Random Post

എക്സിബിഷനിസം

എക്സിബിഷനിസം
------------------------------

പല തരത്തിലുള്ള ലൈംഗിക വൈകൃതങ്ങൾ ഏറി വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. അതിൽ തന്നെ ഒരു പ്രധാന ലൈംഗിക വൈകൃതം ആണ്
എക്സിബിഷനിസം എന്ന മാനസിക രോഗം. ഫ്രോയ്ഡിന്റെ മാനസിക അപഗ്രഥന സിദ്ധാന്തമനുസരിച്ച് എക്സിബിഷനിസം ഒരു മാനസിക അസുഖമായി പരിഗണിക്കപ്പെടാവുന്ന അവസ്ഥയാണ്. പലപ്പോഴും ഇത്തരത്തിലുള്ള മനോരോഗികളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവും. ഇന്റര്‍നെറ്റ്‌ അടക്കമുള്ള നവമാധ്യമങ്ങള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്‌ പൊതുജനങ്ങളില്‍ ലൈംഗിക വൈകൃതങ്ങളുടെ തോത്‌ കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മൾ ഇത്തരം ലൈംഗിക വൈകൃതം പ്രദർശിപ്പിക്കുന്നു വ്യക്തികളെ 'ഞരമ്പുരോഗികൾ' എന്ന് ഓമന പേരിട്ട് വിളിക്കാറുണ്ട്.

നിര്‍ജീവ വസ്‌തുക്കള്‍, അടിവസ്‌ത്രങ്ങള്‍, മൃഗങ്ങള്‍ തുടങ്ങിയവയെ കാണുമ്പോള്‍ അമിത ലൈംഗിക ഉത്തേജനമുണ്ടാവുക, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി മാത്രം ലൈംഗിക വേഴ്‌ച നടത്താന്‍ താല്‍പര്യം കാണിക്കുക, ലൈംഗിക പങ്കാളിയെ വേദനിപ്പിച്ചോ സ്വയം വേദനയനുഭവിച്ചോ ലൈംഗിക ഉത്തേജനം നേടുക, മറ്റുള്ളവരുടെ ലൈംഗിക ചേഷ്‌ടകള്‍ ഒളിഞ്ഞുനോക്കുക, സ്വന്തം ലൈംഗികാവയവങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയൊക്കെ ലൈംഗിക വൈകൃതങ്ങളുടെ പട്ടികയില്‍ പെടുന്നതാണ്‌.

അപ്രതീക്ഷിതമായ രീതിയില്‍  കുട്ടികളുടെയോ സ്‌ത്രീകളുടെയോ മുന്നില്‍ സ്വന്തം ലിംഗം പ്രദര്‍ശിപ്പിക്കുകയും അതു കാണുമ്പോള്‍ കാഴ്‌ചക്കാരിലുണ്ടാകുന്ന ഞെട്ടല്‍ കണ്ടാസ്വദിക്കുകയും ചെയ്യുന്ന അവസ്‌ഥയെ 'ലൈംഗികാവയവ പ്രദര്‍ശനം' അഥവാ 'എക്‌സിബിഷനിസ്‌റ്റിക്‌ ഡിസോര്‍ഡര്‍' എന്നു വിളിക്കാം.
 
വിദേശ രാജ്യങ്ങളിൽ ചില സമരങ്ങളുടെ ഭാഗമായി പലപ്പോഴും സ്ത്രീകളും പുരുഷന്മാരും എക്സിബിഷനിസം പ്രകടിപ്പിക്കാറുണ്ട്. തങ്ങൾക്കും പുരുഷന്മാരെ പോലെ മേൽവസ്ത്രം ധരിക്കാതെ നടക്കണം എന്ന ആവശ്യം ഉയർത്തിക്കാട്ടി സ്ത്രീകൾ മേൽവസ്ത്രങ്ങളില്ലാതെ അമേരിക്കയിലെ പൊതു നിരത്തിലൂടെ പ്രതിഷേധം നടത്തിയതുൾപ്പെടെ നിരവധി സമരങ്ങൾ അവിടെ അരങ്ങേറിയിട്ടുണ്ട്.

റോഡിലൂടെ നടന്നു പോകുന്ന പെൺകുട്ടികളെയോ സ്ത്രീകളെയോ വസ്ത്രമുരിഞ്ഞ് കാണിക്കുന്നവരുടെ ലക്ഷ്യം ശാരീരികവും മാനസികവുമായ സംതൃപ്തി തന്നെയാണ്.  പ്രദര്‍ശനത്തോടനുബന്ധിച്ച് സ്വയംഭോഗം നടത്തുന്നവരും അപൂര്‍വമല്ല. മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോഴാണ് പലപ്പോഴും ഈ ശീലം പ്രകടമാകാന്‍ സാധ്യത കൂടുന്നത്.

മാധ്യമങ്ങളിലൂടെ കണ്‍മുന്നില്‍ വരുന്ന ലൈംഗിക സ്വഭാവമുള്ള ദൃശ്യങ്ങള്‍ നിരന്തരം കാണുന്നതും ഈ ശീലക്കേടിനു കാരണമാകാം. പുരുഷന്മാരിലാണ് ഈ സ്വഭാവം കൂടുതലായി കണ്ടുവരുന്നത്. അപൂര്‍വമായി മാറിടമോ നിതംബമോ ഗുഹ്യഭാഗങ്ങളോ പുരുഷന്മാരുടെ മുമ്പിൽ  പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളുമുണ്ട്.

കുട്ടിക്കാലത്ത് ലൈംഗിക പീഡനങ്ങള്‍ക്കു വിധേയരാകേണ്ടിവന്നവരില്‍ എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ അടക്കമുള്ള ലൈംഗിക വൈകൃതങ്ങള്‍ കൂടുതലായി കണ്ടുവരുന്നതായി നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പത്തു വയസ് തികയുന്നതിനു മുമ്പുതന്നെ നിരന്തരം ലൈംഗികദൃശ്യങ്ങളുള്ള പുസ്തകങ്ങളോ നീലചലച്ചിത്രങ്ങളോ കാണാൻ ഇടവന്നിട്ടുള്ളവരിലും ഈ ശീലം കാണാറുണ്ട്.

മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് മസ്തിഷ്‌കത്തിന്റെ മുന്‍ഭാഗത്തു സ്ഥിതിചെയ്യുന്ന 'ഫ്രോണ്ടല്‍ ദള'മാണ്. ആത്മനിയന്ത്രണം, ആസൂത്രണശേഷി, വികാരങ്ങളെ ക്രമീകരിക്കുക എന്നിയൊക്കെ ഫ്രോണ്ടല്‍ ദളത്തിന്റെ ധര്‍മങ്ങളാണ്. വ്യത്യസ്ത കാരണങ്ങള്‍കൊണ്ട് ഫ്രോണ്ടല്‍ ദളത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറുകള്‍ എക്‌സിബിഷനിസത്തിനു കാരണമാകാം.

ബുദ്ധിവളര്‍ച്ചക്കുറവ്, തലയുടെ മുന്‍ഭാഗത്തുണ്ടാകുന്ന സാരമായ ക്ഷതങ്ങള്‍, ഫ്രോണ്ടല്‍ ദളത്തെ ബാധിക്കുന്ന ട്യൂമറുകള്‍ എന്നിവയൊക്കെ ഈ ശീലത്തിന് കാരണമായേക്കാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്ലാതെ തന്നെ ധാരാളം പേരില്‍ ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട്. മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം മൂലം ഫ്രോണ്ടല്‍ ദളത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത്, എക്‌സിബിഷനിസത്തിനു കാരണമാകുന്നുണ്ട്.

കുട്ടിക്കാലത്തെ ലൈംഗിക പീഡനങ്ങള്‍, ലൈംഗിക ദൃശ്യങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ ധാരാളം കാണാനിടവരുന്നത്, ഇന്റര്‍നെറ്റിലൂടെയും മറ്റും രതിവൈകൃതങ്ങള്‍ കാണാന്‍ സ്ഥിരമായി ഇടവരുന്നത് എന്നിവയൊക്കെ ഫ്രോണ്ടല്‍ ദളത്തിലെ രാസതന്മാത്രകളുടെ അളവില്‍ വ്യത്യാസമുണ്ടാക്കി എക്‌സിബിഷനിസത്തിനു കാരണമാകും. ചിലരിലെങ്കിലും ലിംഗപ്രദര്‍ശനത്തെത്തുടര്‍ന്ന് കുട്ടികളെ പീഡിപ്പിക്കുന്ന സ്വഭാവവും കണ്ടുവരുന്നു. പ്രായപൂർത്തിയായ ആൾക്ക് പ്രായപൂർത്തിയാവാത്ത കുട്ടിയിലുണ്ടാവുന്ന ലൈംഗിക ആസക്തിയാണ് പീഡോഫീലിയ. ഇത് ഒരു തരം ഗുരുതര മാനസിക രോഗമാണ്.

പ്രദര്‍ശനരോഗികളുടെ ചിന്തകളിലെ വൈകല്യം മാറ്റാനുള്ള 'കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി' ചെയ്യുന്നതുകൊണ്ട് നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും. ഈ ശീലത്തോട് മനസില്‍ വെറുപ്പു തോന്നാന്‍ സഹായിക്കുന്ന  ഔഷധങ്ങളുടെ ഉപയോഗവും ഈ ശീലം നിയന്ത്രിക്കുവാന്‍ സഹാകരമാകും. മദ്യപാനം, ലഹരിവസ്തുക്കളോടുള്ള അടിമത്തം എന്നിവയുണ്ടെങ്കില്‍ അതു പരിഹരിക്കാനുള്ള ലഹരിമോചന ചികിത്സയും വേണ്ടിവരും.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments