Random Post

ശിരോധാരകൾ

ശിരോധാരകൾ
------------------------

ധാര എന്നാല്‍ അണമുറിയാതെയുള്ള പ്രവാഹം എന്നര്‍ഥം. ശിരസ്സില്‍ ചെയ്യുന്ന ധാരയാണ് ശിരോധാര. ആയുര്‍വേദശാസ്ത്രം അനുസരിച്ച് ശിരസ്സ് മര്‍മസ്ഥാനമാണ്. മര്‍മമെന്നാല്‍ ജീവന്റെ ഇരിപ്പിടം എന്നര്‍ഥം. മര്‍മത്തിന് പ്രത്യേകതയുണ്ട്. ഈ സ്ഥാനത്ത് ആഘാതമുണ്ടായാല്‍ (പരിക്കേറ്റാല്‍) തീവ്രമായ വേദനയോ അംഗവൈകല്യമോ മരണംതന്നെയോ സംഭവിക്കാം. 

ഇതിനൊരു മറുവശവുമുണ്ട്. മര്‍മസ്ഥാനങ്ങളില്‍ ശ്രദ്ധാപൂര്‍വം ചെയ്യുന്ന പ്രസാദനകര്‍മങ്ങള്‍ ജീവശക്തി വര്‍ധിപ്പിക്കുകയും (ജീവനം) ധാതുക്കളെ പ്രീണിപ്പിക്കുകയും (തര്‍പ്പണം) മനസ്സിന് ആഹ്ളാദം നല്‍കുകയും (ഹ്ളാദി) ബുദ്ധിവര്‍ധിപ്പിക്കുകയും (ബുദ്ധിപ്രബോധനം) ചെയ്യും. ധാരകള്‍ വിവിധ രീതികളില്‍ ഉണ്ടെങ്കിലും അവയില്‍ പ്രധാനം ശിരോധാരയാണ്. ശിരസില്‍ മാത്രമായി ചെയ്യാവുന്ന ധാരയാണ് ശിരോധാര.  തൈലധാര, തക്രധാര, ക്ഷീരധാര എന്നിവയാണ് ശിരോധാരകളില്‍ പ്രധാനം.

തൈലധാര
------------------
ഔഷധ സംസ്‌കൃതമായ തൈലം നെറ്റിയിലൂടെ ധാരപാത്രത്തില്‍ നിന്ന് ധാരയായി വീഴ്ത്തുന്ന പ്രക്രിയയാണ് ഇത്. ഊര്‍ധ്വ ജത്രു വികാരങ്ങളില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. തൈലധാര ചെയ്താൽ വാക്കിനും മനസ്സിനും സ്ഥിരതയും, ശരീരത്തിന് ബലവും, കണ്ണിനു തെളിവും, നേത്രരോഗം ഇല്ലാതിരിക്കുകയും, രക്തത്തിന് പുഷ്ടിയും, ദീർഘായുസ്സും, നല്ല ഉറക്കവും ഉണ്ടാകും അതുപോലെ മാനസിക സമ്മര്‍ദം കൊണ്ടുണ്ടാകുന്ന ഉറക്കമില്ലായ്മയിലും മറ്റ് അനുബന്ധ വികാരങ്ങളിലും ഇത് വളരെ ഫലപ്രദമാണ്. ധന്വന്തരം തൈലം, കാര്‍പ്പാസാസ്യാദി തൈലം, രസ തൈലം, ക്ഷീരബല തൈലം തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. മസ്തിഷ്ക സംബന്ധമായ രോഗങ്ങളിൽ  തൈലധാര വളരെ പ്രയോജനപ്രദമാണ്.

തക്രധാര
---------------
മോര് ഉപയോഗിച്ചുള്ള ധാരയാണു തക്രധാര. നെല്ലിക്കയും മുത്തങ്ങയും മറ്റുമരുന്നുകളും കഷായം വച്ച് ഒറഒഴിച്ച് കലക്കി അരിചെടുക്കും  കടഞ്ഞ് നെയ്യ് മാറ്റി മോരാക്കി അതുകൊണ്ടാണു തക്രധാര ചെയ്യുന്നത്.  സോറിയാസിസ്, എക്സിമ, പ്രമേഹം, ഉറക്കക്കുറവ്, അകാലനര, ഹൃദ്രോഗം ,അരുചി, അഗ്നിമാന്ദ്യം, നേത്രരോഗങ്ങൾ, തലവേദന ,ഓജക്ഷയം, മൂത്രദോഷം, ചിലതരം മാനസിക രോഗങ്ങള്‍ എന്നിവയില്‍ അതീവ ഫലപ്രദമാണു തക്രധാര.തലയില്‍ ചെയ്യുന്ന തക്രധാര എന്ന വിശേഷചികിത്സ പ്രമേഹരോഗികള്‍ക്ക് രണ്ട് വിധത്തില്‍ ഫലം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. തക്രധാരചികിത്സ ചെയ്യുന്ന കാലത്ത് ഇന്‍സുലിന്‍ കുത്തിവെപ്പിന്റെ അളവ് പരിമിതപ്പെടുത്താനാകുന്നു. പ്രമേഹത്തിന്റെ ഭാഗമായി കാണുന്ന ക്ഷീണം, ചുട്ടുപുകച്ചില്‍, ചൊറിച്ചില്‍ ഇവ കുറയ്ക്കാനും കഴിയുന്നു.

ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ.തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്. പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.

ക്ഷീരധാര
---------------
ഔഷധങ്ങള്‍ ചേര്‍ത്തു സംസ്ക്കരിച്ച പാലുകൊണ്ട് ചെയ്യുന്ന ധാരയാണു ക്ഷീരധാര. കുറുന്തോട്ടി, ഇരുവേലി, രാമച്ചം, ചന്ദനം, ഇരട്ടിമധുരം, തുടങ്ങിയ ഔഷധങ്ങളാണ് ഉപയോഗിക്കാറുള്ളത്.  വിവിധയിനം തലവേദനകള്‍, ഉറക്കക്കുറവ്, മാനസിക രോഗങ്ങള്‍ എന്നിവയില്‍ ഫലപ്രദമാണ് ക്ഷീരധാര. 

ശിരോധാര എന്ന ആയുര്‍വേദ ചികിത്സയുടെ താത്വികവശം ഇതാണ്, ധാര ചെയ്യുന്നത് ശിരസ്സില്‍ മാത്രമാണെങ്കിലും സര്‍വാംഗീണമായ ഫലം ലഭിക്കുന്നത്. നിശ്ചിതമായ ഉയരത്തില്‍ നിന്ന് ആവശ്യമായ സമയത്തേക്ക് ധാര ഇടമുറിയാതെ പ്രവഹിപ്പിക്കുന്നു ഇതാണ് ധാരാതത്വം. 

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments