സാത്താന്റെ സുവിശേഷം തേടി പോകുന്നവർ
--------------------------------------------------------------------
ഈ ലോക സുഖങ്ങളും സന്തോഷങ്ങളും നിങ്ങൾക്ക് കാട്ടിത്തന്ന് അത് മുഴുവൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്ത് ഇതാണ് സ്വർഗ്ഗമെന്ന വിശ്വാസം നിങ്ങളിൽ വളർത്തുന്നതാണ് യഥാർത്ഥ "സാത്താന്റെ സുവിശേഷം". എന്നുപറഞ്ഞാൽ ഈ ലോക സുഖങ്ങൾക്ക് കാണിച്ച് നിങ്ങളെ വഞ്ചിക്കുന്നവനാണ് സാത്താൻ അവന്റെ പ്രലോഭനങ്ങളിൽ ഭ്രമിച്ച് നിങ്ങൾ അവനെ ആരാധിക്കാൻ തുടങ്ങുമ്പോൾ നിങ്ങളുടെ ആത്മാവിന് മുകളിൽ അവൻ അധികാരം സ്ഥാപിക്കും. ഈ ലേഖനം ഒരു പക്ഷെ നിങ്ങളിൽ പലർക്കും ഒരു തമാശയായി തോന്നാം പക്ഷേ ചില വസ്തുതകൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് എഴുതുന്നത്. സാത്താൻ ആരാധനകൾ കൂടിവരുന്നു ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. പെട്ടെന്നുള്ള ലക്ഷ്യപ്രാപ്തിക്കായി ചെകുത്താനെ ആരാധിക്കുന്നവർ, അല്ലെങ്കിൽ സാത്താൻ സേവ ചെയ്യുന്നവർ, സാത്താന് അർപ്പിക്കുന്ന കറുത്ത കുർബാനയിൽ പങ്കെടുക്കുന്നവർ, ഇന്ന് അനുദിനം വർദ്ധിച്ചുവരികയാണ്. എല്ലാ മത വിഭാഗങ്ങളിലും വളരെ രഹസ്യമായും പരസ്യമായും ഇത്തരം സാത്താൻ വർഷിപ്പ് നടത്തുന്നവർ ഉണ്ട് എന്നതാണ് ഭയപ്പെടുത്തുന്ന ഒരു വസ്തുത. ഇനി ഞാൻ നിങ്ങളോട് ഒരു ബൈബിൾ കഥ പറയാം. ബൈബിളിൽ സാത്താൻ യേശുവിനെ രണ്ടുവട്ടം പരീക്ഷിച്ച് പരാജയപ്പെട്ടപ്പോഴും അവൻ തോറ്റു പിന്മാറിയില്ല ഒരു അവസാനശ്രമം കൂടി നടത്താൻ തീരുമാനിച്ചു.
അവൻ യേശുവിനെ വളരെ പൊക്കമുള്ള ഒരു മലയുടെ മുകളിലേക്ക് കൊണ്ടുപോയി. അവിടെ നിന്നുകൊണ്ട് അവൻ ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ ഐശ്വര്യവും യേശുവിനു കാണിച്ചുകൊടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ‘'നീ കുമ്പിട്ട് എന്നെയൊന്നു ആരാധിച്ചാൽ ഈ കാണുന്നതൊക്കെയും ഞാൻ നിനക്കു തരാം.’'പിശാച് പറഞ്ഞത് എന്താണെന്ന് ചിന്തിച്ചുനോക്കൂ. ലോകത്തിലെ എല്ലാ രാജ്യങ്ങളും യേശുവിന് കൊടുക്കാമെന്ന് പക്ഷേ ശരിക്കും അവ സാത്താന്റെയാണോ എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അല്ലെന്ന് യേശു പറഞ്ഞില്ല കാരണം എന്തെന്ന് നിങ്ങൾക്കറിയുമോ “ഈ ലോകത്തിന്റെ അധിപതി”എന്നാണ് സാത്താനെ ബൈബിൾ വിശേഷിപ്പിക്കുന്നത് എന്നുപറഞ്ഞാൽ ഈ ലോകത്തിന്റെ യഥാർത്ഥ അധികാരി സാത്താനാണ്. യേശു സാത്താനെ ശാസിക്കുക മാത്രമാണ് ചെയ്തത് അപ്പോൾ സാത്താൻ യേശുവിനെ വിട്ടുപോയി എന്ന് ബൈബിളിൽ പറയുന്നു. എന്നാൽ സാത്താന് ഈ ലോകത്തിനു മേലുള്ള അധികാരം യേശു നിഷേധിക്കുന്നില്ല എന്നത് നമ്മൾ എപ്പോഴും ഓർത്തിരിക്കേണ്ട വസ്തുതയാണ്.
ഈ ലോകത്തിൻറെ അധികാരി ആയ സാത്താനിൽ നിന്നും നമ്മുടെ ആത്മാവിനെ രക്ഷിക്കാനാണ് യേശു യഥാർത്ഥത്തിൽ കാൽവരിയിൽ സ്വന്തം ജീവൻ ബലിയർപ്പിച്ചത് എന്നത് ഒരു സത്യമാണ് നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും. തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം അത്രമാത്രം ലോകത്തെ സ്‌നേഹിച്ചു. (യോഹ,3:16). ലോകത്തെ രക്ഷിക്കാനാണ് പിതാവായ ദൈവം തന്റെ പുത്രനെ നമ്മോടുകൂടെ ആയിരിക്കാന്‍ അയച്ചത്. യേശു ഒരിക്കൽ ആളുകളോട് പറഞ്ഞു: “ഈ ലോകത്തിന്റെ അധിപതിയെ പുറന്തള്ളും.” പിന്നീട് അവൻ: ‘ഈ ലോകത്തിന്റെ അധിപതിക്ക് എന്റെമേൽ ഒരധികാരവുമില്ല,’ ‘ഈ ലോകത്തിന്റെ അധിപതി വിധിക്കപ്പെട്ടിരിക്കുന്നു’ എന്നെല്ലാം പറയുകയുണ്ടായി. (യോഹന്നാൻ 12:31; 14:30;16:11)
ആരെക്കുറിച്ചാണ് യേശു ഇവിടെ പരാമർശിച്ചത്?
“ഈ ലോകത്തിന്റെ അധിപതി”യെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങളിൽനിന്ന് അവൻ തന്റെ പിതാവായ യഹോവയാം ദൈവത്തെ പരാമർശിക്കുകയായിരുന്നില്ല എന്നു വ്യക്തം. അപ്പോൾപ്പിന്നെ ആരാണ് “ഈ ലോകത്തിന്റെ അധിപതി?” എങ്ങനെയാണ് അവൻ “പുറന്തള്ള”പ്പെടുന്നത്? അവൻ “വിധിക്കപ്പെട്ടി”രിക്കുന്നത് എങ്ങനെ?
ഇതെല്ലാം ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ....?
“ഈ ലോകത്തിന്റെ അധിപതി” ആയ സാത്താൻ സ്വയം വെളിപ്പെടുത്തുന്നുണ്ട്. അതിവിദഗ്‌ധനായ ഒരു കുറ്റവാളി പലപ്പോഴും തന്റെ ശക്തിയിൽ ഊറ്റംകൊള്ളാറുണ്ട്. ദൈവപുത്രനായ യേശുവിനെ പരീക്ഷിച്ചപ്പോൾ പിശാചും അതുതന്നെയാണ് ചെയ്‌തത്. “സകല രാജ്യങ്ങളും” യേശുവിനെ കാണിച്ചുകൊണ്ട് പിശാച് അവനോട് പറഞ്ഞു: ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്‌ടമുള്ളവര്‍ക്കു ഞാന്‍ ഇതു കൊടുക്കുന്നു. ലൂക്കാ 4 : 6.
ഇതാണ് യഥാർത്ഥ ''സാത്താന്റെ സുവിശേഷം"...... "എനിക്ക് ഇഷ്ടമുള്ളവർക്ക് ഞാൻ ഇതു കൊടുക്കും"....... എന്നുപറഞ്ഞാൽ സാത്താനെ ആരാധിക്കുന്നർക്കും, സാത്താൻ സേവ ചെയ്യുന്നവർക്കും സാത്താൻ ഈ ലോകത്തിലെ പല സുഖങ്ങളും, അധികാരങ്ങളും കൊടുക്കും ഇത് അറിയാവുന്നതു കൊണ്ടാണ് നമുക്കിടയിലെ ചിലയാളുകൾ പിശാചിനെ സേവിക്കുവാൻ രഹസ്യമായും പരസ്യമായും സാത്താൻ ആരാധനകൾ നടക്കുന്നത്. ഇത്തരം സാത്താൻ ആരാധനകളിൽ നിങ്ങൾ പങ്കുചേർന്നാൽ താൽക്കാലികമായ സുഖവും, സന്തോഷവും, അധികാരവും നിങ്ങൾക്ക് തന്നാലും നിങ്ങളുടെ ആത്മാവിനെ സാത്താൻ കൊണ്ടുപോകും എന്നതിൽ സംശയം വേണ്ട അതിനാൽ സൂക്ഷിക്കുക. ഇത്തരം സാത്താൻ ആരാധകരുടെ അടുത്തുപോയി സാത്താൻ വർഷിപ്പിൽ പങ്കുചേർന്നു സ്വന്തം ആത്മാവ് നഷ്ടപ്പെട്ടത് ജീവച്ഛവമായി ജീവിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട് എന്ന വസ്തുത മറക്കരുത് അതിനാൽ യാതൊരു കാരണവശാലും സാത്താനുമായി സൗഹൃദം സ്ഥാപിക്കരുത്. അബദ്ധവശാൽ പോലും ഇത്തരത്തിലുള്ള കെണികളിൽ ചെന്ന് ചാടാതിരിക്കുക. ഈ ലോക സുഖങ്ങൾക്ക് വേണ്ടി സാത്താന്റെ അടുത്ത് നിങ്ങളുടെ ആത്മാവിനെ പണയം വെക്കാതിരിക്കുക.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW