എന്നെ സമീപിക്കുന്ന രോഗികൾ

ആയുർവേദ ഡോക്ടർ എന്ന നിലയ്ക്ക് ചികിത്സയ്ക്കായി എന്നെ സമീപിക്കുന്ന രോഗികൾ പലവിധ സ്വഭാവ സവിശേഷതകൾ ഉള്ളവരാണ്. ഇടയ്ക്കൊക്കെ നമ്മളെ വളരെയധികം ആത്മാർത്ഥമായി സ്നേഹിക്കുകയും വളരെയധികം വിശ്വസിക്കുകയും ചെയ്യുന്ന ചില രോഗികളെ ചികിത്സിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും അവരെന്നെ ചികിത്സയ്ക്കായി സമീപിക്കുന്നത് പല ഡോക്ടർമാരുടെയും അടുത്ത് പോയി ചികിത്സ ചെയ്തു യാതൊരുവിധ ഫലപ്രാപ്തി കിട്ടാതെയാണ്.
ചില രോഗികളെ കാണുമ്പോൾ എനിക്ക് തന്നെ സംശയം തോന്നാറുണ്ട് ഈ രോഗം എന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒന്നാണോ എന്ന്. പക്ഷേ രോഗികൾ നമ്മളിൽ അർപ്പിക്കുന്ന വിശ്വാസം ഒന്നുകൊണ്ടു മാത്രം പലപ്പോഴും കുറച്ചു സമയദൈർഘ്യം എടുത്തിട്ടാണെങ്കിലും അവരെ ചികിത്സിച്ചു സുഖപ്പെടുത്തുവാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്ന് ആത്മസംതൃപ്തിയോട് കൂടി തന്നെ പറയാം.
എനിക്ക് തോന്നുന്നു പലപ്പോഴും രോഗികൾ ഒരു വൈദ്യനിൽ അർപ്പിക്കുന്ന വിശ്വാസമാണ് ആ രോഗിയെ സുഖപ്പെടുത്തുന്നതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. പക്ഷേ ഇടയ്ക്ക് ചില രോഗികളെ ചികിത്സിക്കേണ്ടി വന്നിട്ടുണ്ട് അവരുടെ പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അവർ നമ്മുടെ അടുത്ത് ചികിത്സക്ക് വരുന്നത് തന്നെ ഒരു സംശയത്തോട് കൂടിയാണ് ഈ ആയുർവേദ മരുന്ന് കഴിച്ചാൽ രോഗം മാറുമോ എന്ന അന്തർലീനമായ സംശയം അവരുടെ ഉള്ളിൽ ഉണ്ടാവും.
ഇവരെ ചികിത്സിച്ച് സുഖപ്പെടുത്തിയാൽ തന്നെ അത് ആയുർവേദ മരുന്നു കഴിച്ചാണ് മാറിയത് എന്ന് പറയാൻ തന്നെ അവർക്ക് ഒരു പ്രയാസമാണ്. പിന്നെ ഇത്തരത്തിലുള്ള 'ശങ്ക' കൂടിയ രോഗികളെ പലപ്പോഴും മറ്റു വൈദ്യന്മാരുടെ അടുത്തേക്കു റഫർ ചെയ്യുകയാണ് പതിവ് കാരണം ഇവരെ ചികിത്സിക്കുന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാണ് ഈ 'ശങ്ക രോഗികളെ' ചികിത്സിച്ചാലും കുറ്റം, ചികിത്സിച്ചില്ലെങ്കിൽ കുറ്റം. അതുകൊണ്ട് അവർക്ക് ഇഷ്ടപ്പെട്ട വിശ്വാസയോഗ്യരായ മറ്റു ഏതെങ്കിലും ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞയച്ച് ആ തലവേദന ഒഴിവാക്കാം.
എന്നാൽ ഇവരിൽ ചില രോഗികൾ 'ഞാൻ പോകുന്നില്ല ഡോക്ടർ തന്നെ ചികിത്സിച്ചാൽ മതി' എന്ന് പറയും അവരെ നിർബന്ധിച്ചു ആ ഡോക്ടറെ പോയി കണ്ടോളൂ അദ്ദേഹമാണ് കൂടുതൽ നല്ലത് എന്ന് പറഞ്ഞ് സന്തോഷത്തോടെ പറഞ്ഞു വിടും. പലപ്പോഴും രോഗങ്ങൾ സുഖ സാധ്യമാണെങ്കിലും ചില രോഗികളെ ഇത്തരത്തിൽ റഫർ ചെയ്തു വിടുന്നതിന് കാരണം ആ രോഗിയോടുള്ള ഇഷ്ടകുറവല്ല എന്നതാണ് വാസ്തവം.
ഇത്തരം 'ശങ്ക രോഗികളെ' ചികിത്സിക്കാൻ പൊതുവേ വളരെ ബുദ്ധിമുട്ടാണ് കാര്യം ചിലപ്പോൾ രോഗം സുഖ സാധ്യമാണെങ്കിലും വൈദ്യനിൽ രോഗി അർപ്പിക്കുന്ന വിശ്വാസം തന്നെയാണ് സൗഖ്യത്തിന് കാതലായ വശം എന്നു പറയുന്നത്. അത് ചികിത്സിക്കുന്ന വൈദ്യന് കിട്ടിയില്ലെങ്കിൽ ചികിത്സിക്കാനും വൈദ്യന് ഒരു മടുപ്പുണ്ടാകും.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments