ശ്വാസകോശ രോഗങ്ങൾ പ്രതിരോധിക്കാം

ശ്വാസകോശ രോഗങ്ങൾ പ്രതിരോധിക്കാം
---------------------------------------------------------------

ശ്വാസകോശമെന്നത് നെഞ്ചിന്‍കൂടിനകത്തെ ആന്തരിക അവയവമാണ്. നെഞ്ചിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ശ്വാസകോശം സ്ഥിതി ചെയ്യുന്നത്. രക്തത്തിലേക്ക് ഓക്‌സിജന്‍ കലര്‍ത്തുകയും രക്തത്തിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡിനെ അന്തരീക്ഷത്തിലേക്ക് പുറന്തളളുകയുമാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം.
അന്തരീക്ഷ മലിനീകരണവും, ചിട്ടയില്ലാത്ത ജീവിതശൈലിയും ശ്വാസകോശ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാക്കി. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യയിൽ നല്ലൊരു ഭാഗം ശ്വാസകോശസംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. വായുവിന്റെ ഗുണമേന്മ കുറഞ്ഞ് വന്നതാണ് ശ്വാസകോശ രോഗികൾ വളരെയധികം വർദ്ധിക്കാൻ  ഇടയാക്കിയത്.

ശ്വാസകോശ രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങള്‍
-------------------------------------------

ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനമാണ് വായു മലിനീകരണം. അന്തരീക്ഷത്തില്‍ നിന്നുണ്ടാകുന്ന പൊടിപടലങ്ങള്‍ ശ്വാസകോശ രോഗങ്ങളുണ്ടാക്കാം. നിരന്തരമുള്ള പുകവലിയും ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശത്തിലെ ടൂബ്യൂളുകളില്‍ രോമങ്ങളുള്ള സെല്ലുകളുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് ഈ സെല്ലുകള്‍ ആവശ്യമാണ്. സീലിയ എന്നാണ് സെല്ലുകള അറിയപ്പെടുന്നത്. ശ്വാസകോശത്തിലേക്ക് കടന്നുപോകുന്ന വായുവിനെ ഫില്‍റ്റര്‍ ചെയ്യുകയെന്നതാണ് സീലിയയുടെ പ്രവര്‍ത്തനം. ശുദ്ധമായ വായുവാണ് ശ്വാസകോശത്തിലേക്ക് എത്തേണ്ടത്. പുകവലിക്കുന്നവരില്‍ സീലിയയുടെ പ്രവര്‍ത്തനം ക്രമേണ നഷ്ടമാകും. ഇതേത്തുടര്‍ന്ന് വായുവിന്റെ ഫില്‍റ്ററേഷന്‍ സാധ്യമാകാതെ വരും.

ഹൃദയത്തെ ബാധിക്കുന്ന ശ്വാസകോശ രോഗങ്ങൾ
-------------------------------------------

ശ്വാസകോശ രോഗങ്ങള്‍ മറ്റ് അവയവങ്ങളെയും ദോഷമായി തന്നെ ബാധിക്കാം. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പരസ്പരം ബന്ധിതമാണ്. ഓക്‌സിനേഷനു വേണ്ടി അശുദ്ധ രക്തം ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യുന്നത് ഹൃദയമാണ്.ഓക്‌സിജന്‍ ആഗിരണം ചെയ്തതിനു ശേഷം ശുദ്ധരക്തം ആദ്യമെത്തുന്നത് ഹൃദയത്തിലേക്കാണ്. പിന്നീട് മറ്റ് അവയവങ്ങളിലേക്ക് എത്തുന്നു. അതിനാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ഹൃദയത്തെയും ബാധിക്കാം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ തകാരാറുണ്ടാകുമ്പോള്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് താഴ്ന്നു പോകും. ശരീരത്തിന്റെ പ്രവര്‍ത്തന ശക്തിയെ ബാധിക്കുന്നതോടൊപ്പം ശ്വാസം മുട്ടല്‍, കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ കിതപ്പ്, അമിത ക്ഷീണം, ഉത്സാഹക്കുറവ് തുടങ്ങിയ പ്രയാസങ്ങളും ഉണ്ടാകാം.

ശ്വാസകോശ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
---------------------------------------------------------------------

1. വീടിനുള്ളില്‍ പുകവലി ഒഴിവാക്കുക. വീട്ടിലുള്ളവരോ പുറത്തു നിന്നുള്ളവരോ വീടിനുള്ളില്‍ പുകവലിക്കാതെ ശ്രദ്ധിക്കുക. പുകവലിമൂലമുള്ള രോഗങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 35 ലക്ഷം പേരാണ് ലോകത്ത് ഓരോ വര്‍ഷവും പുകവലി മുഖാന്തിരം മരിക്കുന്നത്. പുകവലി കാരണം കാന്‍സര്‍ വരാനുള്ള സാധ്യത ഇരട്ടിയാണ്. കാന്‍സര്‍ ബാധിച്ചു മരിക്കുന്നവരില്‍ മൂന്നിലൊരു ഭാഗവും ശ്വാസകോശാര്‍ബുദത്തിന്റെ ഇരകളാണ്.

2. വീട്ടിലെ പൊടിപടലങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക.

3. പകല്‍ സമയം മുറികളിലെ ജനാലകള്‍ തുറന്നിടുക. ശുദ്ധവായു ലഭിക്കുന്നതിനു സഹായിക്കും.

4. രാസവസ്തുക്കള്‍ അടങ്ങിയ റൂം ഫ്രഷ്‌നസ് കഴിവതും ഉപയോഗിക്കാതിരിക്കുക. ഇതിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അലര്‍ജി ഉള്ളവര്‍ക്ക് ദോഷം ചെയ്യും.

5. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കും. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. എയ്‌റോബിക് വ്യായാമങ്ങളാണ് ശ്വാസകോശത്തിന് ഉത്തമം.

6. ശ്വാസകോശ രോഗങ്ങൾ ഒഴിവാക്കാൻ യോഗ, നടത്തം, സൈക്കളിംഗ്, നീന്തല്‍, മറ്റു വ്യായാമങ്ങള്‍ ഇവയിലൊന്നു ദിനചര്യയാക്കുക. ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്‍ ഉപേക്ഷിക്കുകയും, സമീകൃതാഹാരം, ശുചിത്വം, വ്യായാമം തുടങ്ങിയവയിലൂടെ രോഗപ്രതിരോധ ശേഷി നേടുകയാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മാർഗം

ശ്വാസകോശ രോഗങ്ങൾക്ക് ചില പ്രയോഗങ്ങൾ
----------------------------------------------------
1)ആടലോടകത്തിൻറെ ഇല ഉണക്കിപ്പൊടിച്ച് സമം മലർപ്പൊടിയും ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കഴിക്കുക.

2) ആടലോടകത്തിൻറെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ ചെറു തേൻ ചേർത്ത് കഴിക്കുക.

3)ജാതിക്ക ചുട്ട് പൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിക്കുക.

4) ചുക്കും, കടുക്ക പൊടിച്ചതും സമം ചേർത്ത് കഴിക്കുന്നത് നല്ലതാണ്

5) ഇഞ്ചിനീരിൽ സമം തേൻ ചേർത്ത് പലവട്ടം കഴിക്കുക

6)ചുക്ക്, കുരുമുളക്, തിപ്പലി, ആടലോടകത്തിൻറെ ഇല ഇവ സമം  പൊടിച്ച് ഒരു ടീസ്പൂൺ കൽക്കണ്ടം ചേർത്ത് കഴിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments