഹസ്യ മന്ത്രങ്ങൾ ഉരുവിട്ട് ഹോമകുണ്ഡത്തിന് മുമ്പിൽ ഇരുന്ന് കരിങ്കോഴി, സ്ത്രീയുടെ മറുപിള്ള, പല മൃഗങ്ങളുടെയും അസ്ഥികൾ ഇവയെല്ലാം ക്രമത്തിൽ തീയിലിട്ടു ഹോമിച്ച് ഹോമകുണ്ഡത്തിൽ നിന്ന് ഒരു പിടി ചാരം എടുത്ത് മരപ്പാവയിൽ പുരട്ടി അതിനുമുകളിൽ ഓന്തിൻ ചോര ഇറ്റിച്ച് പിന്നെയും മന്ത്രങ്ങൾ ഉരുവിട്ട് ആ പാവയെ വൈക്കോല് കൊണ്ട് കെട്ടി ഒരു കാരമുള്ള് എടുത്ത് മരപ്പാവയുടെ വലതു കാലിൽ ചേന്നൻ ആഞ്ഞു നാല് കുത്ത് കുത്തി.

ഈ ആഭിചാരക്രിയ നടക്കുമ്പോൾ തന്നെ കേളുവിന് അതികഠിനമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങി അയാൾ നോക്കിക്കൊണ്ടു നില്ക്കുമ്പോൾ തന്നെ അയാളുടെ വലതുകാല് തളർന്ന് ശൊഷിക്കാൻ തുടങ്ങി തനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയാതെ അയാൾ ഉറക്കെ നിലവിളിച്ചു. പിറ്റേദിവസം നാട്ടിലെ പ്രധാന വൈദ്യൻ വന്ന് കേളുവിന്റെ കാല് പരിശോധിച്ചപ്പോൾ നാലിടത്ത് മുള്ള് തറച്ച പോലെയുള്ള പാടുകൾ കണ്ടപ്പോൾ അയാളുടെ മുഖം ആകെ വിളറി എന്നിട്ട് അയാൾ അവിടെ നിന്നും ചാടിയെഴുന്നേറ്റു. ഇത് കണ്ട് കേളു ചോദിച്ചു " എന്തുപറ്റി വൈദ്യരെ എന്തെങ്കിലും പ്രശ്നമുണ്ടോ". അതിനയാൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു "ഇത് ഒടി വെച്ചതാണ്, മരപ്പാവയിൽ ഒടി  വെച്ചതാണ്  ഇതിന് ചികിത്സയില്ല ഈ രോഗം അസാധ്യമാണ് ". ഇത്രയും പറഞ്ഞ് ധൃതിയിൽ വൈദ്യർ അവിടെനിന്നും മടങ്ങി.

തനിക്ക് ഒടിവെച്ചത് ഒടിയൻ ചേന്നൻ തന്നെയൊന്ന് കേളു ഉറപ്പിച്ചു തന്നെ ഈ അവസ്ഥയിൽ ആക്കിയ ചേന്നനെ കൊല്ലാൻ തന്നെ കേളു തീരുമാനിച്ചു. അതിനുവേണ്ടി കേളു ഒരു പദ്ധതി തയ്യാറാക്കി, ചേന്നൻ രാത്രി നടന്ന് വരുന്ന വഴിയിൽ ഒരു കരിമ്പനയുടെ പുറകിൽ കയ്യിൽ ഒരു കഠാരയുമായി കേളു ഒളിച്ചിരുന്നു പക്ഷേ അന്നു ചേന്നൻ ആ വഴി വന്നില്ല. എന്നാൽ കേളുവിന്റെ പ്രതികാരദാഹം ഓരോ ദിവസവും വർദ്ധിച്ച് വന്നതേയുള്ളൂ അയാൾ ദിവസവും രാത്രി കരിമ്പനയുടെ പുറകിൽ ഒളിച്ചിരിക്കും ഒത്തുകിട്ടിയാൽ എന്നെങ്കിലും ചേന്നനെ കൊല്ലാൻ. ഒരു ദിവസം കേളുവിന് നല്ല ഒരു അവസരം ഒത്തുവന്നു ചേന്നൻ മദ്യപിച്ച് ലക്ക് കെട്ട് ആ വഴിയിലൂടെ ആടിയാടി ചൂട്ടും കത്തിച്ച് നടന്നുവരുന്നു. കരിമ്പനയുടെ അടുത്തെത്തിയപ്പോൾ കേളു ചേന്നന്റെ കഴുത്തിൽ ആഞ്ഞ് കുത്തി. ആ കുത്ത് കിട്ടിയതിന്റെ ആഘാതത്തിൽ ചേന്നൻ പിടഞ്ഞു വീണു, പ്രതികാരദാഹം മാറാത്ത കേളു ആ കത്തി വലിച്ചൂരി  ചേന്നന്റെ നെഞ്ചിലും ആഞ്ഞു കുത്തി.

കുത്ത് കിട്ടി രക്തം വാർന്നു പോകുമ്പോഴും ചേന്നൻ ഉറക്കെ ചിരിച്ചുകൊണ്ടേയിരുന്നു.  ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ്  രക്തമെല്ലാം വാർന്നു പോയിട്ടും ചേന്നൻ മരിക്കാതെ പൊട്ടി ചിരിച്ചു കൊണ്ടിരുന്നു. അർദ്ധരാത്രിയിൽ മലഞ്ചരിവിൽ നിന്ന് കേട്ട  അസ്വാഭാവികമായ പൊട്ടിച്ചിരി കേട്ട് അടുത്ത് താമസിക്കുന്നവർ അങ്ങോട്ട് ഓടിക്കൂടി. അപ്പോളും കേളു ചോര പുരണ്ട കത്തിയുമായി അവിടെ തന്നെ നിൽക്കുകയായിരുന്നു, അയാളുടെ മുഖത്ത് ചേന്നനെ കൊന്ന ഭ്രാന്തമായ ഒരു സന്തോഷം ഉണ്ടായിരുന്നു. ചേന്നന് കുത്തേറ്റ വിവരം ആ നാട്ടിലെല്ലാം കാട്ടുതീപോലെ പടർന്നു. നാട്ടുകാരെല്ലാം അവിടെ ഓടിക്കൂടി ആ കൂട്ടത്തിൽ ചേന്നന്റെ അനുജനും ഉണ്ടായിരുന്നു. അവൻ അടുത്തു വന്നപ്പോൾ ചേന്നൻ പൊട്ടിച്ചിരി നിർത്തി അതിനുശേഷം അവനോടു തന്റെ വലതു തുട കീറി അതിനകത്തുള്ള ചെമ്പ് തകിട് എടുത്തു മാറ്റണം എന്ന് പറഞ്ഞു. ചേന്നന്റെ അനുജൻ അയാൾ പറഞ്ഞ പോലെ ചെയ്തു ആ ചെമ്പു തകിട് തുടയിൽ നിന്നും മാറ്റിയ ഉടനെ ഒടിയൻ ചേന്നൻ ഒരു ദീർഘനിശ്വാസത്തോട് കൂടി മരിച്ചു.

അപ്പോൾ അടുത്തുള്ള കരിമ്പനയിൽ ഇരുന്ന് എവിടെനിന്നോ വന്ന കുറെ കാക്കകൾ ഉറക്കെ കരയുവാൻ തുടങ്ങി. പിന്നീട് പോലീസ് വന്നു കേളുവിനെ അറസ്റ്റ് ചെയ്തു ചേന്നനെ കൊന്നതിന് കോടതി അയാളെ ജീവപര്യന്തം ശിക്ഷിച്ചു. ഇതിനിടയിൽ രണ്ട് അകാല മരണങ്ങൾ ആ നാട്ടിൽ സംഭവിച്ചു കേളുവിന്റെ ഭാര്യയും മകളും വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ചു. അതിനു കാരണം ഒടിയൻ ചേന്നന്റെ ദുരാത്മാവ് ആണെന്ന് ആ നാട്ടിൽ എല്ലാവർക്കും ഉറച്ച് വിശ്വസിക്കുന്നു. ജീവപര്യന്തം കഴിഞ്ഞ് തിരിച്ചെത്തിയ കേളു കുറച്ചുനാൾ ആ നാട്ടിൽ ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്നു പിന്നീട് ചേന്നൻ മരിച്ച ഇടത്തിന് അടുത്തുള്ള ആ കരിമ്പനയിൽ തൂങ്ങി മരിച്ചു. ആ നാട്ടിൽ ഇപ്പോഴും ചേന്നന്റെ ദുരാത്മാവിനെ പല രൂപങ്ങളിൽ ആ കരിമ്പനക്ക് അടുത്ത് അമാവാസി നാളുകളിൽ പലരും കാണാറുള്ളതായി പറയുന്നു.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments