Random Post

ഒരു ചുംബനത്തിന്റെ കഥ

ഒരു ചുംബനത്തിന്റെ കഥ 👩‍👧
---------------------------------------------

ഈ കഥ എന്നോട് പറഞ്ഞത് എന്റെ സുഹൃത്തായ ഒരു സൈക്കോളജിസ്റ്റ് ആണ്. ഈ കഥ കേട്ടപ്പോൾ എന്റെ മനസ്സിനെ അത് വളരെയധികം സ്പർശിച്ചു അതിനാലാണ് ഈ കഥ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ കഥയിലെ കഥാപാത്രം 13 വയസ്സായ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു 👧 പെൺകുട്ടിയാണ്. കൗമാരപ്രായം  കഴിയാത്ത ഈ പെൺകുട്ടിയെ കൊണ്ട് അവളുടെ മാതാപിതാക്കൾ എന്തുകൊണ്ടാണ് സൈക്കോളജിസ്റ്റിനെ കാണാൻ വന്നത് എന്ന് ചോദിച്ചാൽ അവളെന്നും അമ്മയുമായി വഴക്കാണ് ഈ കുട്ടിക്ക് അമ്മയെ കാണുന്നത് തന്നെ വെറുപ്പാണ്.

അതിനു കാരണം എന്താണെന്ന് അമ്മയ്ക്ക് മനസ്സിലാക്കണം അമ്മ പലരീതിയിലും സ്വന്തം മകളുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു അതെല്ലാം പരാജയപ്പെട്ടപ്പോഴാണ് ഒരു സൈക്കോളജിസ്റ്റിനെ കണ്ട് കൗൺസിലിംഗ് നടത്താൻ തീരുമാനിച്ചത്.  അദ്ദേഹം ഈ കുട്ടിയോട് സ്കൂളിലെ കാര്യങ്ങളും ആ കുട്ടിയുടെ കൂട്ടുകാരുടെ വിശേഷങ്ങളും എല്ലാം ചോദിച്ചു മനസ്സിലാക്കി. അതെക്കുറിച്ചെല്ലാം ചോദിച്ചപ്പോഴും വലിയ പ്രശ്നങ്ങളൊന്നും ആ കുട്ടിയുടെ മുഖഭാവത്തിലും സംസാരത്തിലും കണ്ടെത്താൻ സാധിച്ചില്ല. അതിനുശേഷം നമ്മുടെ കൗൺസിലർ ഈ പെൺകുട്ടിയുടെ വീട്ടിലെ വിശേഷങ്ങൾ ചോദിച്ചു, അത് ചോദിച്ചതും അവളുടെ മുഖം ആകെ മാറി പ്രസന്നമായ മുഖത്ത് കാർമേഘം അടിഞ്ഞുകൂടി അവിടെ വിദ്വേഷവും വെറുപ്പും പ്രതിഫലിച്ചു.

എന്താണ് അമ്മയുമായുള്ള പ്രശ്നം എന്ന് ചോദിച്ചപ്പോൾ ആ കുട്ടി  ഒരു അഞ്ചുമിനിറ്റ് മിണ്ടാതിരുന്നു അതിനുശേഷം അവൾ വളരെയധികം സങ്കടത്തോടും ദേഷ്യത്തോടും കൂടി ഉറക്കെ പറഞ്ഞു "ഈ അമ്മ ഞാൻ ആദ്യമൊക്കെ സ്കൂളിൽ പോകുമ്പോൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നിട്ടാണ് സ്കൂളിലേക്ക് പറഞ്ഞ് വിട്ടിരുന്നത് എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഞാൻ സ്കൂളിലേക്ക് പോകുന്നതിന് മുമ്പ് എന്റെ അമ്മ എന്റെ നെറ്റിയിൽ ഒരു ഉമ്മ തരുന്നില്ല. എന്റെ കൂട്ടുകാരികൾക്ക് എല്ലാം അവരുടെ അമ്മ നെറ്റിയിൽ ഒരു ചുംബനം കൊടുത്തിട്ടാണ് സ്കൂളിലേക്ക് പറഞ്ഞുവിടുന്നത് എനിക്ക് മാത്രം എന്തുകൊണ്ടാണ് എന്റെ അമ്മ സ്കൂളിൽ പോകുന്നതിനു മുമ്പ് നെറ്റിയിൽ ഒരു ഉമ്മ തരാത്തത് അതാണ് എനിക്ക് എന്റെ അമ്മയോട് ഇത്ര ദേഷ്യവും വെറുപ്പും" ഇതു പറഞ്ഞതും ആ കുട്ടി പൊട്ടിക്കരയാൻ തുടങ്ങി.

ഇത് കേട്ടതും ആ അമ്മ ഒരു നിമിഷം സ്തബ്ധയായിരുന്നു, അതിനുശേഷം ആ മകളെ കെട്ടിപ്പിടിച്ച് തുരുതുരാ ചുംബിച്ച് അമ്മയും മകളും പൊട്ടിക്കരയാൻ തുടങ്ങി. അതിനുശേഷം ആ അമ്മ ഗദ്ഗദത്തോട് കൂടി  പറഞ്ഞു " സ്കൂളിലേക്ക് പോകുന്നതിനുമുമ്പ് എന്റെ മകൾ അവളുടെ നെറുകയിൽ എന്റെ ഒരു ചുംബനം എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞില്ല എന്റെ മകളെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല, എന്റെ മോളു വലുതായി ഇനി അവളുടെ നെറുകയിൽ ചുംബനം ഒന്നും നൽകേണ്ട എന്ന് ഞാൻ വിചാരിച്ചു അത് ഒരു തെറ്റായി പോയി" എന്ന്പറഞ്ഞ് അമ്മയും മകളും 👩‍👧 പരസ്പരം ആശ്ലേഷിച്ച് പൊട്ടിക്കരഞ്ഞു.ആ വികാരനിർഭരമായ നിമിഷങ്ങൾക്ക് എന്റെ സുഹൃത്തായ സൈക്കോളജിസ്റ്റ് ഒരു സാക്ഷിയായി. അതിനുശേഷം ആ അമ്മ തന്റെ മകളുടെ നെറുകയിൽ ദീർഘമായി ഒരു ചുംബനം കൊടുത്തു, ആ ചുംബനത്തിന് കണ്ണുനീരിന്റെ ഉപ്പുരസം ഉണ്ടായിരുന്നു. എന്തായാലും ആ കൗൺസിലിംഗ് വളരെ ഭംഗിയായി പര്യവസാനിച്ചു, കൗൺസിലറുടെ റൂമിലേക്ക് കീരിയും പാമ്പും പോലെ കടന്ന് വന്നവർ തിരിച്ചു പോയപ്പോൾ അടയും ചക്കരയും പോലെയായി. ഇതേപോലെ മക്കളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മനസ്സിലാക്കാൻ വൈകി പോകുന്ന മാതാപിതാക്കളാണ് നമ്മളിൽ പലരും. അവരുടെ ചെറിയ മനസ്സിന്റെ ആഗ്രഹങ്ങളെയും, ചിന്തകളും മനസ്സിലാക്കി അത് സാധിച്ചു കൊടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments