വിശുദ്ധ പൗലോസ് ശ്ലീഹായുടെ ലഘുചരിത്രം

വിശുദ്ധ പൗലോസിന്റെ ലഘുചരിത്രം
-------------------------------------------------------

തന്റെ വിശ്വാസ പരിവര്‍ത്തനത്തിനു മുന്‍പ്‌ സാവൂള്‍ എന്നറിയപ്പെട്ടിരുന്ന പൗലോസ് ക്രിസ്തുവിന്റെ ആഗമനത്തിനു മുന്‍പ്‌ ഏതാണ്ട് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കു ശേഷം സിലിസിയായുടെ റോമന്‍ പ്രവിശ്യയായിരുന്ന ടാര്‍സസിലായിരുന്നു ജനിച്ചത്‌. ബെഞ്ചമിന്റെ ഗോത്രത്തില്‍ പ്പെട്ട യഹൂദന്മാരായിരുന്ന വിശുദ്ധന്റെ മാതാപിതാക്കള്‍ വിശുദ്ധനെ ഫരിസേയരുടെ കഠിനമായ മത-ദേശീയതക്ക് അനുസൃതമായിട്ടായിരുന്നു വളര്‍ത്തിയിരുന്നത്. റോമന്‍ പൗരത്വത്തിന്റെ പ്രത്യേകമായ സവിശേഷതയും അവര്‍ക്കുണ്ടായിരുന്നു.

യുവാവായപ്പോള്‍ വിശുദ്ധന്‍ നിയമങ്ങളില്‍ പ്രാവീണ്യം നേടുന്നതിനായി ജെറൂസലേമിലേക്ക് പോവുകയും അവിടെ ഗമാലിയേല്‍ എന്ന പ്രസിദ്ധനായ ഗുരുവിന്റെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. യേശുവിന്റെ പ്രേഷിതപ്രവര്‍ത്തനകാലത്ത്‌ വിശുദ്ധന്‍ ജെറൂസലെമില്‍ ഉണ്ടായിരുന്നില്ല. ഭൂമിയിലെ തന്റെ ജീവിതകാലത്തൊരിക്കലും വിശുദ്ധന്‍ യേശുവിനെ കാണുകയോ ചെയ്തിട്ടില്ല. വിശുദ്ധ നഗരത്തിലേക്ക് തിരികെ വന്ന പൗലോസ് അവിടെ വികസിച്ചുവരുന്ന ക്രിസ്തീയ സമൂഹത്തേയാണ് കണ്ടത്‌, ഉടനേ തന്നെ പൗലോസ് ക്രിസ്ത്യാനികളുടെ കടുത്ത ശത്രുവായി മാറി. യഹൂദ നിയമങ്ങളേയും, ദേവാലയത്തെയും എസ്തപ്പാനോസ്‌ വിമര്‍ശിച്ചപ്പോള്‍ അവനെ കല്ലെറിയുന്ന ആദ്യത്തെ ആളുകളില്‍ ഒരാള്‍ പൗലോസായിരുന്നു: അതിനു ശേഷം പൗലോസിന്റെ ഭയാനകമായ വ്യക്തിത്വം അദ്ദേഹത്തെ മതപീഡനത്തിലേക്ക്‌ നയിച്ചു.

മുഖ്യപുരോഹിതന്റെ ഒരു ഔദ്യോഗിക ദൗത്യവുമായി വിശുദ്ധന്‍ ഡമാസ്കസിലേക്ക് തിരിച്ചു, അവിടെയുള്ള ക്രിസ്ത്യാനികളെ ബന്ധിതരാക്കി ജെറുസലേമിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ദൗത്യം. ഒരുച്ചയോടടുത്ത് ഡമാസ്കസ് അടുത്തപ്പോള്‍ പെട്ടെന്ന് തന്നെ ആകാശത്തു നിന്നും ഒരു വലിയ തിളക്കമാര്‍ന്ന പ്രകാശ വലയം അദ്ദേഹത്തിനു ചുറ്റും മിന്നി, യേശു തന്റെ മഹത്വമാര്‍ന്ന തിരുശരീരത്തോട് കൂടി അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയും, വിശുദ്ധന്‍ വ്യക്തമായി വിജയിച്ചു കൊണ്ടിരുന്ന മതപീഡന ദൗത്യത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കുകയും ചെയ്തു. ബൈബിൾ അതിനെ അപ്പസ്തോലൻ പ്രവൃത്തികൾ 9-ാം അധ്യായത്തിൽ വിവരിക്കുന്നു: 

അവന്‍ യാത്ര ചെയ്‌ത്‌ ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന്‌ ആകാശത്തില്‍നിന്ന്‌ ഒരു മിന്നലൊളി അവന്‍െറ മേല്‍ പതിച്ചു.

അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട്‌ ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന്‌ എന്നെ പീഡിപ്പിക്കുന്നു?

അവന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ്‌ ആരാണ്‌? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 :3- 5)

വിശുദ്ധ പൗലോസിന്റെ ആത്മാവ് പെട്ടെന്നുള്ളോരു പരിവര്‍ത്തനത്തിന് വിധേയമാവുകയായിരുന്നു. അദ്ദേഹം പെട്ടെന്ന്‍ തന്നെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ജ്ഞാനസ്നാനം സ്വീകരിക്കുകയും സാവൂള്‍ എന്ന തന്റെ നാമത്തിനു പകരം പൗലോസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സുവിശേഷം പ്രസംഗിച്ചു, വിശ്വാസം പ്രചരിപ്പിച്ചു.

വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തെകുറിച്ചുള്ള മൂന്ന് വിവരണങ്ങള്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ കാണുവാന്‍ സാധിക്കും (Acts 9:1-19, 22: 3-21, 26:9-23).

പരിവർത്തനത്തിനുശേഷമുള്ള ദമാസ്കസിലെ താമസവും ജ്ഞാനസ്നാനവും കഴിഞ്ഞ് താൻ അറേബ്യയിലേക്ക് പോയെന്നും അവിടെ നിന്ന് തിരികെ ദമാസ്കസിൽ മടങ്ങിയെത്തിയെന്നും പൗലോസ് പറയുന്നു (ഗലാത്തിയർ 1:15). നടപടിപ്പുസ്തകം അനുസരിച്ച്(9:23) ദമാസ്ക്കസിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പ്രശ്നങ്ങളിലേക്ക് നയിച്ചപ്പോൾ അവിടെ നിന്ന് രക്ഷപെടാൻ പൗലോസ് നിർബ്ബന്ധിതനായി. ഒരു കുട്ടയിലിരുത്തി അദ്ദേഹത്തെ നഗരവാതിലുകൾക്കു മുകളിലൂടെ താഴെയിറക്കുകയാണത്രെ ചെയ്തത്. 

പരിവർത്തനം നടന്ന് മൂന്നു വർഷം കഴിഞ്ഞു  യെരുശലേമിലേക്ക് പോയതും അവിടെ യാക്കോബിനെ കണ്ടതും  പത്രോസിനൊപ്പം പതിനഞ്ചു ദിവസം താമസിച്ചതുമൊക്കെ പൗലോസ് ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിൽ(1:13-24) വിവരിക്കുന്നുണ്ട്. നടപടി പുസ്തകം അനുസരിച്ച്, സഭയെ പീഡിപ്പിക്കുന്നവനായി അറിയപ്പെട്ടിരുന്ന പൗലോസിനെ തങ്ങളിലൊരുവനായി കൂട്ടാൻ മറ്റ് അപ്പസ്തോലന്മാർ സമ്മതിച്ചത് ബർണ്ണബാസ് ഇടപെട്ടതിന് ശേഷമാണ് (നടപടി 9:26-27). പിന്നീട്, ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന, യവനവാദികളെന്നറിയപ്പെട്ട യഹൂദരുമായുള്ള അദ്ദേഹത്തിന്റെ തർക്കം പ്രശ്നമുണ്ടാക്കിയപ്പോൾ, പൗലോസിനെ അധികാരികൾ സ്വന്തം നാടായ തർസൂസിലെക്ക് തിരിച്ചയച്ചു.

ഗലാത്തിയർക്കുള്ള ലേഖനത്തിൽ പറയുന്നതനുസരിച്ച്, പരിവർത്തനം കഴിഞ്ഞ് പതിനാലുവർഷം ആയപ്പോൾ പൗലോസ് വീണ്ടും യെരുശലേമിലേക്കു പോയി.നടപടിപ്പുസ്തകവും ഗലാത്തിയാക്കാർക്കെഴുതിയ ലേഖനവും ചില വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും, പതിനാലുവർഷത്തെ ഈ ഇടവേയുടെ പൂർണ്ണചിത്രം ലഭ്യമല്ല. ഏതായാലും ഒടുവിൽ ബർണ്ണബാസ് പൗലോസിനെ തേടിച്ചെന്ന് അന്ത്യോക്യയിലേക്ക് കൊണ്ടുവന്നു(നടപടി 11:26). സ്റ്റീഫന്റെ രക്തസാക്ഷിത്വത്തെ തുടർന്ന് യൂദയായിലെ ക്രിസ്ത്യാനികൾ പലവഴിക്ക് രക്ഷപെട്ട് പോയപ്പോൾ അന്ത്യോക്യ മറ്റൊരു ക്രൈസ്തവകേന്ദ്രമായി മാറിയിരുന്നു. യൂദയായിൽ ക്രി.വ. 45-46-ൽ കൊടിയ ക്ഷാമം ഉണ്ടായപ്പോൾ പൗലോസ്, ബർണ്ണബാസിനോടും തീത്തൂസ് എന്ന് പേരായ യഹൂദേതരനോടുമൊപ്പം ‍ ജെറുസലേമിൽ പോയി അന്ത്യോക്യായിലെ സഭാസമൂഹം സമാഹരിച്ചുകൊടുത്ത സഹായധനം ഏല്പ്പിച്ചു.

ജ്ഞാനസ്നാനം സ്വീകരിച്ചുകഴിഞ്ഞ് ചെറിയചെറിയ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തിയതിനു ശേഷം വിശുദ്ധന്‍ അറേബിയന്‍ മരുഭൂമിയിലേക്ക് പിന്‍വാങ്ങി (c. 34-37 A.D.). അവിടെ തന്റെ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട തയ്യാറെടുപ്പുകള്‍ വിശുദ്ധന്‍ നടത്തി. ഈ ധ്യാനത്തിനിടക്ക്‌ വിശുദ്ധന് നിരവധി വെളിപാടുകള്‍ ലഭിക്കുകയും, യേശു വിശുദ്ധന് നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തു.

തിരികെ ഡമാസ്‌കസ്സിലെത്തിയ വിശുദ്ധന്‍ അവിടെ സുവിശേഷ പ്രഘോഷണം ആരംഭിച്ചുവെങ്കിലും ജൂതന്മാര്‍ വിശുദ്ധനെ വധിക്കുവാന്‍ തീരുമാനിച്ചതിനാല്‍ അവിടം വിടുവാന്‍ നിര്‍ബന്ധിതനായി. അവിടെ നിന്നും പത്രോസിനെ കാണുവാനായി ജെറൂസലേമിലേക്കാണ് വിശുദ്ധന്‍ പോയത്‌. ബാര്‍ണബാസാണ് വിശുദ്ധനെ ക്രിസ്തീയ സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തത്. എന്നാല്‍ ജൂതന്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിശുദ്ധന്‍ അവിടെ നിന്നും രഹസ്യമായി പലായനം ചെയ്തു. അതിനു ശേഷമുള്ള വര്‍ഷങ്ങള്‍ (38-42 A.D.) അന്തിയോക്കില്‍ പുതുതായി രൂപംകൊണ്ട ക്രിസ്തീയ സമൂഹത്തെ ബാര്‍ണബാസ് വിശുദ്ധനെ പരിചയപ്പെടുത്തുന്നത് വരെ ടാര്‍സസിലാണ് അദ്ദേഹം ചിലവഴിച്ചത്. അന്തിയോക്കില്‍ അവര്‍ രണ്ടുപേരും ഒരു വര്‍ഷത്തോളം യേശുവിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിച്ചു. ക്ഷാമത്താല്‍ കഷ്ടപ്പെടുന്ന ജെറൂസലേം സമൂഹത്തിനു വേണ്ട പണവുമായി വിശുദ്ധന്‍ ജെറൂസലേമിലേക്ക് മറ്റൊരു യാത്ര നടത്തി.

വിശുദ്ധന്റെ ആദ്യത്തെ പ്രധാനപ്പെട്ട സുവിശേഷ പ്രഘോഷണ യാത്ര (45-48) ആരംഭിച്ചത് അദ്ദേഹത്തിന്റെ തിരിച്ചു വരവിനു ശേഷമാണ്. വിശുദ്ധനും ബാര്‍ണബാസും കൂടി സൈപ്രസിലും ഏഷ്യാ മൈനറിലും സുവിശേഷമെത്തിച്ചു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 13:14). A.D 50-ല്‍ ജെറൂസലേമിലേക്ക് പൗലോസ് തിരിച്ചു വന്ന സമയത്തായിരുന്നു പ്രസിദ്ധമായ ജെറൂസലേം സമ്മേളനം നടത്തപ്പെട്ടത്. ആ സമ്മേളനത്തിലെ തീരുമാനങ്ങളില്‍ ഉത്തേജിതനായ വിശുദ്ധന്‍ തന്റെ രണ്ടാമത്തെ പ്രേഷിത യാത്ര ആരംഭിച്ചു (51-53). ഏഷ്യാമൈനറിലൂടെ യാത്രചെയ്ത് യൂറോപ്പ്‌ മറികടന്ന് ഫിലിപ്പി, തെസ്സലോണിയ, ബേരിയാ, ഏതന്‍സ്‌, ഗ്രീസ്, കൊറിന്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുകയും നിരവധി ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

വളരെ പെട്ടെന്ന് വികസിച്ചുവന്ന ഒരു പ്രധാനപ്പെട്ട ക്രിസ്തീയ സമൂഹത്തെ സ്ഥാപിച്ചു കൊണ്ട് ഏതാണ്ട് രണ്ടു വര്‍ഷത്തോളം വിശുദ്ധന്‍ കൊറീന്തോസില്‍ ചിലവഴിച്ചു. 54-ല്‍ വിശുദ്ധന്‍ നാലാം പ്രാവശ്യവും ജെറൂസലേമിലെത്തി. വിശുദ്ധന്റെ മൂന്നാമത്തെ പ്രേഷിതയാത്ര (54-58) വിശുദ്ധനെ എഫേസൂസിലാണ് എത്തിച്ചത്‌. ഏതാണ്ട് മൂന്ന് വര്‍ഷങ്ങളോളം വളരെ വിജയകരമായി വിശുദ്ധന്‍ അവിടെ പ്രവര്‍ത്തിച്ചു. യേശുക്രിസ്തുവിന്റെ സുവിശേഷ സന്ദേശം പ്രചരിപ്പിക്കാനായി ബൈബിളിലെ പല പുതിയനിയമ പുസ്തകങ്ങളും അവൻ എഴുതി. മിഷനറി പര്യടനങ്ങളിൽ പ്രസിദ്ധനായിത്തീർന്നു. അതിനാൽ സെയിന്റ് പോൾ എഴുത്തുകാർ, പ്രസാധകർ, മതചിന്തർ, മിഷനറിമാർ, സംഗീതജ്ഞർ , മറ്റുള്ളവർ എന്നിവരുടെ രക്ഷാധികാരിയാണ്.റോമർ, 1 കൊരിന്ത്യർ, 2 കൊരിന്ത്യർ, ഫിലേമോൻ, ഗലാത്തിയർ, ഫിലിപ്പിയർ, 1 തെസ്സലോനിക്യർ എന്നിവപോലുള്ള ബൈബിളിലെ പുതിയനിയമ പുസ്തകങ്ങളിൽ പലതും പൗലോസ് എഴുതി. പ്രാചീന ലോകത്തെ പല പ്രമുഖ നഗരങ്ങളിലേക്കും അദ്ദേഹം അനേകം പ്രേഷിതയാത്രകൾ നടത്തി. വഴിയിൽ പല തവണ പൗലോസ് ജയിലിൽ അടയ്ക്കപ്പെടുകയും പീഡിപ്പിക്കുകയും ചെയ്തു.

58-ലെ പെന്തകോസ്ത് ദിനത്തില്‍ തന്റെ യൂറോപ്പിലെ സമൂഹങ്ങളെ സന്ദര്‍ശിച്ഛതിനു ശേഷം വിശുദ്ധന്‍ അഞ്ചാം പ്രാവശ്യവും ജെറൂസലേമിലെത്തി. അവിടെവെച്ച് ജൂതന്മാര്‍ തങ്ങളുടെ നിയമങ്ങളെ നിന്ദിച്ചു എന്ന കുറ്റം ചുമത്തി വിശുദ്ധനെ പിടികൂടി. യഹൂദർ പൗലോസിനെ കൊല്ലുമെന്നായപ്പോൾ റോമൻ സൈനികർ ഇടപെട്ടു. അവരുടെ തലവൻ പൗലോസിനെ പിടികൂടി ചോദ്യംചെയ്തിട്ട് ചാട്ടവാറടിക്ക് വിധേയനാക്കിയശേഷം ആദ്യം ജെറുസലേമിലും പിന്നെ കേസറിയായിലും തടവിൽ പാർപ്പിച്ചു.

റോമൻ പൗരനെന്ന നിലയിൽ റോമിൽ വിചാരണചെയ്യപ്പെടാനുള്ള തന്റെ അവകാശം ഉന്നയിച്ചെങ്കിലും അപ്പോൾ ഗവർണ്ണറായിരുന്ന അന്റോണിയസ് ഫെലിക്സിന്റെ അനാസ്തമൂലം പൗലോസ് രണ്ടുവർഷം കേസറിയായിലെ തടവിൽ തുടർന്നു. പുതിയ ഗവർണ്ണർ പോർസിയസ് ഫെസ്റ്റസ് സ്ഥനമേറ്റപ്പോൾ പൗലോസിനെ കപ്പലിൽ റോമിലേക്കയച്ചു. ഈ യാത്രക്കിടയിൽ കപ്പൽച്ചേതമുണ്ടായതിനെതുടർന്ന്, കപ്പലിലുണ്ടായിരുന്നവരെല്ലാം അടുത്തുള്ള ദ്വീപായ ‍മാൾ‍ട്ടായിൽ ചെന്നുപെട്ടു. പൗലോസ് അവിടെ പ്രസംഗിക്കുകയും ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തതായി നടപടിപ്പുസ്തകം പറയുന്നുണ്ട്. അതു പരിഗണിച്ച്, റോമൻ കത്തോലിക്കാസഭ അദ്ദേഹത്തെ മാൾട്ടായുടെ മദ്ധ്യസ്ഥനായ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. മാൾട്ടായിൽ നിന്ന് പൗലോസ്, ഇറ്റലിലെ ദ്വീപായ സിസിലിയിലുള്ള സൈറാക്കൂസ് വഴി റോമിലേക്ക് പോയതായി കരുതപ്പെടുന്നു. നടപടിപ്പുസ്തകം (28:30-31)അനുസരിച്ച് പൗലോസ് റോമിൽ രണ്ടുവർഷം വീട്ടുതടങ്കലിൽ കഴിഞ്ഞു. അപ്പോഴും അദ്ദേഹം പഠിപ്പിക്കലും സുവിശേഷപ്രഘോഷണവും തുടർന്നു.

റോമിൽ തടവിൽ കഴിഞ്ഞ കാലത്തെക്കുറിച്ചറിയാൻ പൗലോസ് ഫിലിപ്പിയർക്കെഴുതിയ ലേഖനം സഹായകമാണ്. പ്രിട്ടോറിയൻ കാവൽക്കാരെയും സീസറിന്റെ ഭവനത്തേയും മറ്റുമൊക്കെപ്പറ്റി പരാമർശിക്കുന്നതിനാൽ അതിന്റെ രചന ജയിലിലാണ് നടന്നിരിക്കുക എന്നു കരുതണം, പിന്നീട് വിട്ടയക്കപ്പെട്ടു. വിശുദ്ധന്റെ ജീവിതത്തിലെ അവസാന വര്‍ഷങ്ങള്‍ പ്രേഷിത യാത്രകള്‍ക്കായിട്ടാണ് വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. 

ക്രി.വ.നാലാം നൂറ്റാണ്ടിൽ കേസറിയായിലെ യൂസീബിയസ് എഴുതിയത് നീറോചക്രവർത്തിയുടെ വാഴ്ചക്കാലത്ത് പൗലോസ് ശിരഛേദം ചെയ്യപ്പെട്ടു എന്നാണ്. ഈ സംഭവം നടന്നത് റോമിൽ വലിയ അഗ്നിബാധയുണ്ടായ വർഷമായ ക്രി.വ. 64-ലോ അല്ലെങ്കിൽ പിന്നീട് 67-ലോ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. റോമൻ കത്തോലിക്കാ സഭയും പൌരസ്ത്യ സഭകളും ജൂൺ 29-ന് ആചരിക്കുന്ന പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാൾ ഒരുപക്ഷേ പൗലോസിന്റെ രക്തസാക്ഷിത്ത്വത്തിന്റെ അനുസ്മരണ ആകാം. പത്രോസും പൗലോസും ഒരേ ദിവസം (ഒരുപക്ഷേ ഒരേ വർഷം തന്നെയും) ആണ് മരിച്ചത് എന്ന് ചില പാരമ്പര്യങ്ങൾ സൂചിപ്പിക്കുന്നതായും അവകാശവാദം ഉണ്ട്.

പൗലോസ് പ്രത്യേകമായി പരാമർശിക്കുന്നത് യേശുവിന്റെ ആന്ത്യ-അത്താഴവും(1 കൊറിന്ത്യർ 11:23) കുരിശുമരണവും (1 കൊറിന്ത്യർ 2:2, ഫിലിപ്പിയർ 2:8) പുനരുത്ഥാനവുമാണ്(ഫിലിപ്പിയർ 2:9). അതിന് പുറമേ, യേശു ദാവീദിന്റെ വംശത്തിൽ പിറന്ന യഹൂദനായിരുന്നെന്നും (റോമാക്കാർക്കെഴുതിയ ലേഖനം 1:3) ഒറ്റിക്കൊടുക്കപ്പെട്ടെന്നും (1 കൊറിന്ത്യർ 11:12)പൗലോസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലേഖനങ്ങളുടെ പ്രധാന ഊന്നൽ ക്രിസ്തുവുമായി ക്രിസ്ത്യാനികൾക്കുണ്ടായിരിക്കേണ്ട ബന്ധത്തിലും ക്രിസ്തുവിന്റെ രക്ഷാകരവൃത്തിയിലുമാണ്. താൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി തന്റെ ജീവൻ നൽകാനിരിക്കുന്നതായി യേശു മർക്കോസിന്റെ സുവിശേഷത്തിൽ പറയുന്നുണ്ട്. ഈ ആശയത്തിന്റെ വികസിതരൂപം പല ലേഖനങ്ങളിലും, പ്രത്യേകിച്ച് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ, പൗലോസ് അവതരിപ്പിക്കുന്നുണട്.

തന്നിൽ വിശ്വസിക്കുന്നവർക്കായി യേശു നേടിയതെന്തെന്നതിനെ പൗലോസ് വിശദീകരിക്കുന്നത് "നിയമത്തിന് കീഴിൽകഴിഞ്ഞിരുന്ന പാപികളായിരുന്ന അവരെ ദാനമായിക്കിട്ടിയ അവന്റെ കൃപ നീതീകരിച്ചു"; "അവന്റെ മരണം അവരെ ദൈവവുമായി രമ്യപ്പെടുത്തി"; "യേശുവിന്റെ മരണം പരിഹാരബലിയോ സാന്ത്വനബലിയോ, വീണ്ടെടുപ്പുവിലയോ ആയിരുന്നു" എന്നൊക്കെയാണ്. യേശുനേടിയ കൃപ ദാനമായിക്കിട്ടുന്നത് വിശ്വാസം വഴിയാണെന്ന് പൗലോസ് വിശദീകരിക്കുന്നുണ്ട് (റോമാക്കാർക്കെഴുതിയ ലേഖനം 3:24, 5:9). ഇവിടെ നീതീകരണം, രമ്യപ്പെടൽ, വീണ്ടെടുക്കൽ എന്നീ ആശയങ്ങളിലാണ് ഊന്നൽ നൽകിയിരിക്കുന്നത്.

നീതീകരണം എന്നത് നിയമക്കോടതികൾ വഴി വന്ന ഒരു സങ്കല്പമാണ്. നീതീകരിക്കപ്പെട്ടവർ കുറ്റവിമുക്തരാവുന്നു. പാപികൾ തെറ്റുകാരായതുകൊണ്ട്, മറ്റാർക്കെങ്കിലുമേ അവരെ കുറ്റവിമുക്തരാക്കാൻ കഴിയൂ. യേശു അതുചെയ്യുന്നുവെന്ന സങ്കല്പത്തിൽ നിന്നാണ് 'ശിക്ഷ-ഏറ്റെടുക്കൽ' (Penal substitution) എന്ന ആശയം ഉരുത്തിരിഞ്ഞത്. പാപികൾ, പൗലോസിന്റെ ഭാഷയിൽ, "വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നു"(റോമാക്കാർക്കെഴുതിയ ലേഖനം 5:1). 

ക്രിസ്തുവിനോട് ചേർന്നുനിന്നുകൊണ്ട്, പാപി, മരണത്തിലും ഉയിർപ്പിലും ക്രിസ്തുവിനോടുകൂടി ഒന്നാകുന്നു. കുറ്റവിമുക്തി നടക്കുന്നത് പാപി ക്രിസ്തുവിന്റെ നിഷ്കളങ്കത പങ്കുവക്കുന്നതുവഴിയല്ല. നിഷ്കളങ്കനായ യേശു, തന്റെ ത്യാഗംവഴി പാപിയുടെ ഓഹരിയായ ശിക്ഷ ഏറ്റെടുക്കുന്നതുവഴിയാണ്. പാപികൾ അർഹിക്കുന്ന ശിക്ഷ ഏറ്റെടുത്തുകൊണ്ട് യേശു അവരെ ദൈവകോപത്തിൽ നിന്ന് രക്ഷപെടുത്തിയെന്ന്(റോമാക്കാർക്കെഴുതിയ ലേഖനം 5:9) പൗലോസ് വാദിച്ചു. 

യേശുവിന്റെ കാലത്തിനുമുന്പ് ജീവിച്ചിരുന്നവനെങ്കിലും, സുവിശേഷം മുൻകൂറായി അബ്രാഹമിന് വെളിപ്പെടുത്തപ്പെട്ടു എന്ന് പൗലോസ് അവകാശപ്പെട്ടു(ഗലാത്തിയർ 3:8)
യേശു നേരത്തേ ഉണ്ടായിരുന്നവനാണ് എന്ന പൗലോസിന്റെ വിശ്വാസവുമായി ചേർന്നുപോകുന്ന നിലപാടാണിത്(ഫിലിപ്പിയർ 2:5-11). കഴിഞ്ഞ ദശാബ്ദങ്ങളിൽ പല ദൈവശാസ്ത്രജ്ഞന്മാരും, വിശ്വാസം വഴിയുള്ള നീതീകരണം എന്ന പൗലോസിന്റെ സങ്കല്പത്തെ പുതിയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാൻ ശ്രമിച്ചിട്ടുണ്ട്. നീതീകരണമെന്നതിന് അവർ നൽകുന്ന അർത്ഥം വിശ്വസിക്കുന്നവരായ യഹൂദരേയും യഹൂദേതരരേയും ദൈവം സ്വീകരിക്കുന്നു എന്നാണ്.

റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പൗലോസ് ഇങ്ങനെ പറയുന്നു:

"നിയമത്തോടുള്ള അനുസരണവഴിയല്ലാതെ, വിശ്വാസം വഴി ഒരാൾ നീതീകരിക്കപ്പെടുന്നു എന്നാണ് നമ്മുടെ വിശ്വാസം. ദൈവം യഹൂദരുടെ മാത്രം ദൈവമാണോ? അവിടുന്ന്, യഹൂദേതരരുടേയും ദൈവമല്ലേ. പരിഛേദിതരേയും അല്ലാത്തവരേയും ഒരേ വിശ്വാസം വഴി നീതീകരിക്കുന്നവനയ അവൻ യഹൂദേതരരുടേയും ദൈവമാണ്."
( റോമാക്കാർക്കെഴുതിയ ലേഖനം 3:28-30).

 നീതീകരണത്തെ സംബന്ധിച്ച പൗലോസിന്റെ സിദ്ധാന്തം കേന്ദ്രീകൃതമായിരിക്കുന്നത് വിശ്വാസത്തിലാണ്. നീതീകരണത്തിന്റെ വേരുകൾ നിയമക്കോടതികളിലാണെങ്കിൽ, വീണ്ടെടുപ്പ് എന്ന ആശയത്തിന്റെ ഉത്ഭവം അടിമകളുടെ വിമോചനത്തിൽ നിന്നാണ്. വ്യത്യസ്തമായ അർത്ഥത്തിലാണെങ്കിലും മോചനദ്രവ്യം കൊടുക്കൽ എന്ന ആശയവുമായി അതിന് ബന്ധമുണ്ട്. മോചനദ്രവ്യം ഒരാൾക്ക് അയാളുടെ ഉടമസ്ഥതയിലുള്ള ഒരടിമയുടെ സ്വാതന്ത്ര്യത്തിന് കൊടുത്തിരുന്ന വിലയായിരുന്നു. ഇവിടെയാകട്ടെ, യേശുവിന്റെ മരണമാണ് വിമോചനം സാദ്ധ്യമാക്കിയത്. പാപം മനുഷ്യന്റെമേൽ സാത്താന് അധികാരം നൽകിയതുമൂലം മോചനത്തന് നൽകിയ ഈ വില ലഭിച്ചത് സാത്താനാണെന്ന് ഒരിജനേയും അഗസ്റ്റിനേയും പോലുള്ള ചിന്തകന്മാർ വാദിച്ചിട്ടുണ്ട്. പൗലോസാകട്ടെ, വില ആർക്കാണ് നൽകിയതെന്ന് പറയുന്നില്ല.

വീണ്ടെടുപ്പ് എന്ന ആശയത്തിന്റെ മറ്റൊരവതരണമായ രമ്യപ്പെടൽ എന്നതിന് ഒത്തുതീർപ്പാകുക, കലഹം അവസാനിപ്പിക്കുക എന്നൊക്കെയാണർഥം(റോമാക്കാർക്കെഴുതിയ ലേഖനം 5:9). യഹൂദർക്കും യഹൂദേതരർക്കുമിടയിൽ നിയമം പടുത്തുയർത്തിയ ഭിത്തി തകർക്കുകയാണ് യേശു ചെയ്തതെന്നും പൗലോസ് പറയുന്നുണ്ട് (എഫേസൂസുകാർക്കെഴുതിയ ലേഖനം 2:14).

യേശുവിന്റെ മരണം സാധ്യമാക്കിയ രക്ഷ പ്രാപിക്കാനുള്ള വഴി ജ്ഞാനസ്നാനം വഴി യേശുവുമായുള്ള ആത്മീയ ഐക്യമാണെന്ന് പൗലോസ് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തു ചെയ്തു.പുതിയ ജീവിതത്തെ ജഡത്തിലല്ലാതെ ആത്മാവിലുള്ള ജീവിതമായി അദ്ദേഹം ചിത്രീകരിച്ചു. ഇതനുസരിച്ച്, ആത്മാവ് ക്രിസ്തുവിന്റെ ആത്മാവാകയാൽ വിശ്വസിക്കുന്നവർ ദൈവമക്കളാകുന്നു. ദൈവം അവരുടെ പിതാവും അവർ ക്രിസ്തുവിന്റെ അനന്തരാവകാശികളും ആയിത്തീരുന്നു

ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്‍െറ പ്രവണതകളെ ആത്‌മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.

ദൈവാത്‌മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍െറ പുത്രന്‍മാരാണ്‌.

നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍െറ ആത്‌മാവിനെയല്ല, മറിച്ച്‌, പുത്രസ്വീകാരത്തിന്‍െറ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്‌മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്‌.
(റോമാ 8 : 13-15)

അതിൽ റോമർ മുതൽ എബ്രായർവരെയുള്ള 14 ലേഖനങ്ങൾ എഴുതിയത്‌ അപ്പൊസ്‌തലനായ പൗലോസാണ്‌. ലേഖനങ്ങളിൽ ചിലത്‌ വ്യക്തികൾക്കും മറ്റുചിലത്‌ സഭകൾക്കും എഴുതിയതായിരുന്നു. ഈ വ്യക്തികളുടെ അല്ലെങ്കിൽ സഭകളുടെ പേരിലാണ്‌ ലേഖനങ്ങൾ അറിയപ്പെടുന്നത്‌. ലേഖനങ്ങൾ മിക്കവയും പൗലോസ് സ്ഥപിച്ചവയോ സന്ദർശിച്ചവയോ ആയ സഭകൾക്ക് എഴുതിയവയാണ്. പൗലോസ് ഒരു വലിയ ദേശാടകനായിരുന്നു. സൈപ്രസ്, ഇന്ന് ടർക്കി എന്നറിയപ്പെടുന്ന പുരാതനഏഷ്യാമൈനർ, മാസിഡോണിയ, ഗ്രീസിന്റെ മറ്റുഭാഗങ്ങൾ, ക്രീറ്റ്, റോം എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സുവിശേഷപ്രചണാർഥം സഞ്ചരിച്ചു. ലേഖനങ്ങൾ നിറയെ, ക്രിസ്ത്യാനികൾ എന്തൊക്കെ വിശ്വസിക്കണം എങ്ങനെ ജീവിക്കണം എന്നതിനെയൊക്കെപ്പറ്റിയുള്ള ആഹ്വാനങ്ങളാണ്.

🌹🌹ഡോ.പൗസ് പൗലോസ് MS(Ay)🌹🌹

Comments