Random Post

പരിശുദ്ധ ദൈവമാതാവ്

പരിശുദ്ധ ദൈവമാതാവ്
--------------------------------------

പരിശുദ്ധ ദൈവമാതാവിനെ കുറിച്ച് ഒരു ലേഖനം എഴുതണം എന്ന് കുറച്ച് ദിവസമായി ആഗ്രഹിക്കുന്നു. അതിന് പ്രധാനമായ കാരണം തേൻ പോലെ മധുരമായ ദൈവവചനം വളച്ചൊടിച്ച് തോന്നിയപോലെ വ്യാഖ്യാനിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ചിലർ വചനഭാഗങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നത് കണ്ട് കഴിഞ്ഞാൽ അവരുടെ നാവിൽ നിന്ന് വരുന്നത് സൈനൈഡിനേക്കാളും വിഷമാണ് എന്ന് തോന്നിപ്പോകും. പണ്ടുകാലത്തും  ഇന്നത്തെ കാലത്തും രക്ഷകനായ ഈശോയെ പ്രവാചകനായി കാണുന്ന ചില യഹൂദരുള്ളതുപോലെ പരിശുദ്ധ അമ്മയെ കന്യകയായി മനസ്സിലാക്കാനോ, ഈശോയുടെ കൃപയുള്ളവളയി കാണാനോ, പരിശുദ്ധ ദൈവമാതാവായി കാണാനും കഴിയാതെ സോഷ്യൽ മീഡിയ വഴി എന്തൊക്കെയോ പാഷാണ്ഡതകൾ (തെറ്റായ മതപരമായ പ്രബോധനങ്ങളും സിദ്ധാന്തങ്ങളും) പുലമ്പുന്ന ചില സ്വയംപ്രഖ്യാപിത പ്രവാചകന്മാർക്ക് ഒരു മറുപടി എഴുതണമെന്ന് തോന്നി. 

അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും.യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
(ഏശയ്യാ 7 : 14)

ദൈവം ഏല്പിച്ച ഏററവും വലിയ ദൗത്യമാണ് സുവിശേഷ പ്രഘോഷണം. പരിശുദ്ധാത്മാവിന്റെ പ്രചോദനം സ്വീകരിച്ച് സന്മനസ്സോടെ സുവിശേഷ പ്രഘോഷണത്തിൻ ഇറങ്ങുന്നവരെ എനിക്കിഷ്ടമാണ് അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നവരോട് വെറുപ്പും. പരിശുദ്ധാരൂപിയാൽ പ്രേരിതരായി സുവിശേഷം പ്രസംഗിക്കുന്നു എന്ന് അവകാശപ്പെടുന്ന പലരും ദുഷ്ടാരൂപിയാൽ പ്രേരിതരായി സുവിശേഷം ദുർവ്യാഖ്യാനം ചെയ്യുന്നവർ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. 

കര്‍ത്താവു സകല വിശ്വാസികളോടും ഇങ്ങനെ കല്‍പിച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്‌ഷ വ്യാപിപ്പിക്കുന്നതിന്‌ വിജാതീയര്‍ക്ക്‌ ഒരു ദീപമായി നിന്നെ ഞാന്‍ സ്‌ഥാപിച്ചിരിക്കുന്നു.
(അ. പ്ര 13 : 47 )

യേശുവിന്റെ അമ്മ മറിയത്തിന് കത്തോലിക്കരും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഉൾപ്പെടെയുള്ള ക്രിസ്തീയവിഭാഗങ്ങൾ കല്പിക്കുന്ന ഒരു പദവിയാണ് ദൈവമാതാവ്. പൗരസ്ത്യസഭകളിൽ 'ദൈവസംവാഹക' എന്നർത്ഥമുള്ള 'തിയോടോക്കോസ്' എന്ന പേരാണ് ഈ പദവി സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. പൊതുവർഷം 431-ൽ എഫേസോസിൽ നടന്ന ഒന്നാം സൂനഹദോസ്, യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തു ചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം 'ദൈവജനനി' അല്ലെങ്കിൽ 'ദൈവസംവാഹക' (Theotokos) ആണെന്നു തീർപ്പുകല്പിച്ചിരുന്നു. ഈ വാക്കിന്റെ അർത്ഥം  ദൈവമാതാവ്  അല്ലെങ്കിൽ ദൈവപ്രസവിത്രി എന്നാണ്. ക്രിസ്തീയ ദൈവശാസ്ത്രമനുസരിച്ച്  ഈ പേരിന്റെ പ്രാധാന്യം വലിയതാണ്. കാരണം ഈ പേര്, ക്രിസ്തു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നുള്ള സൂചന നൽകുന്നു മറിയത്തിനു കല്പിക്കപ്പെടുന്ന ഈ ബഹുമതിയ്ക്കു പിന്നിൽ അഞ്ചാം നൂറ്റാണ്ടിലെ മേല്പറഞ്ഞ തീരുമാനമാണ്.

മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു'' (ലൂക്കാ 1: 38).

റോമൻ കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും മറിയത്തെ നിത്യകന്യകയായ ദൈവമാതാവായി വണങ്ങുകയും, പാപം കൂടാതെ ഗർഭം ധരിച്ചവളാകയാൽ ദൈവകൃപയാൽ പ്രത്യേകമായ പ്രീതി ലഭിച്ചവളായി ഗണിക്കുകയും ചെയ്യുന്നു. ലോകജീവിതത്തിന്റെ പൂർത്തീകരണത്തിൽ മറിയം സ്വർഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടതായും ക്രൈസ്തവർ വിശ്വസിക്കുന്നു.
ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ആദ്യകിരണമെന്ന നിലയിലാണ് പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിനെ നാം കൊണ്ടാടുന്നത്. മനുഷ്യവംശത്തിന്റെ രക്ഷാകര ചരിത്രത്തില്‍ പരിശുദ്ധ മാതാവിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. മാത്രമല്ല ദൈവം തന്റെ സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ ഏറ്റവും ഉന്നതമായ ദൗത്യമാണ് പരിശുദ്ധ അമ്മക്ക് നല്‍കിയിട്ടുള്ളത്. 

മിക്കാ പ്രവാചകൻ എഴുതുന്നു: ‘ബേത്‌ലെഹെം-എഫ്രാത്താ, യൂദാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും, ഇസ്രായേലിനെ ഭരിക്കേണ്ടവൻ, എനിക്കായി, നിന്നിൽ നിന്നും പുറപ്പെടും. അവൻ പണ്ടേ, യുഗങ്ങൾക്കു മുമ്പേ, ഉള്ളവനാണ്”(5:2-3).

പരിശുദ്ധ അമ്മയെ സംബന്ധിച്ചു നാലു വിശ്വാസ സത്യങ്ങള്‍ ഉണ്ട്. കത്തോലിക്കരായ നമ്മള്‍ ഇവ വിശ്വസിക്കുവാന്‍ കടപ്പെട്ടവരാണ്. ദൈവമാതാവ്, നിത്യകന്യക, അമലോത്ഭവ, സ്വര്‍ഗ്ഗാരോപിത ഇവയാണ് പരിശുദ്ധ അമ്മയെക്കുറിച്ചുള്ള നാല് വിശ്വാസ സത്യങ്ങള്‍.മറിയം ദൈവമാതാവ്
ലോകത്തില്‍ മറ്റൊരു മനുഷ്യവ്യക്തിക്കും ലഭിക്കാത്ത സ്ഥാനമാണ് മറിയത്തിന്റെ ദൈവമാതൃസ്ഥാനം. മറിയം എന്റെ ദൈവത്തിന്റെ അമ്മയാണ്. മറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് വിളിക്കുമ്പോള്‍ അവളുടെ പുത്രന്‍ ദൈവമാണെന്ന് നമ്മള്‍ ഏറ്റുപറയുന്നു.പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ എലിസബത്താണ് മറിയത്തെ ആദ്യമായി ”എന്റെ കര്‍ത്താവിന്റെ അമ്മ” എന്ന് വിളിക്കുന്നത് (ലൂക്ക 1:43).

പരിശുദ്ധ അമ്മയെക്കുറിച്ച് വെളിപാട് പന്ത്രണ്ടാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നത് താഴെ കൊടുത്തിരിക്കുന്നു.

സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
വെളിപാട്‌ 12 : 1

അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നില വിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി.
വെളിപാട്‌ 12 : 2

സ്വര്‍ഗത്തില്‍ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്‌നിമയനായ ഒരുഗ്ര സര്‍പ്പം. അതിനു ഏഴു തലയും പത്തു കൊ മ്പും. തലകളില്‍ ഏഴു കിരീടങ്ങള്‍.
വെളിപാട്‌ 12 : 3

അതിന്‍െറ വാല്‍ ആകാശത്തിലെ നക്‌ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക്‌ എറിഞ്ഞു. ആ സ്‌ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു.
വെളിപാട്‌ 12 : 4

അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്‍ഡുകൊണ്ട്‌ ഭരിക്കാനുള്ളവനാണ്‌ അവന്‍ . അവളുടെ ശിശു ദൈവത്തിന്‍െറയും അവിടുത്തെ സിംഹാസനത്തിന്‍െറയും അടുത്തേക്ക്‌ സംവഹിക്കപ്പെട്ടു.
വെളിപാട്‌ 12 : 5

ആ സ്‌ത്രീ മരുഭൂമിയിലേക്ക്‌ ഓടിപ്പോയി. അവിടെ ആയിരത്തിയിരുന്നൂറ്റിയറുപതു ദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്‌ജമാക്കിയ ഒരു സ്‌ഥലമുണ്ടായിരുന്നു.
വെളിപാട്‌ 12 : 6

1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ 'മാതാവിന്റെ സ്വര്‍ഗ്ഗാരോപണം' കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമാണ് എന്ന് പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും. പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ കാതല്‍. ഇതോടു കൂടി ഒരു പുരാതനവിശ്വാസം കത്തോലിക്കാ സിദ്ധാന്തമാവുകയും, ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട ഒരു സത്യമാണ് സ്വര്‍ഗ്ഗാരോഹണം എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാർത്ഥന
-----------------------------------------------------

നന്മനിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി,കർത്താവ് അങ്ങയോടു കൂടെ, സ്ത്രീകളിൽ അങ്ങു അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു,അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ.

ആമേൻ

ഈ പ്രാർത്ഥനയുടെ ഉൽഭവം ഞാൻ താഴെ പറയുന്നു ദൈവവചനങ്ങളിൽ നിന്നാണ്.
---------------------------------------------------------

ദൈവദൂതനായ ഗബ്രിയേല്‍ ഇങ്ങനെ പറയുന്നു; “ദൈവകൃപ നിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ ” (ലൂക്കാ:1; 28)

യോഹന്നാന്റെ അമ്മ എലിസബത്ത് പരിശുദ്ധാത്മാവില്‍ പൂരിതയായി പറഞ്ഞവയാണ്. “നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്”(ലൂക്കാ:1 ;42 ,43 ). 

പ്രാർത്ഥനയുടെ അടുത്തഭാഗം നോക്കാം. ‘പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ’ എന്നത് ഗബ്രിയേല്‍ ദൂതന്റെയും എലിസബത്തിന്റെയും വാക്കുകളില്‍ അടങ്ങിയിട്ടുണ്ട്. കൃപ നിറഞ്ഞവളെന്നും കര്‍ത്താവ് കൂടെയുള്ളവളെന്നും പറയുമ്പോള്‍ പരിശുദ്ധയെന്നു മനസ്സിലാക്കാന്‍ കത്തോലിക്ക സഭക്ക് കൂടുതല്‍ വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. എന്റെ കര്‍ത്താവിന്റെ അമ്മ എന്ന് പറയുന്നതും തമ്പുരാന്റെ അമ്മയെന്ന് പറയുന്നതും ഒന്ന് തന്നെയാണെന്ന് മനസ്സിലാക്കണം.

ഇനിയുള്ള ഒരു വാചകം മാത്രമെ കത്തോലിക്കസഭ കൂട്ടിച്ചേര്‍ത്തതായിട്ടുള്ളു. അത് ഇപ്രകാരമാണ്. ‘ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ!’ പൌലോസ് അപ്പസ്തോലന്‍ മറ്റു സാധാരണ വിശ്വാസികളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നത് ബൈബിളില്‍ പലയിടത്തും കാണാം.

“അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി പ്രാർത്ഥിക്കുവിന്‍. ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്റെ രഹസ്യം ധൈര്യപൂര്‍വ്വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവീന്‍
 “(എഫേ:6 ;18 ,19 ).

നന്ദി

🌹🌹🌹🌹ഹെയിൽ മേരി 🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments