Random Post

സായാഹ്നങ്ങളിൽ ചങ്ക് നിറയെ ശുദ്ധവായു ശ്വസിച്ച് ഒന്ന് റിലാക്സ് ചെയ്യാൻ

സായാഹ്നങ്ങളിൽ ചങ്ക് നിറയെ ശുദ്ധവായു ശ്വസിച്ച് ഒന്ന് റിലാക്സ് ചെയ്യാൻ തൃശ്ശൂരിലെ ഹൃദയഭാഗത്തുള്ള നെഹ്റു പാർക്കിലേക്ക് ജോലി കഴിഞ്ഞ് ഒട്ടുമിക്ക ദിവസങ്ങളിലും വരും. കുട്ടികളുടെ കളിയും ചിരിയും ഒക്കെ ഒരുപാട് ഇഷ്ടമായതിനാൽ പാർക്കിലൂടെ അതൊക്കെ ആസ്വദിച്ച് അങ്ങനെ നടക്കും.

എന്നിട്ട് അവിടെ ഒഴിവുള്ള ഏതെങ്കിലും കോൺക്രീറ്റ് ബെഞ്ചിൽ   മാനം നോക്കി കിടക്കും. ചിലപ്പോൾ ആ കിടപ്പിൽ അറിയാതെ ഒന്നു മയങ്ങി പോകും. കിടക്കുമ്പോൾ തലയണ ആയി ഉപയോഗിക്കുന്നത് എന്റെ സന്തതസഹചാരിയായ ബാഗാണ്.

ഇവിടെ ചിലവഴിക്കുന്ന നിമിഷങ്ങൾ എന്റെ മനസ്സിന് ഒരുപാട് സമാധാനവും സന്തോഷവും തരാറുണ്ട്. വടക്കുന്നാഥനെ വലം വയ്ക്കുന്ന റോട്ടിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ  ശബ്ദത്തിൽ നിന്നും അന്തരീക്ഷ മലിനീകരണത്തിൽ നിന്നും നമുക്ക് മോക്ഷം തരുന്ന നഗരത്തിലെ ശ്വാസകോശം എന്നു വേണമെങ്കിൽ 'നെഹ്റു പാർക്കിനെ' വിശേഷിപ്പിക്കാം. 

ഇന്നെന്തോ ഇതിനെ കുറിച്ച് എഴുതണം എന്നു തോന്നി; ഇതെഴുതുമ്പോൾ ഞാനീ കോൺക്രീറ്റ് ബെഞ്ചിൽ ഇരിക്കുകയാണ് ഇവിടെ മുതിർന്നവർക്ക് എക്സർസൈസ് ചെയ്യാനുള്ള ധാരാളം പുതിയ സാമഗ്രികൾ വന്നിട്ടുണ്ട്. വേണമെങ്കിൽ അതിലും കയറി കുറച്ച് കസർത്ത് കാണിച്ച് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കും. 

ഞാൻ ഇരിക്കുന്ന കോൺക്രീറ്റ് ബെഞ്ചിൽ ഇരുന്ന് ചുറ്റും നോക്കിയാൽ ഇതേപോലെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാൻ അവിടെയുള്ള പുതിയ ഉപകരണങ്ങളിൽ കയറി ചാഞ്ചാടുന്ന ഒരുപാട് ആൾക്കാരെ കാണാം.

ചിലർ ഓടുന്നു, ചിലർ ചാടുന്നു , ചിലർ തടി കുറയാൻ അങ്ങോട്ടുമിങ്ങോട്ടും ശരീരം ഇട്ടു ഇളകുന്നു, വേറെ ചിലർ പുതിയതായി വന്ന ഉപകരണങ്ങളിൽ കയറി ചാഞ്ചാടുന്നു എല്ലാവർക്കും ഒരേയൊരു ഉദ്ദേശം മാത്രം എങ്ങനെയെങ്കിലും അവരുടെ ആരോഗ്യം കൂട്ടണം. 

പ്രായഭേദമന്യേ എല്ലാവരും ഈ പാർക്കിനകത്ത് ആരോഗ്യം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ഒരുപാട് സങ്കീർണമായ അവരുടെ ജീവിതത്തിന്റെ നെട്ടോട്ടങ്ങളിൽ കുറച്ചുസമയം അവർ ഈ പാർക്കിൽ ചെലവഴിക്കുന്നു ഒന്ന് റിഫ്രഷ് ആകാൻ. 

ഞാനിവിടെ ഈ കോൺക്രീറ്റ് ബെഞ്ചിൽ ഇരുന്നും കിടന്നും അതെല്ലാം കണ്ട് ആസ്വദിക്കുന്നു. ഇവിടെ വന്നിട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ഇനി വടക്കുംനാഥനെ വലം വെച്ച് ബൈക്കിരിക്കുന്ന സ്ഥലത്തോട്ട്  നടക്കണം പിന്നീട് പുത്തൻ പള്ളിയിൽ കൂടി ഒന്നു പോയി പ്രാർത്ഥിച്ച് തിരിച്ച് വീട്ടിലോട്ട് എന്റെ ശകടത്തിൽ യാത്ര തിരിക്കണം. പലപ്പോഴും ജീവിതം ഇങ്ങനെയാണ്  ശാന്തിയും,സമാധാനവും, ആരോഗ്യവും തേടിയുള്ള ഒരു തീരാത്ത യാത്ര.....

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

Post a Comment

0 Comments