തൈറോയ്‌ഡ് രോഗങ്ങൾ ഒരു ആയുർവേദ വീക്ഷണം
----------------------------------------------------------------
തൈറോയ്‌ഡ് രോഗമെന്നാൽ ഒരു ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നവയും അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതയിലെ മാറ്റം പ്രതിരോധശേഷിയിലും മാറ്റം വരുന്നതിനു കാരണമാകാറുണ്ട്.
ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥിയാണ് തൈറോയിഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്. മനുഷ്യന്റെ കഴുത്തിനു മുന്‍ഭാഗത്ത് ശബ്ദനാള(larynx-voice)ത്തിനു തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ശ്വസനനാളി(trachea)യുടെ ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങള്‍ തമ്മില്‍ ഇസ്ത്മസ് (Isthmus) എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു.
പ്രായപൂര്‍ത്തിയെത്തിയവരില്‍ തൈറോയ്ഡ് 20 മുതല്‍ 40 വരെ ഗ്രാം തൂക്കമുള്ളതായിരിക്കും.
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രധാനമായും അഞ്ച് തരത്തിലുള്ള അസുഖങ്ങളാണ് അത് ഇവയെല്ലാമാണ് ഗോയിറ്റർ, ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാൻസർ എന്നിവയാണ് പ്രധാന തൈറോയ്‌ഡ് രോഗങ്ങൾ. തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകൾ മൂലം രക്തത്തിൽ തൈറോയിഡ് ഹോർമോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയിഡ് ഹോർമോണിലെ ഈ ഏറ്റക്കുറച്ചിലുകൾ സങ്കീർണമായ പല ശാരീരികപ്രശ്നങ്ങൾക്കും വഴിവെക്കുന്നു. പിറ്റിയൂട്ടറി ഗ്രന്ഥി പുറപ്പെടുവിക്കുന്ന TSH ആണ് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നത്.
അതിനും മുകളിൽ പിറ്റിയൂട്ടറിയെ നിയന്ത്രിക്കാൻ ഹൈപ്പോതലാമസ് ഇരിപ്പുണ്ട് ( Hypothalamic–Pituitary–Thyroid axis) ഇതാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ (T4), ട്രൈ അയഡോതൈറോനിൻ (T3) എന്നീ ഹോര്‍മോണുകളാണ് അഞ്ചുവയസ്സുവരെ മനുഷ്യന്റെ മസ്തിഷ്ക വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. ശൈശവത്തിലും കൌമാരത്തിലും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതും അസ്ഥികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ ഹോര്‍മോണുകളാണ്. ആജീവനാന്തം കരള്‍, വൃക്ക, ഹൃദയം, അസ്ഥിപേശികള്‍ എന്നിവയെ T3 , T4 ഹോര്‍മോണുകള്‍ സ്വാധീനിക്കുന്നു. തൈറോകാല്‍സിറ്റോണിന്‍ ഹോര്‍മോണ്‍ അസ്ഥികളില്‍നിന്നുള്ള കാത്സ്യം രക്തത്തിലേക്കു പ്രവഹിക്കുന്നതിനെ സാവകാശത്തിലാക്കുന്നു.
ഹൈപ്പോതലാമസും പിറ്റ്യൂറ്ററി (pituitary) ഗ്രന്ഥിയുടെ മുന്‍ഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ തൈറോട്രോഫിക് (thyrotrophic) കോശങ്ങള്‍ തൈറോയ്ഡ് ഉത്തേജക ഹോര്‍മോണായ തൈറോട്രോപിന്‍ (TSH) ഉത്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണാണ് തൈറോയ്ഡിന്റെ വികാസവും പ്രവര്‍ത്തനവും രക്തത്തിലെ T3 , T4 സാന്ദ്രതയും നിര്‍ണയിക്കുന്നത്.രക്ത പരിശോധനയിലൂടെയാണ് തൈറോയ്ഡ് ഹോർമോൺ വ്യതിയാനം കണ്ടുപിടിക്കുന്നത്. രക്ത സാംപിളിലെ തൈ റോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (ടി.എസ്.എച്ച്), തൈറോക്സിൻ, ട്രൈഅയഡോതൈറോനിൻ എന്നിവയുടെ അളവ് പരിശോധിച്ചാണ് രോഗമുണ്ടോയെന്ന് കണ്ടുപിടിക്കുന്നത്.
പ്രധാന തൈറോയ്‌ഡ് രോഗങ്ങൾ
----------------------------------------------------
1)ഗോയിറ്റർ
തൈറോയ്‌ഡ് രോഗങ്ങളിൽ എല്ലാവർക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്‌ഡ് ഗ്രന്ഥി പ്രകടമായ രീതിയിൽ വലുപ്പം വയ്‌ക്കുന്ന അവസ്‌ഥയാണിത്.
ഹൈപ്പോ തൈറോയ്ഡിസവും ഹൈപ്പർ തൈറോയ്ഡിസവും മൂലം ഗോയിറ്റർ ഉണ്ടാവാം.
2)ഹൈപ്പർതൈറോയിഡിസം
തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ വർധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പർതൈറോയിഡിസം. 20-50 വയസിനിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഈ രോഗം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്.
3)ഹൈപ്പോതൈറോയിഡിസം
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം. തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി-3, ടി-4 ഹോർമോണുകളുടെ അളവ് രക്തത്തിൽ ഗണ്യമായി കുറയുന്ന അവസ്ഥയാണ് ഇത്.
4)തൈറോയിഡൈറ്റിസ്
ശരീരത്തിലെ പ്രതിരോധ സംവിധാനം തൈറോയിഡിനെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ തുടങ്ങുമ്പോൾ തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.ചിലപ്പോൾ പെട്ടെന്നുണ്ടാകുന്ന തൈറോയ്ഡൈറ്റിസ് കാരണം തൈറോയ്ഡ് ഗ്രന്ഥിക്ക് നാശം സംഭവിക്കുകയും, അങ്ങനെ ഗ്രന്ഥിയിൽ നിന്ന് അമിതമായി ഊറിവരുന്ന തൈറോയ്ഡ് ഹോർമോൺ രക്തത്തിലെത്തി 'തൈറോടോക്സിക്കോസിസ്' എന്ന മാരകമായ അവസ്ഥ വരികയും ചെയ്യുന്നു.
5)തൈറോയ്‌ഡ് കാൻസർ:
വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ് തൈറോയ്‌ഡ് കാൻസർ. സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാൻസർ കൂടുതലായി കാണുന്നത്. ഇതിന്റെ യഥാർത്ഥ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കോശങ്ങളുടെ ജനിതക ഘടനയിൽ വരുന്ന മാറ്റങ്ങളാണ് തൈറോയിഡ് ക്യാൻസറായി മാറുന്നത്. ഭൂരിഭാഗം തൈറോയ്ഡ് കാൻസറുകളും തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സിച്ചു സുഖപ്പെടുത്തുവാൻ സാധിക്കും. തൈറോയ്ഡ് മുഴ കണ്ടാല്‍ ഹോര്‍മോണ്‍ പരിശോധനയും സ്കാനും ചെയ്യേണ്ടി വരും. സ്കാനില്‍ കാന്‍സര്‍ സംശയിക്കത്തക്ക വല്ലതും ഉണ്ടെങ്കില്‍ FNAC പരിശോധന ചെയ്യണം. കാന്‍സര്‍ ആണെങ്കില്‍ അതനുസരിച്ച് ആധുനിക വൈദ്യശാസ്ത്രം അനുശാസിക്കുന്ന ചികിത്സയെടുക്കണം.
6)ഹൈപ്പർ and ഹൈപ്പോ പാരാതൈറോയ്ഡിസം
പാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവർത്തനം ഹൈപ്പർപാരാതൈറോയ്ഡിസം (hyperparathyroidism) എന്ന രോഗത്തിനു കാരണമാകുന്നു. ഇതുമൂലം അസ്ഥികളിൽനിന്നും കാൽസ്യം അയോണുകൾ ക്രമാധികം രക്തത്തിലേക്ക് മാറ്റപ്പെട്ട് രക്തത്തിൽ കാൽസ്യം അയോണുകളുടെ തോത് വർദ്ധിക്കുന്നു. ഈ കാൽസ്യം അയോണുകൾ ക്രമേണ വൃക്കകൾ, ആഗ്നേയ ഗ്രന്ഥി തുടങ്ങിയവയിൽ അടിഞ്ഞു ചേർന്ന് കാൽസ്യം കല്ലുകൾ ഉണ്ടാകുവാൻ കാരണമാകും. പാരാതൈറോയ്ഡ് പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (hypoparathyroidism). പാരാതോർമോണിന്റെ അപര്യാപ്തതമൂലം പേശീപ്രവർത്തനങ്ങളെ ബാധിക്കുന്ന ടെറ്റനി (twitching of muscles or tetany) എന്ന അസുഖം ഉണ്ടാകുന്നു.
തൈറോയ്ഡ് രോഗത്തിന്റെ പത്ത് ലക്ഷണങ്ങൾ
------------------------------------------------------
തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാണ്. താഴെപ്പറയുന്ന ലക്ഷണങ്ങളെ നിസ്സാരമാക്കരുത്.
1)ക്ഷീണം
രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്.
2)ഭാരവ്യതിയാനങ്ങൾ
നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്.
3)ഉത്‌കണ്‌ഠയും വിഷാദവും
മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്‌കണ്‌ഠയും. മൂഡ്‌മാറ്റം എന്നു പറഞ്ഞു തള്ളാൻ വരട്ടെ. ഡിപ്രഷനു പിന്നിൽ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും.
4)കൊളസ്‌ട്രോൾ
ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കോളസ്‌ട്രോൾ കുറയ്‌ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്‌ട്രോൾ ലെവൽ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും.
5)കുടുംബപാരമ്പര്യം
അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ ഉയർന്ന സാധ്യതയുണ്ട്. അതിനാൽ തൈറോയ്‌ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.
6)ആർത്തവക്രമക്കേടുകളും വന്ധ്യതയും
തുടരെ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം, ആർത്തവപ്രശ്‌നങ്ങൾ മാത്രമാണെന്നു കരുതിയെങ്കിൽ തെറ്റി. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ ഈ ലക്ഷണങ്ങൾ വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്‌ഡ് രോഗം വന്ധ്യതയ്‌ക്കു കാരണമാകാം.
7)ഉദരപ്രശ്‌നങ്ങൾ
നിങ്ങൾക്കു ദീർഘകാലമായി നീണ്ടു നിൽക്കുന്ന, കടുത്ത മലബന്ധപ്രശ്‌നമുണ്ടോ അത് ഹൈപ്പോതൈറോയിഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയും ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
8)മുടി-ചർമ്മ വ്യതിയാനങ്ങൾ
മുടിയുടെയും ചർമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോർമോൺ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസം ഉള്ളവരിൽ മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്‌നങ്ങൾ കാണാറുണ്ട്. ചർമ്മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പർ തൈറോയിഡിസത്തിൽ കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചർമ്മം നേർത്തു ദുർബലമാകുന്നു.
9)കഴുത്തിന്റെ അസ്വാസ്‌ഥ്യം
കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്‌ഥ്യം, കാഴ്‌ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക, അടഞ്ഞ ശബ്‌ദം എന്നിവയെല്ലാം തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.
10)പേശീസന്ധിവേദനകൾ
പേശികൾക്കും സന്ധികൾക്കും വേദന, ബലക്ഷയം, ഇവ തൈറോയ്‌ഡ് രോഗ സുചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കൂടുന്നതിന്റെയും കുറയുന്നതിന്റെയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടാം.
TSH Interpretations
-------------------------------
According to guidelines issued by the American Association of Clinical Endocrinologists (AACE) and the American Thyroid Association (ATA), a TSH value:
Between 4.7 and 10 mU/L is considered subclinical hypothyroidism.
Over 10 mU/L is overt (symptomatic) hypothyroidism.
Between 1.5 and 2.0 mU/L is suggestive of thyroid dysfunction.
Between 0.1 and 0.5 mU/L is considered subclinical hyperthyroidism.
A normal TSH and normal T4 indicates a normally functioning thyroid gland.
A low TSH and high T4 generally indicates hyperthyroidism.
A high TSH and low T4 indicates primary hypothyroidism (due to a thyroid disease).
A low TSH and low T4 suggest secondary hypothyroidism (due to a disease of the pituitary gland or hypothalamus of the brain).
For diagnostic purposes, a low T3 value accompanied by a high TSH value is considered evidence of hypothyroidism. By contrast, a low TSH value accompanied by a high T3 value is considered evidence of hyperthyroidism.
അയഡിനെ അറിയാം
-----------------------------------
തൈറോയ്‌ഡ് ഗ്രന്ഥിയുടെ സുഗമപ്രവർത്തനത്തിന് അയഡിൻ ആവശ്യമാണ്. വിവിധ ആഹാരപദാർഥങ്ങളിലൂടെ അയഡിൻ ലഭിക്കും.തൈറോയ്‌ഡ് രോഗങ്ങളുള്ളവരും തൈറോയ്‌ഡ് രോഗങ്ങൾ തടയാൻ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തിൽ അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം.നമ്മുടെ ശരീരത്തിൽ തൈറോയ്‌ഡ് ഉപാപചയപ്രവർത്തനത്തെ നിയന്ത്രിക്കുന്ന ധാതുവാണ് ആയഡിൻ. ശരീരത്തിലെ മൂന്നിൽ രണ്ടു ഭാഗം അയഡിനും കാണപ്പെടുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയിലാണ്. അയഡിന്റെ കുറവുണ്ടായാൽ തൈറോയ്‌ഡ് ഗ്രന്ഥിക്ക് ഹോർമോൺ ഉത്‌പാദിപ്പിക്കാനാകില്ല. ദിവസവും 150 മൈക്രോഗ്രാം അയഡിൻ നമുക്ക് ആവശ്യമാണ്. ഗർഭിണികൾക്കും പാലൂട്ടുന്നവർക്കും ദിവസവും 200 മൈക്രോഗ്രാം അയഡിൻ ആവശ്യമാണ്.
അയഡിൻ സമൃദ്ധമായ മണ്ണിൽ വളരുന്ന പച്ചക്കറികൾ, അയഡിൻ അടങ്ങിയ വെള്ളം, അയഡിൻ ഉപ്പ് ഇവയിലൂടെ അയഡിൻ ലഭിക്കുന്നു. സസ്യഭുക്കുകളിലെ അയഡിന്റെ അഭാവം അയഡിൻ ഉപ്പുകൊണ്ടു പരിഹരിക്കാനാകും.ലോകമാകെ നോക്കിയാൽ അയഡിന്റെ ഏറ്റവും നല്ല ഉറവിടം കടൽ വിഭവങ്ങളാണ്. മത്സ്യവും മറ്റു കടൽ ജീവികളും കടലിലെ ഉപ്പുവെള്ളത്തിൽ വളരുകയും അവയുടെ ചർമ്മം ഉപ്പു വലിച്ചെടുത്ത് മാംസത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണിതിനു കാരണം. മത്സ്യങ്ങൾ സ്വാഭാവികമായി അയഡിൻ സമൃദ്ധമാണ്. അയഡിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒരു വഴിയുണ്ട്. ആഴ്‌ചയിൽ മൂന്നു ദിവസം കടൽ മത്സ്യം ആഹാരത്തിലുൾപ്പെടുത്തുക. കടൽമത്സ്യങ്ങൾ ആയ കൊഞ്ച്, ചെമ്മീൻ, ഓയസ്‌റ്റർ, ഞണ്ട് എന്നിവയെ കൂടാതെ കാരറ്റ്, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, സ്‌ട്രോബെറി, യോഗർട്ട്, അരി, പശുവിൻപാൽ ഇവയിലും അയഡിൻ ഉണ്ട്.
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഘടകമാണ് സിങ്ക്. ഗോതമ്പ്, ബാർലി, കടല, ആട്ടിറച്ചി, ഞണ്ട് ഇവയിൽ സിങ്കുണ്ട്.ലോകമാകെ 740 മില്യൻ ആളുകൾ ഓരോ വർഷവും അയഡിൻ അപര്യാപ്‌തത കൊണ്ടു ബുദ്ധിമുട്ടനുഭിവക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.അയഡിൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ പ്രത്യേകിച്ച് മത്സ്യവും കടൽ വിഭവങ്ങളും കഴിക്കാത്തവർ ആയഡിൻ ഉപ്പ് നിർബന്ധമായും ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇന്ന് ലഭിക്കുന്ന പായ്‌ക്കറ്റ് ഉപ്പുകളെല്ലാം അയഡിൻ ചേർത്തവയാണ്.
ഒരു ആയുർവേദ വീക്ഷണം
------------------------------------------
ത്രിദോഷവും രക്തവും കോപിച്ച് മേദസ്സിൽ നിന്ന് കൊണ്ട് കഴുത്ത്, നെറ്റി, കണ്ണുകൾ, കക്ഷം, വക്ഷണങ്ങൾ ഇവയെ പ്രാപിച്ച് നെല്ലിക്ക വലിപ്പത്തിൽ മുഴകൾ ഉണ്ടാക്കുന്നു. ഗണ്ഡമാല രോഗം, ഗളഗണ്ഡം എന്നിവയിൽ വരുന്ന രോഗലക്ഷണങ്ങൾ ഏറെക്കുറെ തൈറോയ്ഡ് ഗ്രന്ഥിക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളുമായി സാമ്യമുണ്ട് എന്ന നിലയിലാണ് തൈറോയ്ഡ് രോഗ ചികിത്സയ്ക്ക് ആയുർവേദ ഔഷധങ്ങൾ ചികിത്സയിൽ ഉപയോഗിക്കുന്നത്. വാതാധികമായും, കഫാധികമായും, മേദ:പ്രധാനമായും മൂന്നു വിധത്തിൽ ഗളഗണ്ഡം ഉണ്ടാകും. മേദ:പ്രധാനമായ ഗളഗണ്ഡം പ്രധാനമായും ദുർമേദസ് ഉള്ളവരിലാണ് കാണപ്പെടുന്നത്.
തൈറോയ്ഡ് രോഗ ചികിത്സയിൽ പ്രധാനമായും ദീപനവും, പാചനവും, അനുലോനവും , ശോഫഹരവും ആയ ചികിത്സകളാണ് പ്രധാനമായും ചെയ്യേണ്ടത്.ഹൈപ്പർതൈറോയ്ഡിസത്തിൽ അതിൽ വാതപിത്ത ദോഷം ശമനങ്ങൾ ആയ ഔഷധങ്ങളാണ് നൽകേണ്ടത്. ഹൈപ്പോതൈറോയ്ഡിസത്തിൽ കഫംമേദോ വൃദ്ധി കുറയ്ക്കുന്ന ചികിത്സകളാണ് ചെയ്യേണ്ടത്. തൈറോയിഡൈറ്റിസ് എന്ന അവസ്ഥയിൽ ശോഫഹരം ആയ ചികിത്സകൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. തൈറോയ്ഡ് ഗ്രന്ഥിക്ക് അസുഖമുള്ളവർ കൃത്രിമ രുചിക്കൂട്ടുകളും ചേർത്ത ഭക്ഷ്യ വസ്‌തുക്കൾ പൂർണമായും ഒഴിവാക്കാൻ ആയുർവേദം നിർദേശിക്കുന്നു. ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കുക കൂടുതലായി യവം, ചെറുപയർ പടവലം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. എരിവും പുളിയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക, അയഡിൻ ചേർത്ത ഉപ്പ്, ഇന്തുപ്പ് എന്നിവയും ഭക്ഷണത്തിലുൾപ്പെടുത്തണം.
അയഡിൻ ധാരാളമടങ്ങിയ ഭക്ഷണം അഭികാമ്യമാണ്. കടൽമൽസ്യങ്ങൾ, പശുവിൻ പാൽ, മുട്ട തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്താം. മറ്റു ശാരീരിക പ്രശ്നങ്ങളില്ലെങ്കിൽ യോഗ ശീലമാക്കാം. ഹോർമോൺ പ്രവർത്തനങ്ങളെക്കൂടി ബാധിക്കുമെന്നതിനാൽ മാനസിക സംഘർഷങ്ങളെ പടിക്കു പുറത്താക്കാം. ഇതിനും യോഗയും ധ്യാനവുമൊക്കെ സഹായിക്കും. ആയുർവേദൗഷധങ്ങൾ ആയ ചിരുവില്വാദി കഷായം, ഗന്ധർവഹസ്താദി കഷായം, ദ്രാക്ഷാദി കഷായം, ഇന്ദുകാന്തം കഷായം കഷായം,മഹാതിക്തകം കഷായം, ശാരിബാദ്യാസവം, അമൃതോത്തരം കഷായം, കൈശോരഗുഗുലു, പ്രവാള ഭസ്മം, കാഞ്ചനാരഗുഗ്ഗുലു, ത്രിഫല ചൂർണം, ദൂഷീവിഷാരി ഗുളിക, വില്വാദി ഗുളിക, സപ്തച്ഛതാദി ഗണ്ഡൂഷം, തിക്തകം കഷായം, വൈശ്വാനര ചൂർണ്ണം, അഷ്ടചൂർണം, ഹിംഗുവചാദി ചൂർണം, ഖദിരാദി ഗുളിക, അരിമേദാദി തൈലം, ഷഡ്ധരണം കഷായം, ഷഡ്ധരണം ചൂർണ്ണം, സാരസ്വതാരിഷ്ടം, ഗുഗ്ഗുലു ആസവം, ദേവദാർവ്യാരിഷ്ടം, അഭയാരിഷ്ടം , പിപ്പല്യാരിഷ്ടം, പുനർന്നവാസവം, ഹംസപതഥ്യാദി കഷായം, ഗുളൂച്യാദി കഷായം, നിർഗുണ്ഡ്യാദി തൈലം, ദേവദാരാർവ്യാദി തൈലം, ദുർദുര പത്രാദി വെളിച്ചെണ്ണ, വരണാദി കഷായം, വരാദി കഷായം, കാഞ്ചനാര ഗുഗ്ഗുലു, ബൃഹത്കഡ്ഫലാദി കഷായം, കൗഡജ ത്രിഫല, രസോനാദി കഷായം എന്നി ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ് കൂടാതെ അവസ്ഥാനുസരണം തൈറോയ്ഡ് ഗ്രന്ഥിക്ക് മുകളിൽ ചെയ്യുന്ന ലേപനങ്ങളും (നിചുളാദി ചൂർണ്ണം, ജഡാമയാദി ചൂർണ്ണം, കറുത്ത വട്ട്, മർമ്മാണി ഗുളിക, ഗുളൂചീപത്രാദി ചൂർണ്ണം) കൂടുതൽ ഫലപ്രദമാണ്.
അതുകൂടാതെ ആയുർവേദ പഞ്ചകർമ്മ ചികിത്സകൾ ആയ ആയ വമനം, വിരേചനം, നസ്യം മുതലായവയും നല്ല ഫലപ്രദമാണ്. കൂടാതെ ശിരസ്സിൽ തളം വെക്കുക ( ക്ഷീരബല തൈലം , നിംബാമൃതാദി എരണ്ഡം മുതലായവ കച്ചൂരാദി ചൂർണം രാസ്നാദി ചൂർണം എന്നിവയിൽ താളം വെക്കുന്നത് നല്ലതാണ്) ശിരോവസ്തി, ശിരോ അഭ്യംഗം, ശിരോ പിചു, സ്വദന വിമ്ലാപനങ്ങൾ മുതലായ ചികിത്സ രീതികളും വളരെയധികം ഫലപ്രദമാണ്.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW