ജലൂക ചികിത്സ (അട്ട ചികിത്സ)











ജലൂക ചികിത്സ (അട്ട ചികിത്സ)
------🐛-----------🐛-----------🐛-----

രോഗ ചികിത്സയ്ക്കായി ആയുർവേദ ശാസ്ത്രത്തിൽ ഒരു ജീവിയെ ഉപയോഗിക്കുന്നു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നാം. ജലൂക ചികിത്സ (അട്ട ചികിത്സ) എന്ന് കേൾക്കുന്നത് തന്നെ പലർക്കും ഭയമാണ്. നിങ്ങൾ നിസ്സാരമായി കാണുന്ന ഈ അട്ടകളെ ഉപയോഗിച്ച് 'രക്തമോക്ഷം' എന്ന ചികിത്സാ സമ്പ്രദായം തന്നെ ആയുർവേദത്തിൽ നിലവിലുണ്ട്.
വാതരക്ത ചികിത്സയിൽ പ്രധാനമായും പറയുന്ന ചികിത്സയാണ് അട്ടകളെ കൊണ്ടുള്ള 'രക്തമോക്ഷം' അത് ചെയ്തില്ലെങ്കിൽ പലതരത്തിലുള്ള ത്വക് രോഗങ്ങൾ ഉണ്ടാകും എന്ന് ആയുർവേദം പറയുന്നു. പല രോഗങ്ങളിലും ഞാൻ ഈ ചെറിയ ജീവിയെ ഉപയോഗിച്ച് ചികിത്സ നടത്തിയിട്ടുണ്ട് എല്ലാത്തിലും റിസൾട്ട് കിട്ടിയിട്ടുണ്ട് എന്നതാണ് വസ്തുത ഉദാഹരണത്തിന് വെരിക്കോസ് വെയിൻ, എക്സിമ, അലോപേഷ്യ, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ത്രോംബോസിഡ് ഹെമറോയ്ഡ്, ഡയബറ്റിക് അൾസർ, വെരിക്കോസ് അൾസർ മുതലായവ ഇതിനുദാഹരണങ്ങളാണ്.
പലതരത്തിൽ ശരീരത്തിൽ നിന്ന് രക്തം നീക്കം ചെയ്യാറുണ്ട്. അതിൽ 'സിരാവ്യധം', 'പ്രച്ഛാനം' മുതലായ ചികിത്സാ വിധികളും രക്തമോക്ഷത്തിനായി ഉപയോഗിക്കുന്നു.
ത്വക്ക് രോഗങ്ങൾ, ദീർഘകാലം നീണ്ടുനിൽക്കുന്ന വ്രണങ്ങൾ, വെരിക്കോസ് വ്രണങ്ങൾ തുടങ്ങിയ രോഗങ്ങളിലും കണ്ണുകളിലെ ചില രോഗാവസ്ഥയിലും അട്ട ചികിത്സ ഗുണപ്രദമാണ്. അട്ട രക്തം കുടിച്ചതിന് ശേഷം അതിന്റെ ഉമിനീരിൽ ഉള്ള 'ഹിരുഡിൻ' എന്ന രാസവസ്തു മുറിവിൽ പ്രയോഗിക്കുന്നു. ഇത് രക്തം കട്ടപിടിക്കാതിരിക്കാൻ കാരണമാവുകയും നിയന്ത്രിത അളവിൽ രക്തസ്രാവമുണ്ടാക്കുകയും ചെയ്യുന്നു.
ആധുനിക ശാസ്ത്രത്തിൽ പോലും പല ചികിത്സയിലും പ്ലാസ്റ്റിക് സർജറി, മൈക്രോസര്‍ജറി എന്നിവയിലും അട്ട ചികിത്സ കൂടുതൽ സഹായകമാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ അട്ട ചികിത്സ ശാസ്ത്രീയമായി ഉപയോഗിക്കുന്നുണ്ട്. അവർ ചികിത്സയ്ക്ക് ആവശ്യമായ 'മെഡിസിനൽ ലീച്ച്' ഉൽപാദിപ്പിച്ച് അണുബാധ ഏൽക്കാത്ത ബോട്ടിലിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നു.
ശാസ്ത്രീയമായ എപ്രകാരമാണ് അട്ടകളെ ഉപയോഗിച്ച് രക്തമോക്ഷം നടത്തേണ്ടത് എന്നതിനെക്കുറിച്ച് ആയുർവേദത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ആയുർവേദശാസ്ത്രത്തിൽ അട്ടകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു വിഷമുള്ളതും വിഷമില്ലാത്തതും ആയ ആട്ടകൾ. അതിനാൽ ചികിത്സയ്ക്കായി പ്രയോഗിക്കുന്ന അട്ടയ്ക്ക് വിഷാംശമില്ല എന്ന് ഉറപ്പുവരുത്തേണ്ടത് വളരെ അനിവാര്യമാണ്.
നന്ദി

ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments