വസ്തി ചികിത്സ
-------------------------
ത്രിദോഷങ്ങളില്‍ ഏറ്റവും പ്രധാനവും മറ്റ് ദോഷങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതും വാതമാണ്. വാതത്തിന്റെ പ്രധാന സ്ഥാനം പക്വാശയവുമാണ്. അതുകൊണ്ട് തന്നെ പക്വാശയത്തില്‍ പ്രയോഗിക്കപ്പെടുന്ന വസ്തി ചികിത്സ വാതത്തിന്റെ പ്രധാന ചികിത്സയുമാകുന്നു. വിവിധ തരത്തിലുള്ള വാത വികാരങ്ങൾക്ക് അഗ്രഗണ്യമായ ചികിത്സയാണ് വസ്തി കർമ്മം. അതിനാലാണ് അരുണദത്തൻ സൂത്രസ്ഥാനത്തിന്റെ തുടക്കത്തിൽ തന്നെ വസ്തി എന്നത് അർദ്ധ ചികിത്സയാണ് എന്ന് അഭിപ്രായപ്പെടുന്നത്.
"സർവേഷാം രോഗാണാം വസ്തി ഔഷധം വിശേഷാത് വാതസൃ"
ഗുദം, മൂത്രനാളം, യോനി എന്നിവയിലൂടെ ദ്രാവക രൂപത്തിലുള്ള മരുന്നുകൾ പ്രവേശിപ്പിക്കുന്നതിന് വസ്‌തി എന്നു പറയുന്നു. വസ്തി ദ്രവ്യങ്ങളെ ഗുദ മാർഗ്ഗേണ ശരീരത്തിനുള്ളിൽ പ്രവേശിപ്പിച്ച് ദോഷങ്ങളെ പുറന്തള്ളുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ഇതിൽ ഉപയോഗിയ്ക്കുന്ന ഔഷധങ്ങളുടെ മിശ്രണത്തിൽ വരുത്തുന്ന മാറ്റമനുസരിച്ച് ഇത് പലതരത്തിലുണ്ട്. വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ചികിത്സാ രീതികൾ തന്നെയാണ് പ്രധാന കർമ്മം, ഈ അഞ്ചു വിധം കർമ്മങ്ങൾ ഉള്ളതിനാലാണ് (പഞ്ചം - അഞ്ച്) പഞ്ചകർമ്മം എന്ന് ഈ ചികിത്സാ രീതിയെ വിളിക്കുന്നത്.
സ്നേഹവസ്തി എന്നും കഷായവസ്തി എന്നും വസ്തി ചികിത്സ 2 പ്രകാരത്തിൽ ഉണ്ട്. ദോഷങ്ങളെ ഗുദത്തിൽ കൂടിയും, യോനിദ്വാരത്തിൽ കൊടിയും, മൂത്രനാളിയിൽ കൂടിയും പുറത്തുകളയാൻ ആണ് വസ്തി ചികിത്സ ചെയ്യുന്നത്. എണ്ണ മുതലായ സ്നേഹങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന വസ്തിക്ക് അനുവാസനം (സ്നേഹവസ്തി) എന്നും കഷായം, പാൽ, എണ്ണ ഇവ കൊണ്ട് ചെയ്യുന്ന വസ്തിക്ക് നിരൂഹം (കഷായവസ്തി) എന്നും പറയുന്നു. ഈ കഷായവസ്തിക്ക് ദോഷങ്ങളെ വെളിക്കു കളയുന്നത് കൊണ്ട് നിരൂഹവസ്തി എന്നും ദോഷധാതുക്കളെ സ്വസ്ഥാനത്തിൽ സ്ഥാപിക്കുന്നത് കൊണ്ട് ആസ്ഥാപന വസ്തി എന്നും പേരുകൾ പറയപ്പെടുന്നു. ഈ കഷായവസ്തി യോജിപ്പിക്കുന്നതിന് ഒരു ക്രമമുണ്ട്. ആദ്യം കണക്കനുസരിച്ച് തേനൊഴിച്ച് ഇന്ദുപ്പ് പൊടിയിട്ട് നല്ലവണ്ണം ചാലിച്ച് യോജിപ്പിച്ച് സ്നേഹം ( നെയ്യ്, തൈലം) കുറേശ്ശെ ഒഴിച്ച് നല്ലവണ്ണം ചാലിച്ച് യോജിപ്പിച്ച് കല്ക്കം നല്ലവണ്ണം അരച്ച് വെച്ചിട്ടുള്ളത് ചേർത്ത് യോജിപ്പിക്കണം. പിന്നെ കഷായവും കുറേശ്ശെ ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് ആകെകൂടി കടഞ്ഞ് ചേർക്കണം. മൊത്തത്തിൽ വല്ലാതെ കൊഴുത്തോ നേർത്തോ ഇരിക്കരുത്. പിന്നീട് പാകമായ ചൂടോടുകൂടി ശാസ്ത്രത്തിൽ പറഞ്ഞ ക്രമമനുസരിച്ച് വസ്തി ചെയ്യണം.
മാത്രാവസ്തി എന്നൊരു വസ്തി കൂടിയുണ്ട്, മാത്രാവസ്തി എന്ന് പറയുന്നത് സ്നേഹവസ്തിയുടെ ഒരു വകഭേദമാണ്. മാത്രയനുസരിച്ച് ചെയ്യുന്നതുകൊണ്ടാണ് അതിനു മാത്രാവസ്തി എന്ന് പറയുന്നത്. ആദ്യം ദോഷങ്ങളുടെ ഉൾക്ലേശത്തെ ഉണ്ടാക്കുന്ന ഉൾക്ലേശന വസ്തിയും, മധ്യത്തിൽ ത്രിദോഷത്തെ ഹനിക്കുന്ന ദോഷഹര വസ്തിയും, പിന്നീട് ദോഷങ്ങളെ ശമിപ്പിക്കുന്ന സംശമനീയവസ്തിയും ആണ് വൈദ്യ മേൽനോട്ടത്തിൽ ചെയ്യുന്നത്. സ്നേഹകഷായ വസ്തികൾ ആർക്ക് ചെയ്യണം ആർക്ക് ചെയ്യാൻ പാടില്ല, വസ്തി വ്യാപത്തിനുള്ള ചികിത്സ എന്നതിനെക്കുറിച്ച് ശാസ്ത്രത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വസ്തി വേണ്ടതുപോലെ പ്രയോഗിച്ചാൽ ശരീരസൗന്ദര്യം, നിറം, ബലം, ആരോഗ്യം, ആയുർദൈർഘ്യവും ഉണ്ടാകും.
ഏതു പ്രായത്തിലും വാതരോഗങ്ങള്‍ ബാധിക്കാമെങ്കിലും പ്രായേണ മധ്യവയസ്സ് പിന്നിടുമ്പോഴാണ് ഈ രോഗം മനുഷ്യനെ കൂടുതല്‍ ആക്രമിക്കുന്നത്. ശരീരത്തിലെ എല്ലാ അര്‍ഥത്തിനും അനര്‍ഥത്തിനും കാരണം വാതമാണ് അതുകൂടാതെ മറ്റ് ദോഷങ്ങളെ (കഫം, പിത്തം) പ്രവര്‍ത്തിപ്പിക്കുന്നതും വാതമാണ്. ഈ വാതത്തിന്റെ പ്രധാന സ്ഥാനം പക്വാശയമായതിനാൽ ഈ പക്വാശയത്തില്‍ പ്രയോഗിക്കപ്പെടുന്ന വസ്തി ചികിത്സ വാതത്തിന്റെ പ്രധാന ചികിത്സയുമാകുന്നു. വാതം കോപിക്കുന്നതിനുള്ള പ്രധാനമായ കാരണങ്ങൾ ഇവയെല്ലാമാണ് ഭക്ഷണം കുറഞ്ഞ അളവില്‍ കഴിക്കുക, രൂക്ഷഗുണമുള്ളതും ശീതവുമായ ഭക്ഷണം കഴിക്കുക, വിരുദ്ധാഹാരം, കഠിനാധ്വാനം, ഉറക്കമൊഴിക്കല്‍, അതിയായ രക്തസ്രവണം, ധാതുക്ഷയം (സപ്തധാതുക്കള്‍), മലമൂത്ര വേഗങ്ങളെ തടുക്കുക, അഭിഘാതം, അതിയായ വ്യസനം എന്നീ കാരണങ്ങളാല്‍ സമാവസ്ഥയിലുള്ള വാതം വര്‍ധിച്ച് കോപിക്കുകയും പലവിധത്തിലുള്ള വാതരോഗങ്ങളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
വിവിധ കാരണങ്ങളാൽ കോപിച്ച വാതം ഏതേത് അവയവങ്ങളെ ബാധിക്കുന്നുവോ അതത് അവയവങ്ങള്‍ക്ക് ശോഷം, മരവിപ്പ്, തരിപ്പ്, നീര്, ചലനരാഹിത്യം, പലതരം വേദനകള്‍, ഉറക്കക്കുറവ്, മലമൂത്ര തടസ്സം എന്നിവ തല്‍ഫലമായി ഉണ്ടാകുന്നു. വിവിധതരം വസ്തികളെക്കുറിച്ച് ശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട് സ്‌നേഹ വസ്തി, ക്ഷീര വസ്തി, വൈതരണ വസ്തി, ബലാഗുളുച്യാദി വസ്തി, ദോഷഹര വസ്തി, മാധുതൈലിക വസ്തി, ദ്വിഞ്ചമൂലാദി വസ്തി, യാപന വസ്തി, സിദ്ധ വസ്തി മുതലായവ ഇതിന് ഉദാഹരണങ്ങളാണ്. ഇവ കൂടാതെ മൂത്രമാർഗത്തിലൂടെയും, യോനി മാർഗ്ഗത്തിലൂടെയും വസ്തി കർമ്മം പ്രയോഗിയ്ക്കാറുണ്ട് ഇതിനെ ഉത്തരവസ്തി എന്നു പറയുന്നു. ഇത് രോഗികളുടേയും രോഗത്തിന്റേയും അവസ്ഥ അനുസരിച്ച് ഡോക്ടറുടെ നിർദ്ദേശ പ്രകാരവും ഡോക്ടറുടെ സാന്നിദ്ധ്യത്തിലും മാത്രമേ ചെയ്യാൻ പാടുള്ളൂ.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തൃശ്ശൂർ
വളരെ പഠനാർഹം
ReplyDelete