Random Post

സുവിശേഷം ദുർവ്യാഖ്യാനം ചെയ്യപ്പെടുമ്പോൾ

സുവിശേഷം ദുർവ്യാഖ്യാനം ചെയ്യപ്പെടുമ്പോൾ
----------------------------------------------------------------

ക്രിസ്ത്യാനികൾക്കിടയിൽ ഒരു തെറ്റായ വിശ്വാസം ഉണ്ട് അതെന്താണെന്ന് വച്ചാൽ രോഗങ്ങളെല്ലാം ഉണ്ടാകുന്നതിനുള്ള ഒരേയൊരു കാരണം ആ രോഗിയും അയാളുടെ മാതാപിതാക്കളും, പൂർവികരും ചെയ്തുകൂട്ടിയ "പാപങ്ങൾ" ആണ് അല്ലെങ്കിൽ പിന്നെ "പിശാച്'' ആണ് കാരണക്കാർ. ഇതുരണ്ടും വിട്ട് മൂന്നാമത് ഒരു കാരണം രോഗം വരാൻ ഇല്ല. എനിക്ക് നിങ്ങളോട് പറയാനുള്ളത് നമ്മുടെ തെറ്റായ ജീവിതരീതിയും ഭക്ഷണ രീതിയും കൊണ്ട് നമുക്ക് പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലപ്പോൾ ആ വ്യക്തിയുടെ  ഡി.എൻ.എ യിലുള്ള ക്രോമസോം വഴി ആ രോഗം ഒരു തലമുറയിൽ നിന്ന് തലമുറയിലേക്ക് കൈമാറാം അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് .

നമ്മുടെ തെറ്റായ ജീവിതരീതിയും, ഭക്ഷണക്രമങ്ങളും മൂലം നമ്മൾ സമ്പാദിക്കുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തിനോട് നമ്മൾ ചെയ്യുന്ന ദ്രോഹം എന്നും പാപം എന്നും വേണമെങ്കിൽ വിളിക്കാം. നിങ്ങളുടെ സ്വാർത്ഥതയ്ക്കും, സുഖത്തിനും , സന്തോഷത്തിനും വേണ്ടി നിങ്ങളുടെ ശരീരത്തെ നിങ്ങൾ ദുരുപയോഗം ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് ഉണ്ട്. ഇത് സ്ത്രീബീജകോശത്തിലെ അണ്ഡത്തിലും, പുരുഷബീജവുമായ ശുക്ലത്തിലും ഉള്ള ക്രോമസോം വഴി  ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാം.

പാപം മൂലമാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത് എന്നത്  വളരെ തെറ്റായ വിശ്വാസമാണ്, ഇത്തരത്തിലുള്ള തെറ്റായ വിശ്വാസങ്ങൾ പല ധ്യാന ഗുരുക്കന്മാരും പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ താഴെ സ്ക്രീൻ ഷോട്ടിൽ കൊടുത്തിരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ് അതിൽ യേശു ഒരു അത്ഭുതം പ്രവർത്തിച്ചു അതിനുശേഷം തന്റെ ശിഷ്യന്മാരോട്  എല്ലാ രോഗങ്ങളും പാപം മൂലം അല്ല ഉണ്ടാകുന്നത് എന്നത് വ്യക്തമായി പറയുന്നുണ്ട്.

പല ധ്യാന ഗുരുക്കന്മാരും രോഗികളെ എല്ലാം പാപികളായി ചിത്രീകരിക്കുന്നത് വളരെ തെറ്റായ പ്രവണതയാണ് ഇതുമൂലം അനാവശ്യമായ കുറ്റബോധം ഈ രോഗികളിലും അവരുടെ ബന്ധുക്കളിലും  ഉണ്ടാക്കി അവരെ കൂടുതൽ മാനസിക സമ്മർദ്ദത്തിൽ ആക്കുക മാത്രമാണ് അവർ ചെയ്യുന്നത്. അതുമൂലം ഇതേവരെ അവർക്കില്ലാത്ത പല ശാരീരിക മാനസിക രോഗങ്ങളും ആ വ്യക്തികൾക്കും അവരുടെ ബന്ധുക്കൾക്കും ഇത്തരത്തിലുള്ള ധ്യാന ഗുരുക്കന്മാരുടെ തെറ്റായ പ്രബോധനങ്ങൾ അവർക്ക് സമ്മാനിക്കുന്നു, ഇങ്ങനെ ഉണ്ടാകുന്ന രോഗങ്ങളാണ് സൈക്കോ സൊമാറ്റിക് ഡിസോർഡേഴ്സ് എന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ  പറയുന്നത്. ഇത്തരം തെറ്റായ പ്രബോധനങ്ങളിലൂടെ ഈ രോഗികളെയും അവരുടെ ബന്ധുക്കളെയും  മുതലെടുക്കുന്ന ഈ ന്യൂ ജനറേഷൻ പ്രവണത വളരെ തെറ്റാണ്. ഇത്തരം പ്രവർത്തികൾ കർത്താവ് പോലും ഇഷ്ടപ്പെടുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത് അതുകൊണ്ടാണ് ഈ കാര്യം തുറന്നെഴുതുന്നത്.

ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്‌ധനായി ജനിച്ചത്‌ ആരുടെ പാപം നിമിത്തമാണ്‌, ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്‍മാരുടെയോ? യോഹന്നാന്‍ 9 : 2

യേശു മറുപടി പറഞ്ഞു: ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍െറ പ്രവൃത്തികള്‍ ഇവനില പ്രകടമാകേണ്ടതിനാണ്‌. യോഹന്നാന്‍ 9 : 3

പിന്നീട് യേശുനാഥൻ നിലത്ത് തുപ്പിയിട്ട് മണ്ണ് കുഴച്ച് കുരുടന്റെ കണ്ണിൽ പുരട്ടി പറഞ്ഞു "നീ പോയി ശീലോഹ കുളത്തിൽ കഴുകുക " അവൻ അനുസരിച്ചു. ആ അനുസരണം അൽഭുതമായി മാറി.  അന്ധന് കാഴ്ച കിട്ടിയപ്പോൾ ലോകത്തിന്റെ കാഴ്ചകൾക്കൊപ്പം ആത്മീയ അന്ധത മാറി താൻ കേട്ടറിഞ്ഞിട്ടുള്ള യേശുക്രിസ്തുവിനെ തൊട്ടറിഞ്ഞു........

By ഡോ. പൗസ് പൗലോസ് MS(Ay)

Post a Comment

0 Comments