ത്രിദോഷങ്ങൾ ആയുർവേദത്തിൽ

ത്രിദോഷങ്ങൾ ആയുർവേദത്തിൽ
------------------------------------------------------

ത്രിദോഷങ്ങളെ കുറിച്ച് ഒരു ലേഖനം എഴുതണം എന്നു തോന്നി അതുകൊണ്ട് അതിലെ ആശയങ്ങൾ വാതകലാകലീയ അദ്ധ്യായത്തിൽ നിന്ന് കടമെടുത്തു. ത്രിദോഷങ്ങൾ പ്രധാനിയായ വായുവിന്റ ആറു ഗുണങ്ങൾ ആണ് രൂക്ഷ, ലഘു, ശീതം ദാരുണം, ഖരം, വിശദം എന്നിവയാണ്. ആ വായുവാകട്ടെ രൂക്ഷാദി ഗുണമുള്ളതായ ദ്രവ്യം ശീലിക്കുകയാലും രൂക്ഷാദി പ്രഭാവമുള്ളതായ കര്‍മ്മം ചെയ്യുകയാലും കോപിക്കുന്നതാകുന്നു. എന്നാല്‍ സമാനഗുണമുള്ളതായ ആഹാര വികാരാദികള്‍ ശീലിച്ചാല്‍ ധാതുക്കളുടെ വൃദ്ധിക്ക്‌ കാരണമായിത്തീരുകയും ചെയ്യും. വായുവിന്റെ പ്രകോപ കാരണങ്ങള്‍ ഈ പറഞ്ഞതു തന്നെയാകുന്നു. അതില്‍ നിന്ന്‌ (രൂക്ഷാദികളില്‍ നിന്ന്‌) വിപരീതമായിട്ടുള്ളവ അതായത്‌ സ്‌നിഗ്‌ധാദികള്‍ വാതശമനത്തിന്ന്‌ കാരണമാകുന്നു. എന്നാല്‍ പ്രകോപണത്തിന്ന്‌ വിപരീതമായിട്ടുള്ളവ ധാതുക്കളുടെ പ്രശമനത്തിന്ന്‌ കാരണവുമാകുന്നു.

വാതത്തെ പ്രകോപിപ്പിക്കുന്നതായ ദ്രവ്യങ്ങളും കര്‍മ്മങ്ങളും നിശ്ചയമായും ശരീരങ്ങള്‍ക്ക്‌ രൂക്ഷം, ലഘു, ശീതം ദാരുണം, ഖരം വിശദം, സുഷിരം, എന്നിവയുണ്ടാക്കുന്നു. അപ്രകാരമുള്ള ശരീരങ്ങളില്‍ വായു ആശ്രയം പ്രാപിച്ചു (സ്വസ്ഥാനത്തെ പ്രാപിച്ചു) ഏറ്റവും വര്‍ദ്ധിച്ചു കോപിക്കുന്നതാകുന്നു. പിന്നെ വാതത്തെ ശമിപ്പിക്കുന്നതായ ദ്രവ്യങ്ങളും കര്‍മ്മങ്ങളും ശരീരങ്ങള്‍ക്ക്‌ സ്‌നിഗ്‌ധം , ഗുരു, ഉഷ്‌ണം, ശ്ലഷ്‌ണം, മൃദു, പിച്ഛിലം, ഘനം എന്നിവയെ ഉണ്ടാക്കുന്നു. അപ്രകാരമുള്ള ശരീരങ്ങളില്‍ വായു സജ്ജീകരിച്ചു നിന്നും കോപിക്കാതെ ശരീരത്തില്‍ സഞ്ചരിച്ചു ശാന്തമായി സ്ഥിതി ചെയ്യുന്നു.ശരീരരൂപമാകുന്ന യന്ത്രത്തെ ചലിപ്പിക്കുന്നത്‌ (ധാതുക്കളുടെ നിയമങ്ങളും പ്രവര്‍ത്തനങ്ങളും ധരിക്കുന്നത്‌) വായുവാകുന്നു. പ്രാണന്‍, ഉദാനന്‍, സമാനന്‍, വ്യാനന്‍, അപാനനന്‍ എന്നിങ്ങനെ അഞ്ചു രൂപഭേദങ്ങളോടു കൂടിയതാകുന്നു.

എല്ലാവിധ ചേഷ്‌ടകളുടേയും ഉച്ഛനീചങ്ങളുടേയും പ്രവര്‍ത്തന കര്‍ത്താവ്‌ വായുവാകുന്നു. മനസ്സിനെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തുക്കുന്നതും വായുവാ കുന്നു. ചക്ഷുഃശ്രാത്രാദി എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ഉദ്യോഗം കൊടുക്കുന്നത്‌ വായുവാകുന്നു. ശരീരത്തിഌള്ള എല്ലാ ധാതുക്കളേയും തന്റെ തന്റെ സ്ഥാനത്ത്‌ നിര്‍ത്തുന്നതും വായുവാകുന്നു. ശരീരത്തിന്റെ അംഗപ്രത്യംഗങ്ങളെ യോജിപ്പിച്ചു നിര്‍ത്തുന്നതും വായുവാകുന്നു. വാക്കിനെ പ്രവര്‍ത്തിപ്പി ക്കുന്നതും സ്‌പര്‍ശ-ശബ്‌ദങ്ങളുടെ പ്രകൃതിയും ശ്ലോത്രന്ദ്രിയത്തിന്റേയും സ്‌പര്‍ശേന്ദ്രിയത്തി ന്റേയും മൂലകാരണം വായുവാകുന്നു. ഇഷ്‌ടപ്രാപ്‌തിയിലുണ്ടാകുന്ന ആനന്ദത്തിന്റേയും ഉത്സാഹത്തിന്റേയും ഉറവിടം വായുവാകുന്നു.

ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കുന്നതും ക്ലേദാദി ദോഷങ്ങളെ ശോഷിപ്പിക്കുന്നതും മലങ്ങളെ വിസര്‍ജ്ജിപ്പിക്കുന്നതും സ്‌തൂലവും സൂക്ഷ്‌മവുമായ ശ്രാതസ്സുണ്ടാക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന്‌ ആകൃതി കൊടുക്കുന്നതും ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ കാരണ മായിരിക്കുന്നതും കോപിക്കപ്പെടാത്ത വായുവാകുന്നു. വായു കോപിച്ചു ശരീരത്തില്‍ സഞ്ചരിക്കുകയാണെങ്കില്‍ നാനാവിധ രോഗങ്ങളാല്‍ ശരീരത്തെ പീഢിപ്പിക്കുന്നതാകുന്നു. ബലം, വര്‍ണ്ണം, സുഖം, ആയുസ്സ്‌ എന്നിവയ്‌ക്ക്‌ നാശത്തെയും ഉണ്ടാക്കും, മനസ്സിനെ ഇളക്കും. എല്ലാ ഇന്ദ്രിയങ്ങളെയും നശിപ്പിക്കും. ഗര്‍ഭത്തെ നശിപ്പിക്കും. ഗര്‍ഭത്തെ വികൃതമാക്കും അഥവാ യഥാ സമയത്ത്‌ പ്രസവിക്കാതെ ഗര്‍ഭത്തെ അധികനാള്‍ ധരിച്ചു നില്‍ക്കുകയും ചെയ്യും. ഭയം, ദുഃഖം, മോഹം, ദീനത, പ്രലാപം എന്നിവയെ ഉണ്ടാക്കും, സ്വാസത്തെ തടയും അതായത്‌ മരണത്തിന്‌ കാരണമായിത്തീരുകയും ചെയ്യും.

പ്രശാന്തനായി ഈ ലോകത്തില്‍ ചലിക്കുന്ന വായുവിന്റെ കര്‍മ്മങ്ങള്‍ ഈ പറയുന്നവയാകുന്നു. അതായത്‌ ഭൂമിയെ ധരിക്കുക, അഗ്നിയെ ജ്വലിപ്പിക്കുക, ആദിത്യന്‍, ചന്ദ്രൻ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവ യുടെ ഗതിവിധാനത്തെ ക്രമപ്പെടുത്തുക, മേഘങ്ങളെ ഉണ്ടാക്കുക, വെള്ളത്തെ വര്‍ഷിക്കുക, നദി മുതലായവയെ പ്രവര്‍ത്തിപ്പിക്കുക, ഫലങ്ങളെ ഉണ്ടാക്കുക, വിത്തുകളെ മുളപ്പിക്കുക, ഋതുക്കളെ ഭാഗിക്കുക, ധാതുദ്രവ്യങ്ങളെ വിഭജിക്കുക, ധാതുദ്രവ്യങ്ങളുടെ പരിണാമ കൃതികളെ വ്യക്തമാക്കുക, ബീജങ്ങള്‍ക്ക്‌ മുളക്കുവാഌള്ള ശക്തി ഉണ്ടാക്കുക സസ്യങ്ങളെ വളര്‍ത്തുക, ഉണങ്ങാതെ നിര്‍ത്തേണ്ടതിനെ ഉണങ്ങാതെ നിര്‍ത്തുക, ഉണക്കേണ്ടതിനെ ഉണക്കുക എന്നിവയാകുന്നു. പ്രകുപിതമായി ലോകത്തില്‍ സഞ്ചരിക്കുന്ന വായുവിന്റെ പ്രവൃത്തി ഇപ്രകാരമാകുന്നു. 

കടലില്‍ ക്ഷോഭമുണ്ടാക്കുക, ജലാശയങ്ങളില്‍ വെള്ളമുയര്‍ത്തുക, നദികളെ വിപരീതമായി ഒഴുക്കുക, ഭൂകമ്പമുണ്ടാക്കുക, മേഘഗര്‍ജ്ജനമുണ്ടാക്കുക, പര്‍വ്വതങ്ങളുടെ കൊടുമുടി ഉടയ്‌ക്കുക, മരങ്ങളെ തള്ളിയിടുക, മഞ്ഞ്‌, ഭീകരധ്വനി, പൊടി, പൂഴി, മത്സ്യം, തവള, പാമ്പ്‌, ക്ഷാരം (ഭസ്‌മം) രക്തം, ചെറു കല്ലുകള്‍ ഇടിത്തീയ്‌ ഇല വര്‍ഷിപ്പിക്കുക, ആറ്‌ ഋതുക്കളുടേയും സ്വഭാവം മാറ്റുക, സസ്യങ്ങളെ ഛിന്നഭിന്നമാക്കുക, ഭൂതപീഠ (രോഗാണുക്കളെ) പരത്തുക ഉള്ളതിനെ ഇല്ലാതാക്കുക, നാല്‌ യുഗങ്ങളെയും അവസാനിപ്പിക്കുന്നതില്‍ മേഘം, സൂര്യന്‍, അഗ്നി, വായു എന്നിവയെ പ്രരിപ്പിക്കുക എന്നിവയാകുന്നു. അതി ബലവാനും അതി പുരുഷനും അതി ശീഘ്രകാരിയും ആപല്‍ക്കരനുമായ വായുവെ വൈദ്യന്‍ അറിയുന്നില്ലെങ്കില്‍ പെട്ടെന്ന്‌ വായു കോപിച്ചു അപ്പോള്‍ തന്നെ അപായം ഉണ്ടാക്കുന്നതില്‍ നിന്ന്‌ യോഗിയെ പ്രയത്‌നശീലനായ വൈദ്യന്‍ പെട്ടന്ന്‌ എങ്ങനെ രക്ഷിക്കും. 

വായു സമാവസ്ഥയിൽ ആരോഗ്യത്തേയും ബലത്തേയും വര്‍ണ്ണപ്രസാദത്തേയും വര്‍ദ്ധിപ്പിക്കും, തേജസ്സുണ്ടാക്കും, പുഷ്‌ടിയുണ്ടാക്കും, ജ്ഞാനം വര്‍ദ്ധിപ്പിക്കും, ആയുസ്സ്‌ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തില്‍ പിത്താന്തര്‍ഗ്ഗത മായിരിക്കുന്ന അഗ്നിയും (പാചക പിത്തം, രഞ്‌ജക പിത്തം, സാധക പിത്തം, ആലോചക പിത്തം, ഭ്രാചക പിത്തം എന്നിവയും) കോപിച്ചാല്‍ അശുഭത്തേയും, കോപിക്കാതിരുന്നാല്‍ ശുഭത്തേയും ഉണ്ടാക്കുന്ന താകുന്നു. അത്‌ എപ്രകാരമെന്നാല്‍ പാചക പിത്തം കോപിക്കാതിരുന്നാല്‍ പചനത്തേയും കോപിച്ചാല്‍ അഗ്നിമാന്ദ്യത്തേയും ഉണ്ടാക്കും. ആലോചക പിത്തം കോപിക്കാതിരുന്നാല്‍ കാഴ്‌ചയേയും കോപിച്ചാല്‍ കാഴ്‌ചയില്ലായ്‌മയെയും ഉണ്ടാക്കും. ഭ്രാജക പിത്തം കോപിക്കാതിരുന്നാല്‍ ശരീരത്തിലുള്ള ചൂടിനെ വേണ്ടതുപോലെ നിര്‍ത്തുകയും കോപിച്ചാല്‍ ചൂടിന്റെ മാത്ര തെറ്റുകയും ചെയ്യുന്നു. രഞ്‌ജക പിത്തം കോപിക്കാതിരുന്നാല്‍ ശരീരത്തിന്‌ പ്രകൃതമായ വര്‍ണ്ണത്തേയും കോപിച്ചാല്‍ വികൃതമായ വര്‍ണ്ണത്തേയും ഉണ്ടാക്കുന്നു. സാധക പിത്തം കുപിതാകുപിതമായാല്‍ ശൗര്‍യ്യം-ഭയം, ക്രാധം, സന്തോഷം, മോഹം-പ്രസാദം മുതലായവ ദ്വന്ദ്വഭാവങ്ങളേയും ഉണ്ടാക്കുന്നതാകുന്നു.

കഫത്തില്‍ അന്തര്‍ഗ്ഗതമായിരിക്കുന്ന സോമാ (ജലാംശം) തന്നെയാണ്‌ ശരീരത്തില്‍ കുപിതമായാല്‍ അശുഭത്തേയും അകുപിതമായാല്‍ ശുഭത്തേയും ചെയ്യുന്ന അത്‌ എങ്ങിനെ എന്നാല്‍ - ദൃഢത-ശിഥിലതാ, പുഷ്‌ഠി, കൃശതാ, ജ്ഞാനം-അജ്ഞാനം, ബുദ്ധി-മോഹം എന്നീ ദ്വന്ദഭാവങ്ങളേയും ഇതുപോലുള്ള മറ്റ്‌ ദ്വന്ദഭാവങ്ങളെയും കഫം, കുപിതാകുപിതമാ യാല്‍ ഉണ്ടാക്കുന്നതാകുന്നു. (അതായത്‌ കഫം അകുപിതമായാല്‍ ദൃഢത, പുഷ്‌ടി, ഉത്സാഹം, മൈഥുനശക്തി, ജ്ഞാനം, ബുദ്ധി മുതലായവയും പ്രകോപിതമായാല്‍ ശിഥിലത, കൃശത, ആലസ്യം, അജ്ഞാനം, മോഹം മുതലായവയും ഉണ്ടാക്കുന്നതാണെന്നര്‍ത്ഥം. കഫവും അഞ്ചുവിധത്തിലാ കുന്നു. 1. ഉരസ്സില്‍ സ്ഥിതി ചെയ്യുന്ന അവലംബക, 2. ആമാശയത്തില്‍ സ്ഥിതി ചെയ്യുന്ന ക്ലേദകം, 3. നാവില്‍ സ്ഥിതിചെയ്യുന്ന ബാധകം, 4 ശിരസ്സില്‍ സ്ഥിതി ചെയ്യുന്ന തര്‍പ്പകം, 5. സന്ധികളില്‍ സ്ഥിതി ചെയ്യുന്ന ശ്ലേഷ്‌മകം. കഫം ഈ അഞ്ചു സ്ഥാനങ്ങളില്‍ സ്ഥിതി ചെയ്‌തു അതാത്‌ സ്ഥാനത്തിന്നനുസരിച്ച പ്രവൃത്തി ചെയ്‌തു ശരീരത്തെ ധരിക്കുന്നു. 

വാത-പിത്ത-കഫങ്ങളെല്ലാം തന്നെ സാമ്യാവസ്ഥയില്‍ നിന്നാല്‍ മാത്രമേ മനഷ്യന്‌ ഇന്ദ്രിയങ്ങള്‍ക്ക്‌ ശക്തിയും ശരീരബലവും വര്‍ണ്ണപ്രസാദവും ദീര്‍ഘായുസ്സും വേണ്ടതുപോലെയുണ്ടാവുകയുള്ളൂ. അത്‌ എപ്രകാരമെന്നാല്‍ വേണ്ടതുപോലെ ആചരിക്കുന്ന ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍ മനുഷ്യനി ഇഹലേകത്തിലും പരലോകത്തിലും മഹത്തായ സുഖത്തിന്‌ (മുക്തിക്ക്‌) കാരണമായിത്തീരുന്നതു പോലെയാകുന്നു. വാത-പിത്ത-കഫങ്ങള്‍ വികൃതമായാല്‍ മനുഷ്യനെ വമ്പിച്ച അപത്തിലാഴ്‌ത്തുകയും ചെയ്യും. അത്‌ എപ്രകാരമെന്നാല്‍ ശീത-ഉഷ്‌ണ-വര്‍ഷ ലക്ഷണങ്ങളോടു കൂടിയ ഹേമന്ത ഗ്രീഷ്‌മ വര്‍ഷ ഋതുക്കള്‍ വികൃതമായാല്‍ പ്രളയകാലത്ത്‌ ഈ ലോകത്തിന്റെ നാശത്തിന്‌ കാരണമായിത്തീരുന്നതു പോലെയാകുന്നു.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments