വ്യാധിക്ഷമത്വം

ആയുർവേദ ശാസ്ത്രത്തിൽ വ്യാധിക്ഷമത്വം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് വിവിധതരം ശാരീരിക മാനസിക വ്യാധികളെ  പ്രതിരോധിക്കാൻ ഉള്ള മനുഷ്യ ശരീരത്തിന്റെ ബലമാണ്. ഇതിനുവേണ്ടി ഒരു സമഗ്രമായ അല്ലെങ്കിൽ ഹോളിസ്റ്റിക് ആയ ഒരു വീക്ഷണമാണ് ആയുർവേദം മുന്നോട്ട് വെയ്ക്കുന്നത്. ഔഷധങ്ങൾ കഴിക്കുക എന്നതിനേക്കാളുപരി സ്വന്തം ജീവിതരീതി തന്നെ ചിട്ടപ്പെടുത്തി ഏതുതരം രോഗത്തെയും പ്രതിരോധിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു ജീവിതരീതി തന്നെ ആയുർവേദം മുന്നോട്ട് വയ്ക്കുന്നു. 

ഓരോ ദിവസവും എങ്ങനെയാണ് ജീവിക്കേണ്ടത് അതുപോലെ തന്നെ കാലാവസ്ഥയ്ക്കനുസരിച്ച് നമ്മുടെ ജീവിതരീതിയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതെല്ലാം ഈ ശാസ്ത്രത്തിൽ വ്യക്തമായി പറഞ്ഞു വയ്ക്കുന്നുണ്ട്. വ്യക്തി ശുചിത്വത്തിന്റ പ്രാധാന്യത്തെക്കുറിച്ച് ആയുർവേദം വളരെയധികം എടുത്തുപറയുന്നു എന്നതും ശ്രദ്ധേയമാണ്. പകർച്ചവ്യാധികൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ചും ഈ ശാസ്ത്രം നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നത് തികച്ചും അത്ഭുതാവഹമാണ്. 

ആ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇന്ന് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നതുപോലെ നമ്മൾ രോഗപ്രതിരോധത്തിനായി അനുവർത്തിച്ച് പോരുന്നത്. ശരിയായ രീതിയിലുള്ള പോഷകസമൃദ്ധമായ ആഹാരവും, വിശ്രമവും, ഉറക്കവും, വ്യക്തിശുചിത്വവും, സ്വന്തം ശരീരപ്രകൃതി അനുസരിച്ചുള്ള ഔഷധങ്ങളും ശരീരത്തിന്റെ വ്യാധിക്ഷമത്വം കൂട്ടാൻ  അത്യന്താപേക്ഷിതമാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഒരു മഹാമാരിയുടെ പിടിയിൽ ലോകം അകപ്പെട്ടിരിക്കുകയാണ് അതിനെ ഒത്തൊരുമിച്ച് പ്രതിരോധിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ധർമമാണ്. 

നമ്മൾ കാരണം മറ്റൊരാൾക്ക് ഇൻഫെക്ഷൻ വരരുത് എന്നുള്ള ഒരു ഉത്തമമായ ഉറച്ച തീരുമാനം നമ്മൾ കൈക്കൊള്ളേണ്ടതാണ്. അതുപോലെതന്നെ വ്യക്തിശുചിത്വം പാലിച്ച് രോഗം വരാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്. ഈ ഒരു മഹാദൗത്യത്തിന്റെ പൂർത്തീകരണത്തിനായി  ആയുർവേദ വൈദ്യ ശാസ്ത്രത്തിന് ഒരുപാട് സംഭാവനകൾ നൽകാൻ കഴിയും. അതിൽ എടുത്തു പറയേണ്ട ഒന്നാണ് വ്യക്തിശുചിത്വം പാലിക്കുക എന്നത്. 

ഈ ഉഷ്ണ കാലഘട്ടത്തിനെ ആയുർവേദത്തിൽ ആധാന കാലം എന്നാണ് പറയുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ബലവും കുറയുന്ന ഒരു കാലഘട്ടമാണിത്. അതിനാൽ ഈ പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തെ ബലപ്പെടുത്തുക എന്നത് വളരെ അത്യാവശ്യമാണ് അതിനാൽ ഒരു മുൻകരുതലെന്നോണം ആയുർവേദ ഔഷധങ്ങൾ ഉപയോഗിക്കാവുന്നതാണ്. 

ആയുർവേദ ഔഷധങ്ങൾ ആയ വില്വാദി ഗുളിക, സുദർശനം ഗുളിക, ഇന്ദുകാന്തം കഷായം, ഗോരോചനാദി ഗുളിക മുതലായ ഔഷധങ്ങൾ വൈദ്യ നിർദ്ദേശാനുസരണം ഔഷധമാത്ര നിശ്ചയിച്ചു ഉപയോഗിച്ചാൽ തീർച്ചയായും നിങ്ങളുടെ ശരീരത്തെ ബലപ്പെടുത്തുവാനും ശരീരത്തിന്റെ വ്യാധിക്ഷമത്വം കൂട്ടുവാനും ഈ ഔഷധങ്ങൾക്ക് സാധിക്കും. 

പിന്നെ മറ്റൊന്നും കൂടി പറയാം ശരീരത്തിന് ആരോഗ്യം തരുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുകൂടാതെ വ്യക്തി ശുചിത്വം കർക്കശമായി പാലിക്കുക കൂടെ ആയുർവേദ ഔഷധങ്ങളും ഉപയോഗിച്ചാൽ തീർച്ചയായും നിങ്ങളുടെ ശരീരം ബലപ്പെടുകയും അതിന്റെ വ്യാധിക്ഷമത്വം കൂടുകയും ചെയ്യും. 

ഇനി വരുന്ന രണ്ടാഴ്ചക്കാലം നമ്മൾ ഓരോ ഭാരതീയനെയും സംബന്ധിച്ച് വളരെ നിർണായകമാണ്, ഈ മഹാവ്യധിയുടെ വ്യാപനം തടയുന്നതിൽ നമ്മൾ ഓരോരുത്തരുടെയും പങ്ക് ഭംഗിയായി നിർവഹിച്ചു എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments