Random Post

ആത്മഹത്യ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നവർ

ആത്മഹത്യ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നവർ
-----------------------------------------------------------------------

ഈ വാർത്ത വായിച്ചപ്പോൾ വളരെയധികം സങ്കടം തോന്നി. കഴിഞ്ഞ അഞ്ചുവർഷമായി സീതാറാമിൽ വർക്ക് ചെയ്യുന്നതിന് ഇടയ്ക്ക് ഭഗവതി അമ്മാൾ ഡോക്ടറിന്റെ അടുത്ത്  ഇൻഫെർട്ടിലിറ്റിക്ക് ചികിത്സയ്ക്ക് വരുന്ന വളരെയധികം ദമ്പതികളെ കാണുവാനും അവരുമായി സംസാരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ഈ ദമ്പതികളുമായി സംസാരിക്കുമ്പോൾ അവർ പങ്കുവയ്ക്കാനുള്ള അവരുടെ പ്രധാന രണ്ട് വിഷമങ്ങൾ ഞാൻ താഴെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

1: ഒന്നാമതായി ഏതെങ്കിലും ദമ്പതികൾക്ക് കുട്ടികളില്ലങ്കിൽ അതിൽ ഏറ്റവുമധികം വിരഹത്തിൽ ആഴുന്നത് ഒന്നെങ്കിൽ  ഭർത്താവിന്റെ അമ്മ അല്ലെങ്കിൽ ഭാര്യയുടെ അമ്മയും ആണ്. ഈ രണ്ട് അമ്മമാരും ചേർന്ന് ആ സ്ത്രീയെ ഗർഭംധരിക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും അല്ലെങ്കിൽ ഗർഭംധരിക്കാൻ മാനസിക സമ്മർദ്ദം പരമാവധി കൊടുക്കും. കൂടുതൽ മാനസിക സമ്മർദ്ദം കൊടുത്താൽ ഒരു സ്ത്രീ പെട്ടെന്ന് ഗർഭം ധരിക്കും എന്നുള്ള തെറ്റിദ്ധാരണയാണ് അവർക്കുള്ളത്. ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്തതിന്റെ പേരിൽ ഒരുപാട് ദമ്പതികൾ പല കുടുംബങ്ങളിലും വളരെയധികം മാനസിക പിരിമുറുക്കം അനുഭവിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.

2: രണ്ടാമതായി ഏതെങ്കിലും ദമ്പതികൾക്ക് കുട്ടികളില്ലങ്കിൽ അതിന്റെ പേരിൽ ഏറ്റവും അധികം ആകുലപ്പെടുന്നത് ആ നാട്ടിലെ യാതൊരു പണിയും ഇല്ലാത്ത ചില അലവലാതി നാട്ടുകാർക്കും പിന്നെ പരോപകാര പ്രിയരും സർവോപരി സാഡിസ്റ്റുകളും ആയ അടുത്ത ചില ബന്ധുക്കൾക്കും ആണ്. ഈ പാവം ദമ്പതികളെ കണ്ടാൽ അവർ ആദ്യം ചോദിക്കുന്നത് കുട്ടികൾ ആയില്ലേ, വിശേഷം ഒന്നുമില്ലേ, എന്താ ഒന്നും ആവാതെ, എന്തെങ്കിലും പ്രശ്നമുണ്ടോ, ഭാര്യക്ക് ആണോ അതോ നിങ്ങൾക്ക് ആണോ പ്രശ്നം, ഐവിഎഫ് ചെയ്യണം. ഈ ജാതി വെറുപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു ആ ദമ്പതികളെ മാനസികമായി തളർത്തുന്നതിൽ ഉല്ലാസം കണ്ടെത്തുന്ന ഒരു പ്രത്യേക വർഗ്ഗം നമുക്ക് ചുറ്റുമുണ്ട്. കുട്ടികളില്ലാത്ത ദമ്പതികളെ നമ്മുടെ നാട്ടിലുള്ള പരോപകാര പ്രിയരായ ചില അലവലാതി നാട്ടുകാരും ചില സഹതാപ പ്രിയരായ ബന്ധുമിത്രാദികളും ചേർന്ന് സഹതപിച്ചും, ചോദ്യങ്ങൾ ചോദിച്ചും പുരുഷന്റെ ശുക്ലത്തിന് അളവ് കൂട്ടുകയും സ്ത്രീയുടെ അണ്ഡത്തിന്റെ എണ്ണം കൂട്ടുകയും ചെയ്തു ആ സ്ത്രീയെ ഗർഭിണിയാകാൻ സഹായിക്കും ഇതാണ് പരമ്പരാഗതമായി ഇവിടെ നടന്നു വരുന്ന ഗർഭധാരണ രീതി. അന്യന്റെ ഭാര്യ ഗർഭം ധരിക്കാത്തതിൽ ആ ദമ്പതികളെക്കാൾ ഉപരി ഏറ്റവുമധികം വിഷമം നാട്ടുകാർക്കും, വീട്ടുകാർക്കും, ബന്ധുക്കൾക്കും ആണ് അതാണ് ഇത്തരത്തിൽ ആത്മഹത്യകൾ ഇന്ന് സമൂഹത്തിൽ ഉണ്ടാകുവാൻ കാരണം.

Dr.Pouse Poulose MS(Ay)

Post a Comment

0 Comments