സെക്കൻഡ് ഹാൻഡ് ബുക്സ്

തൃശ്ശൂരിൽ സെക്കൻഡ് ഹാൻഡ് ബുക്സ് വിൽക്കുന്ന ഒരുപാട് കടകൾ ഉണ്ട്. ഇപ്പോ കുറവാണ് എന്നാൽ ഒരു അഞ്ചുവർഷം മുമ്പുവരെ ധാരാളമുണ്ടായിരുന്നു. ഞായറാഴ്ച ആകും അവർക്ക് കൂടുതൽ കച്ചവടം ഉണ്ടാകുന്നത്. ഞാൻ ഒരുപാട് പുസ്തകങ്ങൾ ഇവരുടെ കയ്യിൽ നിന്നും വാങ്ങിച്ചിട്ടുണ്ട് പിന്നെ വായിച്ച് തീർന്ന പുസ്തകങ്ങൾ ഇവർക്ക് കൊണ്ടുപോയി വിലക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും ഈ പുസ്തകങ്ങളെല്ലാം ഒരു ടാർപായ കൊണ്ട് മൂടി കെട്ടിയിട്ടാണ് ഇവർ സ്വന്തം ഭവനങ്ങളിലേക്ക് സ്വസ്ഥമായി ഉറങ്ങാൻ പോകാറ്. ഇവർ എങ്ങനെയാണ് യാതൊരു സുരക്ഷയും ഇല്ലാതെ ഒരു ടാർപ്പായ കൊണ്ട് മൂടി കെട്ടിയ ആയിരക്കണക്കിന് പുസ്തകങ്ങൾ തെരുവിൽ തന്നെ സൂക്ഷിച്ചിട്ട് സ്വസ്ഥമായി ഉറങ്ങാൻ പോകുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരിക്കൽ ഞാൻ ഈ സംശയം ഞാൻ സ്ഥിരമായി സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ മേടിക്കാനുള്ള ചേട്ടനോട് ചോദിച്ചു, അപ്പോൾ പുള്ളി ഇങ്ങനെയാണ് ഉത്തരം പറഞ്ഞത്  "ഞാൻ ഏകദേശം ഇരുപത് വർഷമായി കച്ചവടം ചെയ്യുന്നു ഇതേവരെ ഒരു പുസ്തകവും ആരും മോഷ്ടിച്ചിട്ടില്ല മോനേ, പിന്നെ ചിലപ്പോൾ ചില തെരുവുനായ്ക്കൾ ടാർപ്പായ എല്ലാം കടിച്ചു കീറി പുസ്തകങ്ങൾ നശിപ്പിക്കും. പിന്നെ പുസ്തകത്തിന്റെ വില അറിയാത്ത വേറെ ചില മനുഷ്യരിൽ ചിലപ്പോൾ ടാർപ്പായയുടെ മുകളിൽ രാത്രി വന്ന് മൂത്രമൊഴിക്കും. പിന്നെ കള്ളന്മാർക്ക് പുസ്തകങ്ങളുടെ ആവശ്യമില്ല പിന്നെ പുസ്തകത്തിന്റെ വില അറിയുന്നവൻ കള്ളനും ആകില്ല". ഇതും പറഞ്ഞ് ആ വല്യപ്പൻ കയ്യിൽ വായിച്ചു നിർത്തിയ പുസ്തകവും പിടിച്ചു ഒരു കസേരയിൽ ഇരുന്ന് സ്വസ്ഥമായി തന്റെ വായന തുടർന്നു....

Dr.Pouse Poulose MS (Ay)

Comments