മനോജന്യ-ശാരീരിക രോഗങ്ങൾ (സൈക്കോ സൊമാറ്റിക് ഡിസീസസ്)

മനോജന്യ-ശാരീരിക രോഗങ്ങൾ (സൈക്കോ സൊമാറ്റിക് ഡിസീസസ്)
--------------------------------------------------------

ആയുര്‍വേദത്തിൽ രോഗമെന്നത് പഞ്ചഭൂത നിർമ്മിതമായ കോശങ്ങൾക്ക് സംഭവിക്കുന്ന അപാകതകളുടെ പ്രതിഫലനമാണ്. പുറമേ നാം കാണുന്നത് രോഗലക്ഷണങ്ങള്‍ മാത്രമാണ്, യഥാര്‍ത്ഥ കാരണങ്ങള്‍ സൂക്ഷ്മ-അതിസൂക്ഷ്മ കോശതലങ്ങളിലാകും. അതിനാലാണ് ചികിത്സാ സമയത്ത് ചികിത്സയ്‌ക്കൊപ്പം, ആഹാര, മാനസിക, വിചാര, വികാരതലങ്ങളിലെ ശുദ്ധി(പത്ഥ്യം) ആവശ്യമാണെന്ന് നിഷ്‌കര്‍ഷിക്കുന്നത്. കഴിക്കുന്ന ആഹാരത്തില്‍നിന്നാണല്ലോ പാഞ്ചഭൗതികമായ കോശങ്ങളുടെ നിര്‍മിതിയും നടക്കുന്നത്.

അതിനാല്‍ ഹീലിങ് സമയത്ത് ആഹാരശുദ്ധിയുണ്ടായാല്‍ തജ്ജന്യമായ കോശ സമൂഹം ശുദ്ധമാകുകയും സൂക്ഷ്മതലത്തിലെ അപാകതകള്‍ വേഗത്തില്‍ സുഖപ്പെടുകയും ചെയ്യും. ഇതോടെ ബാഹ്യമായ രോഗലക്ഷണങ്ങളും ഇല്ലാതാകുന്നു. മനോജന്യ-ശാരീരിക രോഗങ്ങൾക്ക് (സൈക്കോ സൊമാറ്റിക്) പറ്റിയ പുതിയ വൈദ്യത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ മനുഷ്യന്റെ പ്രധാനപ്പെട്ട എല്ലാ രോഗങ്ങൾക്കും മനസ്സാണ് കാരണമെന്നു കണ്ടെത്തി. അസൂയ, വെറുപ്പ്, ഭയം, കോപം എന്നീ വികാരങ്ങളുള്ള ഒരു മനസ്സ് എല്ലാ രോഗങ്ങൾക്കും പറ്റിയ മണ്ണാണെന്ന്.

സ്വാർഥത, ക്രൂരത, അക്രമപരത എന്നിവ ശരീരത്തെയും അതിന്റെ സൂക്ഷ്മശക്തികളെയും ദുരുപയോഗപ്പെടുത്തി രോഗവും ദുഃഖവും വരുത്തുന്നു. എന്നാൽ നിസ്വാർഥത, സേവനപരത, സ്നേഹം എന്നിവ സുഖവും ആരോഗ്യവും പകരുന്നു. ഈ അറിവാണ് ആരോഗ്യകലയുടെ ആധാരം. വിവേകിയായ ഒരാൾ ഇതറിയുകയും അനുസരിക്കുകയും ചെയ്യുന്നു.

രോഗം ശമിച്ചാൽ മരുന്നു നിർത്തണം. നിങ്ങൾ തുടർന്നും മരുന്ന് കഴിക്കുകയാണെങ്കിൽ ആ മരുന്ന് നിങ്ങളുടെ രോഗമാവും. വൈദ്യനെ, മരുന്നിനെ പരമാവധി ഒഴിവാക്കി, ഉള്ളിലുള്ള രോഗശമനത്തിന്റെ ഉറവയെ തേടിയുള്ള സ്വാസ്ഥ്യത്തിനും ആരോഗ്യത്തിനുമായുള്ള ഒരു പ്രസ്ഥാനം ലോകത്തെങ്ങും വളർന്നുവരികയാണ്. ഭക്ഷ്യം, വിശ്രമം, വ്യായാമം, ഉപവാസം, സ്വകാര്യത, ധ്യാനം, കുടുംബം, സ്നേഹിതർ, ജീവിതമൂല്യങ്ങൾ ഇവയെ വിവേകത്തോടെ സമന്വയിപ്പിക്കുന്ന 'സമഗ്രമായ ഔഷധം' മാത്രമാണ് ആരോഗ്യ ജീവിതത്തിനുള്ള ഒരേ ഒരുത്തരം.

അമിതമായ ഉത്കണ്ഠയുടെ ഭയമോ, സങ്കടമോ ഉണ്ടായാല്‍ തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം സംഭവിക്കുകയും അത് ശാരീരിക രോഗമായി മാറുകയും ചെയ്യുന്നു. ഇത്തരം അസുഖങ്ങളെ മനഃശാസ്ത്രജ്ഞരുടെ ഭാഷയില സൈക്കോ സൊമാറ്റിക് ഡിസോര്‍ഡര്‍ എന്നാണ് പറയുന്നത്. യഥാര്‍ത്ഥ ശാരീരികവേദനയും രോഗാനുഭവങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നുണ്ട് എന്നതാണ് വാസ്തവം.ഉത്കണ്ഠ വരുമ്പോള്‍ ഇരുപത്തിയഞ്ച് ശതമാനം കുട്ടികള്‍ക്കും ഈ അസുഖം ഉണ്ടാകാറുണ്ട്.

തലവേദന, വയറുവേദന, നെഞ്ചുവേദന, കൈകാല്‍ വേദന തുടങ്ങി ശരീരത്തിന്റെ ഏതുഭാഗത്തും അസഹ്യമായ വേദനയുണ്ടാകാം. ചിലപ്പോള്‍ ഛര്‍ദ്ദി, വയറിളക്കം,ശ്വാസതടസ്സം, മൂത്രക്കടച്ചില്‍, ഇടക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുക എന്നീലക്ഷണങ്ങളും കാണാം. അമിത ഉത്കണ്ഠയുള്ള കുട്ടികളില്‍ ഞരമ്പു രോഗത്തിന്റെ ലക്ഷണങ്ങളായ വിറയല്‍, തളര്‍ച്ച, ബോധക്ഷയം, അപസ്മാരം എന്നിവയും കണ്ടു വരാറുണ്ട്.

പഠനത്തിലെ പിന്നാക്കാവസ്ഥയും പഠന വൈകല്യങ്ങളും കുട്ടികളില്‍ ഉത്കണ്ഠജനിപ്പിക്കുന്ന ഘടകങ്ങളാണ്. പ്രശ്‌നങ്ങളെ ക്ഷമയോടെ നേരിടാന്‍ കഴിയാത്ത കുട്ടികളിലാണ് ഉത്കണ്ഠ ഏറെയും കണ്ടുവരുന്നത്. കുടുംബപരമായും സാമൂഹികപരമായും വിദ്യാലയ സംബന്ധമായും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുട്ടികളില്‍ പിരിമുറുക്കം ഉണ്ടാക്കുന്നു. തല്‍ഫലമായി പഠനത്തില്‍ ഏകാഗ്രതയും താല്‍പര്യവും കുറയുകയും നിഷേധാത്മക ചിന്തകള്‍ രൂപ്പപെടുകയും ചെയ്യും.കൗമാര പ്രായത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു തുടങ്ങാനും കാരണമായേക്കും.

ശരീരത്തിന്റെ അടിസ്ഥാന തത്വം കോശങ്ങൾ തമ്മിലുള്ള ലയം അല്ലെങ്കിൽ ഒത്തൊരുമ ആണെങ്കിലും മനുഷ്യൻ എന്ന പ്രതിഭാസം യഥാർത്ഥത്തിൽ ശരീരമല്ല മനസ്സാണ്. അവിടെയാണ് പ്രശ്നങ്ങൾ കിടക്കുന്നതും. ശരീരവും മനസ്സും ചേർന്ന ആകെത്തുകയാണ് മനുഷ്യൻ. ഇവ രണ്ടും പരസ്പ്പരം സ്വാധീനം ചെലുത്തുന്നു. അതാണ് മനോദേഹസംഘാതം (സൈക്കോ സൊമാറ്റിക് പാക്ക്). അതുകൊണ്ടാണ് ശരീരം നന്നാവുമ്പോൾ മനസ്സും മനസ്സ് നന്നാവുമ്പോൾ സ്വാഭാവികമായും ശരീരവും നന്നാവുന്നത്. 

ഭാരതീയ ശാസ്ത്രങ്ങൾ പറയുന്നത് “ശരീരമേവ ഖലു ധർമ്മസാധനം” എന്നാണ്. അതായത് ശരീരം എന്നത് ശരിയായ രീതിയിൽ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ധർമ്മമാർഗത്തിൽ ചരിക്കുവാനുമുള്ള ഒരു ഉപകരണമാണ്. 

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments