വീണ്ടുമൊരു ഹിറ്റ്ലർ ജനിക്കാതിരിക്കട്ടെ
--------------------------------------------------------------
ഹിറ്റ്‌ലറും നാസിഭീകരതയും ഭൂമുഖത്തുനിന്നു മറഞ്ഞിട്ട് ആറരപതിറ്റാണ്ടായി. രണ്ടാംലോക മഹായുദ്ധകാലത്ത് നാസികള്‍ 60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഭീതിയുടെ ആ നാളുകള്‍ ഇന്നും സിനിമകളിലൂടെ പുനര്‍ജനിക്കുന്നു. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഓള്‍ഗ, ദ കൗണ്ടര്‍ഫീറ്റേഴ്‌സ് തുടങ്ങിയ സമീപകാല ചിത്രങ്ങളില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്.
രണ്ട് ഓസ്ട്രിയൻ ചിന്തകരുടെ സ്വാധീനവലയത്തിലാണ് ഹിറ്റ്‍ലറുടെ രാഷ്ട്രീയം വികസിതമാകുന്നത് എന്ന കാര്യം പ്രസിദ്ധമാണ്. ആദ്യത്തേത്, ജർമൻ ദേശീയതാവാദിയായ ജോർജ് റിട്ടർ വോൺ ഷോണറർ ആയിരുന്നു. ഓസ്ട്രിയയുടെ ജർമൻ ഭൂരിപക്ഷ പ്രവിശ്യകൾ ജർമൻ സാമ്രാജ്യത്തോട് ചേർക്കപ്പെടണം എന്ന വാദമുഖം നിരത്തിയ ആളാണ് ഷോണറർ. ജൂതർക്ക് ഒരിക്കലും പൂർണമായ അർത്ഥത്തിൽ ജർമൻ പൗരന്മാരായിരിക്കാൻ കഴിയില്ല എന്നും അയാള്‍ കരുതി.
രണ്ടാമത്തെയാൾ വിയന്നയുടെ മേയറായിരുന്ന കാൽ ള്യൂഗർ ആയിരുന്നു. ആന്റി സെമിറ്റിസത്തിന്റെ പ്രാഥമികപാഠങ്ങൾ ഹിറ്റ്‍ലർ അഭ്യസിക്കുന്നത് ആ ദർശനങ്ങളിൽ നിന്നാണ്. യഹൂദവിരോധം സാമൂഹ്യപുരോഗതിക്ക് എന്നതായിരുന്നു അയാളുടെ ലൈൻ. മെയ്ൻ കാംഫിൽ ഹിറ്റ്‍ലർ ള്യൂഗറെ വിളിക്കുന്നത്, 'എക്കാലത്തെയും ഏറ്റവും മഹാനായ ജർമൻ മേയർ' എന്നാണ്. അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ 1933 അധികാരം കൈവന്നപ്പോൾ ഹിറ്റ്‍ലർ പ്രാവർത്തികമാക്കി.
"തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും” എന്ന് ജര്‍മ്മനിയിലെഴുതിയ വാക്യമാണ് ഒറാനിയന്‍ ബര്‍ഗയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. അസഹ്യമായ പീഡനത്തിനൊടുവിലെ മരണമാണ് സ്വാതന്ത്ര്യം എന്ന് അറിഞ്ഞും അറിയാതെയും കയറിയ പതിനായിരക്കണക്കിന് തടവുകാരുടെ ക്യാമ്പ്.
വിപ്ലവത്തിന്റെയും അക്രമത്തിന്റെയും പശ്ചാത്തലത്തിൽ ഹിറ്റ്‍ലറുടെ ജൂതവിരോധം പതുക്കെ തീവ്രവാദമായി വളർന്നുകൊണ്ടിരുന്നു. ജൂതർക്കെതിരെയുള്ള അക്രമങ്ങളെ താൻ പിന്തുണയ്ക്കുന്നില്ല എന്ന് ഹിറ്റ്‍ലർ പരസ്യമായി പറഞ്ഞുകൊണ്ടിരുന്നു എങ്കിലും, അയാള്‍ ജൂതവിരുദ്ധചിന്തയുടെ പ്രയോക്താവായിരുന്നു. അതിന് നിയമപരമായ സാധുത നൽകി അധികം താമസിയാതെ ജൂതരെ തുരത്താനുള്ള പദ്ധതികൾക്ക് ഹിറ്റ്‍ലർ തുടക്കമിടുന്നുണ്ട്.
ഹിറ്റ്‍ലർ ജൂതരെ രോഗാണുക്കൾ എന്ന് വിളിക്കുന്നത് 1920 -ൽ ആണ്. രോഗങ്ങൾ പരത്തുന്ന അണുക്കളെ നിർമാർജ്ജനം ചെയ്യാതെ രോഗങ്ങൾ നിയന്ത്രണാധീനമാക്കാൻ സാധിക്കില്ല എന്ന് അയാള്‍ ഒരു പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ സമൂഹത്തിൽ നിന്ന് 'ജൂതചിന്ത' നീക്കം ചെയ്യാതെ ജൂതരെക്കൊണ്ടുള്ള ശല്യം തീരില്ല എന്നും പറഞ്ഞു അയാളുടെ ഈ തീവ്രചിന്താസരണികളാണ് പിന്നീട് 1940 -ന് ശേഷമുള്ള ഒരു പതിറ്റാണ്ടുകാലം അയാളെക്കൊണ്ട് ജൂതർക്കെതിരെ അക്രമങ്ങൾ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്.
എല്ലാം തുടങ്ങുന്നത് 1933 -ൽ ഹിറ്റ്‍ലർ ജർമനിയുടെ ചാൻസലറായി അവരോധിക്കപ്പെടുന്നതോടെയാണ്. ചാൻസലർ പദവിയിൽ ഏറിയപാടെ ഹിറ്റ്‍ലർ എടുത്ത ആദ്യതീരുമാനം, രാജ്യത്തുനിന്ന് ഒഴിവാക്കപ്പെടേണ്ട ജൂതന്മാരായ പൗരന്മാരുടെ പട്ടിക തയ്യാറാക്കുകയാണ്. അവരെ പാർപ്പിക്കാൻ വേണ്ടി ജർമനിയിൽ അങ്ങോളമിങ്ങോളം കോൺസൻട്രേഷൻ ക്യാമ്പുകളുടെ ശൃംഖല തന്നെ ഹിറ്റ്‍ലർ കെട്ടിപ്പടുത്തു. 1933 മാർച്ച് 22 -ന് ദഷാവുവിൽ ആദ്യത്തെ ക്യാമ്പ്. മാർച്ച് 24-ന് എനേബിളിങ്ങ് ആക്റ്റ് പാസാക്കിയതോടെ ഹിറ്റ്ലർക്ക് പരമാധികാരം കൈവന്നു.
ഗവണ്മെന്റ് സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും ജൂതരെ ഒറ്റപ്പെടുത്തിത്തുടങ്ങി. ജൂതരുടെ കച്ചവടങ്ങൾ ബഹിഷ്കരിക്കപ്പെട്ടു. അവർക്കെതിരെ ന്യൂറംബർഗ് നിയമങ്ങളെന്ന പേരിൽ കരിനിയമങ്ങൾ പലതും നടപ്പിലാക്കി. അധികം താമസിയാതെ ജൂതരുടെ കച്ചവടസ്ഥാപനങ്ങൾ പലതും കൊള്ളയടിക്കപ്പെട്ടു. തീവെച്ചു നശിപ്പിക്കപ്പെട്ടു. 1939-ൽ പോളണ്ടിനെ അക്രമിച്ചുകൊണ്ട് ജർമനി രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കമിടുന്നു.
യുദ്ധം തുടങ്ങിയതോടെ ജൂതർക്കെതിരെയുള്ള പ്രതികാര നടപടികൾ പിന്നെയും കടുത്തു. ജർമ്മനിയിലെ യഹൂദപൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് അറസ്റ്റുചെയ്തുകൊണ്ടുവന്ന് ഓഷ്വിറ്റ്സിലെയും ബെയ്സെക്കിലെയും, കെൽമ്നോയിലെയും മറ്റും കോൺസൻട്രേഷൻ ക്യാമ്പുകളിൽ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നിർബന്ധിതമായി പാർപ്പിക്കാൻ തുടങ്ങി. കൂട്ടത്തോടെ ജൂതരെ വധിക്കുന്നതിന് പാർലമെന്റ് തന്നെ കൊലയാളി സംഘങ്ങൾക്ക് അംഗീകാരം നൽകി. യുദ്ധത്തിന്റെ ആദ്യത്തെ അഞ്ചു വർഷത്തിനുള്ളിൽ തന്നെ പന്ത്രണ്ടു ലക്ഷത്തിലധികം ജൂതർ വധിക്കപ്പെട്ടു.
നാസികളുടെ ജൂതവിരോധത്തിന്റെ മറ്റൊരു വികൃത മുഖം ജൂതതടവുകാരുടെ മേൽ നടത്തിയ വൈദ്യപരീക്ഷണങ്ങളാണ്. ഏഴായിരത്തിലധികം തടവുകാർക്കുമേൽ ധാർമികതയുടെ സകല സീമകളും അതിലംഘിച്ചുകൊണ്ടുള്ള ക്രൂരമായ പല വൈദ്യശാസ്ത്ര പരീക്ഷണങ്ങളും നടത്തപ്പെട്ടു. ജോസഫ് മെൻഗലെ എന്ന കുപ്രസിദ്ധനായ ഡോക്ടർ കോൺസൻട്രേഷൻ ക്യാമ്പുകളിലെ ജൂതരായ കുട്ടികളെ പലവിധം പരീക്ഷണങ്ങൾക്കുവിധേയരാക്കി ചിത്രവധം ചെയ്തു. കുട്ടികളെ പ്രെഷർ ചേമ്പറുകളിൽ അടച്ചും, അവരെ ഫ്രീസറിൽ അടച്ചും, രാസവസ്തുക്കൾ കുത്തിവെച്ച് കണ്ണിന്റെ നിറം മാറ്റിയും കൈകാലുകൾ മുറിച്ചുമാറ്റിയും ഒക്കെയുള്ള പരീക്ഷണങ്ങളിൽ ഡോക്ടർ മെൻഗലെ ആനന്ദം കണ്ടെത്തി.
ആധുനികചരിത്രം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ കിരാത ഭരണത്തിന്റെ നേർസാക്ഷ്യമാണ് ഒൗഷ്വിറ്റ്സിലെ ഏറ്റവും വലിയ ഇൗ നാസി ജർമ്മൻ കോൺസൻട്രേഷൻ ക്യാമ്പ്. 11 ലക്ഷം തടവുകാരെയാണു ഹിറ്റ്ലർ ഇൗ ക്യാമ്പിനകത്തു മാത്രം വകവരുത്തിയത്. അതിൽ 90 ശതമാനം പേരും യഹൂദരായിരുന്നു. ഇനിയുമൊരു ഹിറ്റ്ലർ ജനിക്കാതിരിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഡോ.പൗസ് പൗലോസ് 😊
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW