കാവൽ മാലാഖമാർ

കാവൽ മാലാഖമാർ
-------------------------------

ഇതിനു മുമ്പ് ഞാൻ ദൈവദൂതൻമാരായ വിശുദ്ധ റഫായേൽ, മിഖായേൽ, ഗബ്രിയേൽ മാലാഖമാരെ കുറിച്ച് ഓരോ പോസ്റ്റുകൾ എഴുതിയിട്ടുണ്ട് ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത് ദൈവം നമ്മുടെ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുള്ള കാവൽമാലാഖമാരേ കുറിച്ചാണ്.

സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദർശിച്ച് കൊണ്ടാണിരിക്കുന്നതെന്നു ഞാൻ നിങ്ങളോടു പറയുന്നു’ (മത്താ. 18 : 10). 

ഈ വാക്കുകളിൽനിന്നു ഓരോ മനുഷ്യനും ഓരോ കാവൽ മാലാഖ ഉണ്ടെന്നു മനസിലാക്കാവുന്നതാണ്. ഓരോ രാജ്യത്തിനും ഓരോ നഗരത്തിനും ഓരോ സ്ഥാപനത്തിനും ഓരോ കാവൽ മാലാഖയുണ്ടെന്നു അഭിപ്രായമുണ്ട്.
ദൈവത്താല്‍ അയക്കപ്പെടുന്ന നമ്മുടെ സ്വര്‍ഗീയ സംരക്ഷകരാണ് കാവല്‍ മാലാഖമാർ. ഈ ലോക ജീവിതത്തില്‍ നിന്ന് അടുത്ത ജീവിതത്തിലേക്ക് നമ്മള്‍ പ്രവേശിക്കുമ്പോള്‍ മനുഷ്യരും മാലാഖമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഭൂമിയിലെ ജീവിതകാലത്ത് മാത്രമല്ല നമ്മുടെ മരണശേഷവും കാവല്‍മാലാഖയുടെ ദൗത്യം തുടര്‍ന്ന് കൊണ്ടിരിക്കുന്നുവെന്നാണ് യാഥാര്‍ത്ഥ്യം. നമ്മള്‍ ദൈവവുമായി ഐക്യപ്പെടുന്നത് വരെ കാവല്‍ മാലാഖയുടെ ദൗത്യം തുടര്‍ന്ന്‍ കൊണ്ടിരിക്കും. 

രക്ഷയുടെ അവകാശികൾ ആകാനിരിക്കുന്നവര്‍ക്ക് ശുശ്രൂഷ ചെയ്യുവാന്‍ അയക്കപ്പെട്ട സേവകാത്മാക്കളാണ് മാലാഖമാരെന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് (ഹെബ്രാ 1:14).

"ഓരോ വിശ്വാസിയുടേയും സമീപത്ത് അവന്റെ ജീവിതത്തിന് വഴികാട്ടിയും ഇടയനെന്നുപ്പോലെ സംരക്ഷകനായി ഒരു മാലാഖ ഉണ്ട് എന്നത് ആരും നിഷേധിക്കാതിരിക്കട്ടെ" വിശുദ്ധ ബേസില്‍ പറഞ്ഞതാണ് ഈ വാക്യങ്ങള്‍ (CCC 336). അങ്ങനെ നോക്കുമ്പോള്‍ മനുഷ്യകുലത്തിന്റെ മോക്ഷമാണ് മാലാഖമാരുടെ പ്രഥമ കര്‍ത്തവ്യം. മരണ സമയത്ത് പിശാചിന്റെ അവസാന ആക്രമണത്തില്‍ നിന്നും നമ്മളെ രക്ഷിക്കുവാന്‍ നമ്മുടെ അവസാന നിമിഷത്തിലും കാവല്‍മാലാഖ നമ്മുടെ ആത്മാവിനൊപ്പമുണ്ടായിരിക്കുമെന്നാണ് സഭാ പിതാക്കന്‍മാര്‍ പറഞ്ഞിട്ടുള്ളത്.

ആത്മാവ് ശരീരത്തില്‍ നിന്നും വിട്ടുപിരിയുന്ന അവസരത്തില്‍ നമ്മുടെ കാവല്‍ മാലാഖ നമ്മെ അനുഗമിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നു വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗ പറയുന്നു. അതുവഴി നമുക്ക് കര്‍ത്താവിന്റെ ന്യായാസനത്തിനു മുന്നില്‍ നില്‍ക്കുവാനുള്ള ധൈര്യം നല്‍കുന്നുണ്ട്. വിധിക്ക് ശേഷം ആത്മാവ് ശുദ്ധീകരണ സ്ഥലത്തേക്കാണ് പോകുന്നതെങ്കില്‍ നമ്മുടെ കാവല്‍മാലാഖ നമ്മെ ശുദ്ധീകരണ സ്ഥലത്ത് നിരന്തരം സന്ദര്‍ശിക്കുകയും, നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരിക്കല്‍ നാം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് നമ്മളെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നും വിശുദ്ധന്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഇതില്‍ നിന്നും നമ്മുടെ കാവല്‍മാലാഖയുടെ ദൗത്യം മരണത്തോടെ അവസാനിക്കുന്നില്ലെന്നും ദൈവവുമായുള്ള ഐക്യംവരെ അത് നീളുന്നുണ്ടെന്നും വ്യക്തമാണ്. ആത്മാവ് ദൈവത്തോടൊപ്പം ആയിരിക്കുവാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, അത് കാവല്‍ മാലാഖയോടൊപ്പം ചേര്‍ന്ന്‍ ദൈവത്തെ സ്തുതിക്കുവാന്‍ തുടങ്ങുന്നു. എന്നാല്‍ ദൈവത്തോടൊപ്പമായിരിക്കുവാന്‍ ആത്മാവ് ആഗ്രഹിക്കുകയും, അതേസമയം അതിനു വിഘാതമായി അല്‍പ്പമെങ്കിലും അശുദ്ധി ആത്മാവില്‍ ഉണ്ടാവുകയും ചെയ്‌താല്‍ അത് ശുദ്ധീകരിക്കപ്പെടേണ്ടതിനായി ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നു. ഈ സാഹചര്യത്തില്‍ ദൈവസന്നിധിയില്‍ ശുദ്ധിയുള്ള കാവല്‍ മാലാഖക്ക് ആത്മാവിന്റെ ശുദ്ധീകരണ പ്രക്രിയയില്‍ പങ്കുചേരേണ്ട ആവശ്യമില്ല.

ഈ സമയത്ത് ശുദ്ധീകരണസ്ഥലത്ത് നിന്നുള്ള നമ്മുടെ മോചനത്തിനായി ദൈവസന്നിധിയില്‍ മാധ്യസ്ഥം വഹിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും നമ്മുടെ കാവല്‍മാലാഖക്ക് കഴിയും. ദൈവത്തിന്റെ നീതിയേയും, വിശുദ്ധിയേയും, മഹത്വത്തേയും വാഴ്ത്തുകയാണ് ആ ആത്മാവിന്റെ കാവല്‍ മാലാഖയുടെ ദൗത്യം. ദൈവത്തിന് പൂര്‍ണ്ണമായി വിധേയപ്പെട്ട് കഴിയുന്ന കാവല്‍ മാലാഖ സ്വര്‍ഗ്ഗം, ശുദ്ധീകരണസ്ഥലം, നരകം എന്നീ മൂന്ന്‍ സാഹചര്യങ്ങള്‍ ഏതാണെങ്കില്‍ പോലും ദൈവത്തിന്റെ വിധിന്യായത്തെ അംഗീകരിക്കുകയും അതില്‍ സന്തോഷിക്കുകയുമാണ്‌ ചെയ്യുന്നത്.

മാലാഖമാർ നമുക്കു വേണ്ടി പ്രാർത്ഥിക്കുന്നു.(ഏശ 6, 3: വെളിപാട്4:8) 

നമുക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു. (തോബി.12:12; വെളിപാട് .5:8 ; 8:3) 

മാലാഖമാരുടെ പരിപൂർണതയനുസരിച്ചു മൂന്ന് ഹയരാർക്കികളുണ്ട്; ഓരോ ഹയരാർക്കിയിലും മൂന്ന് വൃന്ദങ്ങളുണ്ട്. (1) സ്രാപ്പേന്മാർ, കെരൂബുകൾ, സിംഹാസനങ്ങൾ (2) അധികാരികൾ, ശക്തികൾ, ബലവത്തുകൾ (3) പ്രധാനികൾ, മുഖ്യദൈവദൂതന്മാർ, ദൈവദൂതന്മാർ. ദൈവദൂതന്മാർ അഥവാ മാലാഖമാർ എന്ന പദം 9 വൃന്ദം മാലാഖമാരെപ്പറ്റിയും പ്രയോഗിക്കുമെങ്കിലും കാവൽ മാലാഖമാർ ഈ ഒമ്പതാമത്തെ വൃന്ദത്തിൽ നിന്നു മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. 

പുതിയ നിയമത്തിൽ വിശുദ്ധ  യൗസേപ്പിതാവിനും (മത്തായി 1:20, 24; 2:13,19) മറിയത്തിനും (ലൂക്ക 1:26-38) ദൈവദൂതന്റെ ദര്‍ശനങ്ങള്‍ ഉണ്ടാകുന്നതായി നമുക്കു വായിക്കാന്‍ കഴിയും. സ്‌നാപക യോഹന്നാന്റെ പിതാവായ സഖറിയായ്ക്കും (ലൂക്ക 1:11) ദൈവദൂതന്‍ ദര്‍ശനം നല്‍കുന്നുണ്ട്. യേശുവിന്റെ ജനനത്തെപ്പറ്റി ആട്ടിടയന്മാരെ അറിയിക്കുന്നത് ദൈവദൂതന്മാരാണ് (ലൂക്ക 2:9-10). നാല്പതു ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ച യേശുവിനെ ദൈവദൂതരാണ് പരിചരിച്ചത്. ഗെത്സമേനിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു കര്‍ത്താവിനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടിരുന്നു (ലൂക്ക 22:43). കര്‍ത്താവിന്റെ ദൂതന്മാര്‍ അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം കല്ലറയില്‍ ഇരുന്നിരുന്നതായി നാം കാണുന്നുണ്ട് (മത്തായി 28:2, യോഹന്നാന്‍ 20:12). കാരാഗൃഹത്തിലായിരുന്ന അപ്പസ്‌തോലന്മാരെ കര്‍ത്താവിന്റെ ദൂതന്‍ വാതിലുകള്‍ തുറന്ന് പുറത്തു കൊണ്ടു വന്നു. (അപ്പ. പ്രവ. 5:19). അപ്പസ്‌തോലനായ ഫിലിപ്പിന് ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു സംസാരിക്കുന്നുണ്ട് (അപ്പ. പ്രവ. 8:26). കാരാഗൃഹത്തിലായിരുന്നു പത്രോസിനെ ബന്ധനങ്ങളില്‍ നിന്നെല്ലാം മോചിപ്പിക്കുന്നതും ദൈവദൂതനാണ് (അപ്പ. പ്രവ. 12:7). കാവൽ മാലാഖമാരുടെയും, ദൈവദൂതന്മാരുടെയും   ശക്തമായ സാന്നിധ്യം വെളിവാക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ബൈബിളിൽ ഉടനീളം നമുക്ക് കാണുവാൻ സാധിക്കും.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തൃശ്ശൂർ

Comments