Random Post

വിചിത്രമായ പ്രലോഭനങ്ങൾ

വിചിത്രമായ പ്രലോഭനങ്ങൾ 🎭
------------------------------------------------

കുറച്ച് നാളുകൾക്ക് മുമ്പ് നടത്തിയ ബസ് യാത്രയ്ക്കിടയിൽ യാദൃശ്ചികമായി ഒരു വ്യക്തിയെ പരിചയപ്പെട്ടു. പരസ്പരം  സംസാരിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ കയ്യിലെ പ്ലാസ്റ്റർ എന്റെ ശ്രദ്ധയിൽപ്പെട്ടു അപ്പോൾ ഞാൻ അദ്ദേഹത്തോട് "കൈ എങ്ങനെയാണ് ഒടിഞ്ഞത്" എന്ന് ചോദിച്ചു "കൈ ഒടിഞ്ഞതല്ല ഞാൻ ഒടിച്ചതാണ്" എന്ന് അദ്ദേഹം വളരെ ശാന്തമായി മറുപടി പറഞ്ഞു. ആ ഉത്തരം കേട്ടപ്പോൾ എനിക്ക് ചില വശപിശക് തോന്നി അതുകൊണ്ട് അദ്ദേഹത്തിന്റെ അടുത്തുനിന്നും കുറച്ചൊന്നു മാറിയിരുന്നു.

എന്നാൽ എന്തിനാണ് അദ്ദേഹം സ്വന്തം കയ്യൊടിച്ചത് എന്ന് അറിയാൻ ഒരു ആകാംക്ഷ എനിക്കുണ്ടായി അതുകൊണ്ട് പിന്നീട് ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു "എന്തിനാണ് കൈ ഓടിച്ചത് ?". ആ ചോദ്യം കേട്ടപ്പോൾ പുള്ളി കുറച്ചുനേരം നിശബ്ദനായി ഇരുന്നു. പിന്നീട് നിർവികാരനായി എന്റെ മുഖത്തുനോക്കി ഉത്തരം പറഞ്ഞു "ഈ കൈ ഞാൻ ഒരു പട്ടികകൊണ്ട് അടിച്ചു ഒടിച്ചപ്പോൾ എനിക്ക് വളരെയധികം വേദന ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോൾ വളരെയധികം സമാധാനം അനുഭവിക്കുന്നു. ഒരുപാട് നാളായി ഉള്ള എന്റെ അസ്വസ്ഥതകൾ ഈ കൈയൊടിഞ്ഞപ്പോൾ മാറി" ഞാൻ രണ്ടു നിമിഷം അദ്ദേഹത്തെ ശാന്തമായി നോക്കി.

ആ മുഖത്ത് അപ്പോൾ ഒരു ശാന്തത ഉണ്ടായിരുന്നു അയാൾക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ സമാധാനം കണ്ടെത്താൻ സ്വയം കൈ പട്ടികകൊണ്ട് അടിച്ച് ഒടിച്ച ഒരു വ്യക്തിയുടെ വിചിത്രമായ ശാന്തത. അതിനുശേഷം പുള്ളി ജനലിലൂടെ പുറത്തേക്ക് നോക്കി  കാഴ്ചകളൊക്കെ കണ്ട് ആ ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്നു. ആളോട് പിന്നീടൊന്നും സംസാരിക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സ്റ്റോപ്പ് എത്തി ഇറങ്ങുന്നതിനു മുമ്പ് പുള്ളി എന്റെ മുഖത്തോട്ട് ശാന്തമായി നോക്കി പറഞ്ഞു "പേടിക്കണ്ട എനിക്ക് വട്ട് ഒന്നുമില്ല, പിന്നീട് എപ്പോഴെങ്കിലും കാണാം" എന്നും പറഞ്ഞ് അയാൾ ആ സ്റ്റോപ്പിൽ ഇറങ്ങി.

അദ്ദേഹം അത് പറഞ്ഞപ്പോൾ ഞാൻ തിരിച്ച് ഒരു ചെറുപുഞ്ചിരി പുള്ളിക്ക് സമ്മാനിച്ചു. എന്തായാലും എന്തുകൊണ്ടാണ് അയാൾ സമാധാനം കിട്ടാൻ സ്വന്തം കൈ പട്ടികകൊണ്ട് അടിച്ചൊടിച്ചത് എന്ന് ഓർക്കുമ്പോൾ എനിക്കതിന് ഇപ്പോഴും ഉത്തരം കിട്ടിയട്ടില്ല. ചിലപ്പോൾ അതിനു കാരണം അയാളുടെ വിചിത്രമായ പ്രലോഭനങ്ങൾ ആകാം അയാൾക്ക് മാത്രം ഈ ഭൂമിയിൽ ന്യായീകരിക്കാൻ കഴിയുന്ന അയാളുടെ വിചിത്രമായ പ്രലോഭനങ്ങൾ.

അത് അദ്ദേഹത്തോട് ചോദിക്കാനും ഞാൻ മറന്നു, യാത്രയ്ക്കിടയിൽ വെറുതെ ഇരുന്ന ചിന്തിച്ചപ്പോൾ എനിക്ക് തോന്നി അയാൾ സ്നേഹിക്കുന്ന ആരുടെയെങ്കിലും ശ്രദ്ധയും, സ്നേഹവും, പരിഗണനയും കിട്ടാൻ അയാൾ സ്വയം തീരുമാനിച്ചുറപ്പിച്ച് ചെയ്ത ഒരു പ്രവർത്തി ആകാം അത് അല്ലങ്കിൽ അയാളെ ചിന്താകുഴപ്പത്തിൽ ആകുന്നതും അയാൾക്ക് അപരിഹര്യവുമായ ഏതോ ഒരു മനോവിഷമത്തിൽ നിന്ന് അയാളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ചെയ്തതാകാം. അയാൾ അയാളുടെ ശരീരത്തോട് ചെയ്ത അധിക്രമം അയാൾക്ക് സമാധാനം കൊടുത്തെങ്കിൽ പിന്നെ അയാളുടെ പ്രവർത്തിയെ കുറിച്ച് പോസ്റ്റ്മോർട്ടം നടത്തി ചിന്തിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് ഞാൻ മെല്ലെ അയാളെ കുറിച്ചുള്ള ചിന്തകളെല്ലാം ഉപേക്ഷിച്ച് പതിയെ ഒരു സുഖ നിദ്രയിലേക്ക് വഴുതി വീണു.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments