Random Post

ഒരു കൈപ്പുണ്യമുള്ള വൈദ്യരുടെ കഥ

ഒരു കൈപ്പുണ്യമുള്ള വൈദ്യരുടെ കഥ
---------------------------------------------------------

ഈ കഥ നടക്കുന്നത് ഏകദേശം അരനൂറ്റാണ്ട് മുമ്പ് ഉത്തര മലബാറിലെ ഒരു ഗ്രാമത്തിലാണ്. അവിടെയുള്ള ആൾക്കാർ പ്രധാനമായി ആ കാലഘട്ടത്തിൽ ചികിത്സയ്ക്ക് സമീപിച്ചിരുന്നത് നാട്ടിലുള്ള ഗോവിന്ദൻ വൈദ്യരുടെ അടുത്താണ്. വൈദ്യത്തിൽ അദ്ദേഹത്തിന്റെ കൈപുണ്യത്തെ കുറിച്ചുള്ള കഥകൾ അടുത്തുള്ള ഗ്രാമങ്ങളിൽ പോലും പ്രശസ്തമാണ്.  ഗോവിന്ദൻ വൈദ്യർക്ക് രോഗികളെ ചികിത്സിക്കുക എന്നത് പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ഒരു 'നിഷ്കാമകർമ്മം' ആയിരുന്നു അതായിരുന്നു അദ്ദേഹത്തെ ആ നാടുമുഴുവൻ സ്നേഹിക്കുവാൻ കാരണം.

അന്ന് രാവിലെ പറമ്പിലെ പണിയെല്ലാം കഴിഞ്ഞു വൈദ്യർ ചികിത്സയ്ക്കായി തന്റെ ഓല മേഞ്ഞ മുറിയിലേക്ക് വന്നു. തന്നെ കാണാൻ നിൽക്കുന്ന ഒരു നീണ്ട വരി രോഗികളെ കണ്ട് അദ്ദേഹം ദീർഘനിശ്വാസം വിട്ട് മുറിയിലേക്ക് കയറി. ആ കാലഘട്ടത്തിൽ രോഗികൾ ചികിത്സിച്ച് രോഗം മാറിയാൽ പ്രതിഫലമായി കൊടുക്കുന്നത് വീട്ടിലുള്ള ചക്കയും, മാങ്ങയും, തേങ്ങയും നെല്ലും ആയിരുന്നു. അതെല്ലാം ചുമലിൽ ഏന്തിയാണ് പല രോഗികളും അവിടെ വന്നിരുന്നത്.അതു പോലും കൊടുക്കാൻ സാധിക്കാതെ പാവപ്പെട്ട രോഗികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ആ പാവങ്ങളിൽ പാവങ്ങളായ രോഗികൾക്കും ഉച്ചനീചത്വങ്ങൾ ഇല്ലാതെ ഒരേ പരിഗണനയാണ് വൈദ്യർ ചികിത്സയിൽ നൽകിയിരുന്നത്. അദ്ദേഹം ഉച്ചയോടുകൂടി രോഗികളെ എല്ലാം നോക്കി തീർത്ത് പുറത്തുവന്നപ്പോൾ ഒരു സാധുവായ അമ്മ അതിന്റെ കുട്ടിയെ 'പിള്ള വാതം' വന്ന് ഒരു കാലിന്റെ ശേഷി നഷ്ടപ്പെട്ട് ആ കാല് ശോഷിച്ച് കൊണ്ടിരിക്കുന്ന കുട്ടിയുമായി അവിടെ വന്ന് നിൽക്കുന്നു.

വൈദ്യർ സഹതാപത്തോട് കൂടി ആ കുട്ടിയെ നോക്കി അവന്റെ കണ്ണിലെ തിളക്കം വൈദ്യരെ വല്ലാതെ സ്പർശിച്ചു. അതിനുശേഷം വൈദ്യർ പറഞ്ഞു "അതേ പെങ്ങളെ ഈ രോഗം ചികിത്സിക്കാൻ ബുദ്ധിമുട്ടാണ് പിന്നെ ശാസ്ത്രപ്രകാരം രോഗം കിടക്കുന്നത് അസാധ്യത ഗണത്തിലുമാണേ. അതുകൊണ്ട് ഞാൻ ഒന്ന് പരിശ്രമിച്ചു നോക്കാം ഉറപ്പു പറയാൻ പറ്റില്ലട്ടോ കുറച്ചു മരുന്നു കഴിക്കേണ്ടി വരും. റുപ്പിയ ലേശം ചെലവാകും അതൊക്കെ നിങ്ങടെ കയ്യിൽ എടുക്കാൻ ഉണ്ടാകോ "

വൈദ്യർ ഇത് പറഞ്ഞപ്പോൾ ആ സ്ത്രീയുടെ കണ്ണിൽനിന്ന് ചുടു കണ്ണുനീർ ധാരയായി ഒഴുകി അതിൽനിന്ന് കുറച്ചു തുള്ളികൾ അദ്ദേഹത്തിന്റെ കാൽക്കലും വീണു. അതിനുശേഷം ആ സ്ത്രീ പറഞ്ഞു "ഉള്ളതുകൊണ്ട് കഞ്ഞികുടിക്കാൻ തന്നെ എനിക്ക് കഴിയണില്ല പിന്നെ ഞാൻ എങ്ങനെയാ ഇവനെ ചികിത്സിക്ക. വലിയ പൈസ ചെലവില്ലാത്ത എന്തെങ്കിലും ഔഷധങ്ങൾ ഉണ്ടെങ്കിൽ വൈദ്യൻ എനിക്ക് പറഞ്ഞ് തരണം അല്ലെങ്കിൽ എന്റെ മകൻറെ കാര്യം കഷ്ടത്തിലാകും. ഇവന്റെ ഈ അവസ്ഥ കണ്ടു കൊണ്ടിരിക്കാൻ വയ്യ ഏമാനേ കരുണ തോന്നണേ"

ആ അമ്മയുടെ വാക്കുകൾ വൈദ്യരേ വല്ലാതെ പിടിച്ചുലച്ചു അതിനു ശേഷം കുറച്ചു നിമിഷം അദ്ദേഹം തന്റെ ചാരുകസേരയിൽ നിശബ്ദനായിരുന്നു ആലോചിച്ചു എന്നിട്ട് പറഞ്ഞു "നിങ്ങടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകുന്നുണ്ട് അതുകൊണ്ട് ചെറിയൊരു പ്രയോഗം ഞാനങ്ങ് പറഞ്ഞുതരാം പൈസ അധികമൊന്നും ചെലവാകില്ല എന്നാൽ ഫലം നിങ്ങടെ ഭാഗ്യം പോലെ ഇരിക്കും. അതുകൊണ്ട് ശ്രദ്ധിച്ചു കേട്ടോളൂ പുറ്റ് മണ്ണ്,ഞണ്ട് മണ്ണ് , മണ്ണിര മണ്ണ് ഈ മൂന്നു മണ്ണും എടുത്തു അതിൽ കുറുന്തോട്ടി അരച്ച് ചേർത്തത് പാൽ കഷായം വെച്ച് കുറുക്കി കുട്ടിയുടെ ശോഷിച്ച കാലിൽ രാവിലെ ലേപനം ചെയ്തു വൈകീട്ട് കഴുകിക്കളയുക അങ്ങനെ  ഒരു ആറുമാസം അടിപിച്ച് മുടങ്ങാതെ അങ്ങ് ചെയ്യാ. അവനോട് നടക്കാൻ ശ്രമിക്കാൻ പറയണം പിന്നെ ഇടയ്ക്ക് കാല് കുറുന്തോട്ടി ഇട്ടു കാച്ചിയ തൈലമിട്ട് നന്നായി ഉഴിഞ്ഞും കൊടുക്ക ബാക്കി നിങ്ങടെ ഭാഗ്യം പോലെ ഇരിക്കും. പിന്നെ സർവ്വ രോഗത്തിന് ഔഷധം കയ്യിലേന്തിയ ധന്വന്തരി ഭഗവാനോട് നന്നായി ഉള്ളുരുകി പ്രാർത്ഥിക്കുക. എന്നാ പിന്നെ വൈകിക്കണ്ട വീട്ടിലോട്ട് സമാധാനമായി  പൊക്കോളൂ ആറുമാസം കഴിഞ്ഞ് കാണാം"

കാലചക്രം തിരിഞ്ഞു കൊണ്ടേയിരുന്നു ആ അമ്മ കൃത്യമായി വൈദ്യർ പറഞ്ഞ പ്രയോഗം കുട്ടിക്ക് ചെയ്തു കുട്ടിയെ നടക്കാൻ പ്രോത്സാഹിപ്പിച്ച് കൊണ്ടേയിരുന്നു. മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും കാലിലെ ശോഷം കുറഞ്ഞ് അവൻ മെല്ലെ നടക്കാൻ തുടങ്ങി. ആറുമാസത്തിനുശേഷം ആ അമ്മയും കുട്ടിയും വൈദ്യരെ കാണാൻ വന്നു. വൈദ്യൻ ദൂരെനിന്നുതന്നെ അവരെ തിരിച്ചറിഞ്ഞു, വൈദ്യർക്ക് പ്രതിഫലം കൊടുക്കാൻ തലയിൽ ഒരു ചക്കയും ചുമന്ന് കൊണ്ടാണ് അവൾ വരുന്നത്. അന്ന് ആ സ്ത്രീയുടെ മുഖം വളരെയധികം പ്രസന്നമായിരുന്നു അവൾ ആറുമാസം മുമ്പ് വൈദ്യരെ കാണാൻ എടുത്തുകൊണ്ടുവന്ന കുട്ടി ഇന്ന് അവൾക്ക് മുന്നേ വൈദ്യന്റെ അടുത്തേക്ക് ഓടി വരുന്നതും കണ്ട് ആ വൈദ്യൻ അറിയാതെ തന്റെ മനസ്സിൽ ധന്വന്തരിയെ സ്തുതിച്ചു "ഓം ശ്രീ ധന്വന്തരി നമ"

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments