Random Post

വമനം (ഛര്‍ദ്ദിപ്പിക്കല്‍)

വമനം (ഛര്‍ദ്ദിപ്പിക്കല്‍)
----------------------------------

ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ ശരീരത്തില്‍ തുല്യമായുള്ള അവസ്ഥയാണ് ആരോഗ്യം. തുല്യമല്ലാത്ത അവസ്ഥയില്‍ ഈ ത്രിദോഷങ്ങളില്‍ വര്‍ധിച്ചവയെ ശരീരത്തില്‍ നിന്ന് പുറത്തുകളഞ്ഞ് വീണ്ടും സമതുലനാവസ്ഥയില്‍ എത്തിച്ച് രോഗശാന്തി വരുത്തുകയും ആരോഗ്യാവസ്ഥ കൈവരിക്കുകയും ചെയ്യുക എന്നതാണ് ശോധന ചികിത്സയുടെ പ്രധാന ഉദ്ദേശ്യം. അതുകൊണ്ട് ശോധന ചികിത്സയ്ക്ക് ആയുര്‍വേദത്തില്‍ വലിയ പ്രാധാന്യമാണുള്ളത്.

വമനം (ഛര്‍ദ്ദിപ്പിക്കല്‍), വിരേചനം (വയറിളക്കല്‍), കഷായവസ്തി (ഔഷധദ്രവ്യങ്ങള്‍ ചേര്‍ത്ത കഷായം മലദ്വാരത്തിലൂടെ കുടലിലേക്ക് കയറ്റിവിടുക), നസ്യം (മൂക്കിലൂടെ ഷധങ്ങള്‍ ശരീരത്തിലേക്ക് കടത്തിവിടുക), രക്തമോക്ഷം (ഞരമ്പ് മുറിച്ചോ അട്ട മുതലായവ ഉപയോഗിച്ചോ ദുഷിച്ച രക്തത്തെ ശരീരത്തില്‍ നിന്നും പുറത്തുകളയുക) എന്നിങ്ങനെ 5 വിധമാണ് ശോധനചികിത്സകള്‍.

പഞ്ചകർമ്മത്തിലെ പ്രധാന ശോധന ചികിത്സയായ വമനം ചെയ്യുന്നതിന് മുമ്പ് പൂർവ്വ കർമ്മങ്ങൾ ചെയ്യാറുണ്ട്. പൂർവ്വകർമ്മങ്ങൾ എന്ന് പറഞ്ഞാൽ പ്രധാനമായും ദീപന,പാചന,സ്നേഹന, സ്വദനങ്ങളാണ്. അഴുക്കുകളയാത്ത വസ്ത്രത്തിൽ ചായം പിടിക്കാത്തതുപോലെ ദോഷശുദ്ധി വരുത്താത്ത ശരീരത്തിൽ ശമനചികിത്സകൾ പ്രയോജനപ്പെടില്ല. പൂർവ്വകർമ്മങ്ങൾ ചെയ്യുന്നതിന്റെ പ്രധാനമായ ലക്ഷ്യം പഞ്ചകർമ്മ ചികിത്സയ്ക്കു രോഗിയുടെ ശരീരത്തെ സജ്ജമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പൂർവ്വകർമ്മങ്ങൾ എന്നറിയപ്പെടുന്ന ഇവ ബാഹ്യമായും ആന്തരികമായും ഉണ്ട്.

ഉരസ്സിൽ ഉള്ള കഫം കീഴ്പോട്ട് ഇറങ്ങി അഗ്നിമാന്ദ്യം ഉണ്ടാകും അതിനാൽ വമനം എന്ന ചികിത്സയില്‍ രോഗിയെ ഔഷധം നല്‍കി ഛര്‍ദിപ്പിക്കുന്നു. കഫം സംബന്ധിയായ രോഗങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. വമനം പ്രധാനമായും രണ്ടു തരത്തിലാണ് ചെയ്യുന്നത് മൃദുവമനമെന്നും, മഹാവമനം എന്നും പറയും. ദോഷങ്ങൾ അമിതമായി കോപിച്ചിട്ട് ഇല്ലെങ്കിൽ മൃദു വമനം ചെയ്യുന്നു, ദോഷകോപം നന്നായിട്ടുണ്ടെങ്കിൽ മഹാവമനവും ചെയ്യുന്നു. ഈ വാമന ചികിത്സയെ ഊർദ്ധ്വശോധന ചികിത്സ എന്നും പറയുന്നു. നാളെ ചർദ്ദിപ്പിക്കേണ്ടവനെ ഇന്ന് കഫ വർധനങ്ങളായ ആഹാരം കഴിപ്പിക്കണം. കാരണം വമനത്തിൽ കഫത്തിന് ഉൽക്ലേശം സംഭവിക്കുക നിമിത്തം ദോഷങ്ങൾ ക്ഷണത്തിൽ ചർദ്ദിച്ചു പോകും. ചർദ്ദിക്കാൻ പ്രധാനമായി കൊടുക്കുന്ന ഔഷധം മലങ്കാരക്ക കഷായവും, സൈന്ധവ ജലവും, തേനും, പാലുമാണ് അതുപോലെതന്നെ ചർദ്ധിപ്പിച്ചവനിൽ അഗ്നി  വർദ്ധിക്കുമ്പോൾ ദോഷങ്ങൾ ശമിക്കുന്നതായിരിക്കും എന്നതും മനസ്സിലാക്കണം. 

സ്നേഹസ്വദം ചെയ്തവന് ഔഷധം അല്പമായി പോയാലും, അഗ്നിദീപ്തി ഉള്ളവർക്ക് ഔഷധം ദഹിച്ചു പോയാലും, ശീതം കൊണ്ട് സ്തംഭിച്ചു പോയാലും, ആമദോഷത്തോടുകൂടിപോയാലും വമനൗഷധം ദോഷങ്ങൾക്ക് ഉൽക്ലേശം ഉണ്ടാക്കിയിട്ട് ചർദ്ദിയെ ഉണ്ടാകുന്നതല്ല. വമനത്തിന്റെ അതിയോഗത്തിൽ തണുത്ത വെള്ളം കൊണ്ട് ശരീരം നനയ്ക്കുക അതുകൂടാതെ മലർ പൊടിയും, തേനും, ശർക്കരയും, നെല്ലിക്കയും ചേർത്ത് മന്ഥമുണ്ടാക്കി കുടിക്കാൻ കൊടുക്കുക.

വമനത്തിനുശേഷം രോഗിക്ക്  പേയാദീക്രമം ശാസ്ത്രത്തിൽ പറഞ്ഞപോലെ അനുഷ്ഠിക്കണം. അറിവില്ലാത്ത വൈദ്യൻ വമനം പ്രയോഗിച്ചാൽ വ്യാപാത്തുകൾ സംഭവിക്കും അത് പ്രത്യേകം ഓർക്കണം. കഫാനുബന്ധമായ പല രോഗങ്ങളിലും വമനചികിത്സ ഒരു പരിഹാരമാണ്. വമന ചികിത്സ ആർക്കെല്ലാം ചെയ്യാം, ഏതു രോഗങ്ങളിൽ ചെയ്യാം, ആർക്ക് ചെയ്യാൻ പാടില്ല , എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ശാസ്ത്രത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. വമനൗഷധം വേണ്ടുംവണ്ണം പ്രവർത്തിച്ചാൽ കഫവും, പിത്തവും, വായുവും  ക്രമത്തിൽ നിർഹരിക്കപ്പെടുന്നു. വമനം പിത്തദർശനം വരെ വേണം എന്ന് ശാസ്ത്രതത്വം എപ്പോഴും ഓർക്കണം എന്ന് ആചാര്യന്മാർ എടുത്ത് പറയുന്നു.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments