വിശുദ്ധ സെബസ്ത്യാനോസ്



വിശുദ്ധ സെബസ്ത്യാനോസ്
--------------------------------------------

വിശുദ്ധരായ യോദ്ധാക്കളെ കുറിച്ച് ഒരു ലേഖന പരമ്പര എഴുതണമെന്ന് തോന്നി അതിൽ ആദ്യ വിശുദ്ധനായ സെബസ്ത്യാനോസ് പുണ്യാളനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പങ്കുവെക്കുന്നു. അനേകം വിശുദ്ധരെ ലോകത്തിനു സംഭാവന നല്‍കിയിട്ടുള്ള അനുഗ്രഹീത രാജ്യമാണ്‌ ഫ്രാന്‍സ്. ഫ്രാൻസിലെ മെഡിറ്ററേനിയൻ സമുദ്രത്തിൻറെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നർബോണ എന്ന നഗരത്തിൽ കാത്തലിക് മാതാപിതാക്കളുടെ പുത്രനായി എ.ഡി. 255 ൽ സെബാസ്റ്റ്യൻ ജനിച്ചു. ജനിച്ചത് നർബോണയിൽ ആണെങ്കിലും അദ്ദേഹം വളർന്നത് മിലൻ നഗരത്തിൽ ആണ്.

സൈനികസേവനം അക്കാലത്ത് ഉന്നതകുലജാതർ വിശിഷ്ടമായി കണ്ടിരുന്നു. സ്വന്തമായി താൽപര്യം ഉണ്ടായിരുന്നില്ലയെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. അങ്ങനെ ഇരുപത്തി എട്ടാമത്തെ വയസ്സിൽ അദ്ദേഹം മിലൻ വിട്ട് റോമിൽ എത്തി. കാരിനസ് രാജാവിൻറെ ഭരണകാലമായിരുന്നു അത്. അക്കാലത്ത് രാജകൊട്ടാരത്തിൽ സേവനം ചെയ്തിരുന്ന ക്രിസ്ത്യൻ ഭടന്മാർ റോമൻ ദേവന്മാരെ ആരാധിക്കണം എന്നു കാരിനസ് കൽപ്പന പുറപ്പെടുവിച്ചിരുന്നു. എതിർത്തവരെ രാജാവ് വധിക്കുകയും ചെയ്തിരുന്നു. എന്നാൽ സെബാസ്റ്റ്യൻ താൻ ക്രിസ്തു വിശ്വാസി ആണ് എന്ന സത്യം മറച്ചു വെച്ചിരുന്നു.കുറച്ചു കാലം കഴിഞ്ഞ് ഡയോക്ലീഷ്യൻ ചക്രവർത്തിയുമായുള്ള യുദ്ധത്തിൽ കാരിനസ് വധിക്കപ്പെട്ടു.

ഡയോക്ലീഷ്യൻ തൻറെ സാമന്തനായ മാക്സിമിയനുമായി ആലോചിച്ച് യുദ്ധനിപുണനായ സെബാസ്റ്റ്യനെ സേനാനായകനാക്കുകയും പ്രീട്ടോറിയ എന്ന പ്രത്യേക പദവി നൽകി ആദരിക്കുകയും ചെയ്തു ‌.
ഡയോക്ലീഷ്യനും കാരിനസിനെ പോലെ ക്രിസ്തുമത വിരോധി ആയിരുന്നു. രാജ്യത്തുണ്ടാകുന്ന സാംക്രമിക രോഗങ്ങൾ, വെള്ളപ്പൊക്കം, ഭൂകമ്പം, വരൾച്ച തുടങ്ങിയവയുടെ കാരണം ക്രിസ്ത്യാനികൾ ആണെന്ന് ആരോപിച്ച് ഡയോക്ലീഷ്യൻ ക്രൈസ്തവരെ കൂട്ടത്തോടെ വധിച്ചിരുന്നു.

പരിതാപകരമായ അവസ്ഥയിൽ നിന്ന് തൻറെ സഹജീവികൾക്ക് മോചനം ഉണ്ടാകണമെന്ന് സെബാസ്റ്റ്യൻ ആഗ്രഹിച്ചു. അദ്ദേഹം ആരുമറിയാതെ ക്രിസ്തു വിശ്വാസികളുടെ രക്ഷക്കുവേണ്ടി പ്രവർത്തിച്ചു.
എ. ഡി. 288 ൽ തൻറെ വിശ്വസ്തനായ സൈന്യാധിപൻ സെബാസ്റ്റ്യൻ ക്രിസ്തു വിശ്വാസി ആണെന്ന സത്യം ഡയോക്ലീഷ്യൻ മനസ്സിലാക്കി. രാജ്യദ്രോഹകുറ്റത്തിനു് സെബാസ്റ്റ്യൻ തടവിലാക്കപ്പെട്ടു. അപ്പോഴും സെബാസ്റ്റ്യനോട്‌ ഇഷ്ടം നിലനിർത്തിയിരുന്ന ഡയോക്ലീഷ്യൻ റോമൻ ദേവന്മാരെ ആരാധിച്ചാൽ വെറുതെ വിടാമെന്നും പഴയ സ്ഥാനങ്ങൾ തിരികെ നൽകാമെന്നും അറിയിച്ചു. എന്നാൽ ആ ദേവന്മാരോട് പ്രാർത്ഥിക്കുന്നത് നിഷ്ഫലമാണെന്നും പ്രപഞ്ച സ്രഷ്ടാവായ ജീവിക്കുന്ന ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും ഡയോക്ലീഷ്യനെ സെബാസ്റ്റ്യൻ ഉപദേശിച്ചു. 

പിന്നീട് റോമൻ ദേവന്മാരെ ആരാധിച്ചില്ലെങ്കിൽ തീയിൽ നടത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ തീ തനിക്ക് പനിനീർ പൂക്കളാൽ നിർമിച്ച മെത്ത പോലെയായിരിക്കും എന്ൻ സെബാസ്റ്റ്യൻ ചക്രവർത്തിയെ വെല്ലുവിളിച്ചു. കോപം കൊണ്ട് ജ്വലിച്ച ഡയോക്ലീഷ്യൻ മൈതാനമധ്യത്തിൽ സെബാസ്റ്റ്യനെ മരത്തിൽ കെട്ടിയിട്ട് അമ്പെയ്തു കൊല്ലാൻ കൽപ്പിച്ചു. ഡയോക്ലീഷ്യൻറെ സേവകർ സെബാസ്റ്റ്യനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട് നിരവധി അമ്പുകൾ എയ്തു. രക്തം വാർന്ന് സെബാസ്റ്റ്യൻ അബോധാവസ്ഥയിലായി. എന്നാൽ സേവകർ സെബാസ്റ്റ്യൻ മരിച്ചു എന്ൻ തെറ്റിദ്ധരിച്ചു. ഐറിൻ എന്ന സ്ത്രീ തൻറെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ സെബാസ്റ്റ്യൻറെ ശരീരം അവിടെ നിന്ന് എടുത്തു വീട്ടിൽ കൊണ്ടുവന്ന് ശുശ്രൂഷിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം സെബാസ്റ്റ്യൻ ആരോഗ്യം വീണ്ടെടുത്തു.

ധീരനായ സെബാസ്റ്റ്യൻ വീണ്ടും ചക്രവർത്തിയുടെ മുന്നിൽ എത്തുകയും ക്രിസ്തു വിശ്വാസികളെ പീഡിപ്പിക്കുന്നതിന് ചക്രവർത്തിയെ അതിശക്തമായി ശാസിക്കുകയും ചെയ്തു. ആ സമയത്ത് ഡയോക്ലീഷ്യൻ വളരെയധികം ഭയപ്പെട്ടു. ഒപ്പം സെബാസ്റ്റ്യനോട്‌ എന്നത്തേക്കാളും ഏറെ ദേഷ്യം ഉള്ളവനായി തീരുകയും ചെയ്തു. തൻറെ ഭടനോട് രാജസന്നിധിയിൽ വെച്ചുതന്നെ സെബാസ്റ്റ്യനെ ഗദ കൊണ്ട് അടിച്ചു കൊല്ലാൻ ചക്രവർത്തി കൽപ്പിച്ചു. എ.ഡി. 288 ജനുവരി 20 നാണ് അത് സംഭവിച്ചത്.

സെബാസ്റ്റ്യൻറെ ശരീരം ആരുമറിയാതെ ചക്രവർത്തിയുടെ ഭടന്മാർ ഓടയിൽ എറിഞ്ഞു. ഓടയിൽ എറിയപ്പെട്ട ദിവസം തന്നെ ലൂസിന എന്ന സ്ത്രീക്ക് വെളിപാട് ലഭിച്ചു. അവർ ചെന്നു നോക്കിയപ്പോൾ മൃതദേഹത്തിനു ചുറ്റും പരുന്തുകൾ വട്ടമിട്ടു പറക്കുന്ന കാഴ്ചയാണ് കണ്ടത്.

ആപ്യൻ എന്ന പാതക്ക് അടുത്തുള്ള ഒരു ഭൂഗർഭ ഗൃഹത്തിൽ ലൂസിന സെബാസ്റ്റ്യൻറെ മൃതദേഹം സംസ്ക്കരിച്ചു. സെയിൻറ് സെബാസ്റ്റ്യൻറെ പേരിലുള്ള ആദ്യത്തെ പള്ളി ഈ സ്ഥലത്താണ് സ്ഥാപിതമായത്. ലൂസിനയെ പിന്നീട് ചക്രവർത്തി വധിച്ചു.

1575 ൽ മിലനിലും ഇറ്റലിയിലും 1596 ൽ ലിസ്ബണിലും പകർച്ചവ്യാധികൾ പടർന്നു പിടിച്ചു. സെയിൻറ് സെബാസ്റ്റ്യൻറെ രൂപവുമായി വിശ്വാസികൾ പ്രദക്ഷിണം നടത്തിയപ്പോൾ അത്ഭുതകരമായ രോഗശാന്തിയുണ്ടായി. അതിനു പ്രത്യുപകാരമായി ഒരു കപ്പലിൽ വിശുദ്ധൻറെ തിരുസ്വരൂപവുമായി ലോകം ചുറ്റാൻ ജനങ്ങൾ തീരുമാനിച്ചു. ലോകം ചുറ്റി കൊണ്ടിരിക്കുമ്പോൾ അർത്തുങ്കൽ അടുത്ത് എത്തിയപ്പോൾ ഒരു കടൽ ക്ഷോഭം ഉണ്ടാവുകയും കപ്പൽ ആ സ്ഥലത്ത് ഉറക്കുകയും ചെയ്തു. സമീപത്ത് ഒരു ദേവാലയം ഉള്ളതായി കപ്പിത്താന് ദർശനം ലഭിച്ചു. അങ്ങനെ വിശുദ്ധൻറെ തിരുസ്വരൂപം അർത്തുങ്കൽ പള്ളിയിലെ അന്നത്തെ കുരിശടിയിൽ സ്ഥാപിച്ചു. ആ തിരുരൂപം ഇന്നും അർത്തുങ്കൽ ബസിലിക്കയുടെ തെക്കെ അൾത്താരയിൽ ഭക്തർക്ക് ദർശനത്തിനായി പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടിൽ സ്ഥാപിച്ചിരിക്കുന്നു.

ലോകമെമ്പാടും ജനുവരി 20 നാണ് സെയിൻറ് സെബാസ്റ്റ്യൻസ് ഡേ ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിൽ മകരമാസം മുഴുവൻ ആഘോഷിക്കപ്പെടുന്നു.

മദ്ധ്യസ്ഥപ്രാര്‍ത്ഥന
------------------------------

വിശുദ്ധ വേദസാക്ഷിയും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കിക്കളയുന്നവനുമായ വി. സെബസ്ത്യാനോസേ, അങ്ങേ മദ്ധ്യസ്ഥംവഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ പ്രസംഗത്താലും സന്മാതൃകകളാലും അനേകം പേരെ സത്യസഭയിലേക്ക് ആനയിക്കുവാന്‍ തിരുമനസ്സായല്ലോ. ദൈവസന്നിധിയില്‍ അങ്ങേയ്ക്കുള്ള പ്രത്യേകമായ മദ്ധ്യസ്ഥശക്തിയാല്‍ അങ്ങ് അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സുഖപ്പെടുത്തിയല്ലോ. പാപികളെങ്കിലും അങ്ങേ സഹായം യാചിങ്ങുന്ന ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങളെ സൗഖ്യമാകാനും പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ എറ്റവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹം ..... (ഇവിടെ ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിന് അങ്ങയുടെ ശരീരത്തില്‍ തുളച്ചുകയറിയ അമ്പുകളുടെ യോഗ്യതയാല്‍. പരമകാരുണികന്റെ മുമ്പില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
1 സ്വര്‍ഗ. 1 നന്മ. 1 ത്രി.

ഡോ. പൗസ് പൗലോസ് MS (Ay)

Comments