Random Post

രതിസാമ്രാജ്യം

"യാ ദേവീ സർവഭൂതേഷു
രതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ 
നമസ്തസ്യൈ നമോ നമ:"

ഇന്ന് നിങ്ങൾക്ക് ഒരു പുതിയ പുസ്തകത്തെ പരിചയപ്പെടുത്തുകയാണ് ഒരു രസം. നാലപ്പാട്ട് നാരായണ മേനോൻ എഴുതിയ മനോഹരമായ ഒരു പുസ്തകമാണ് രതിസാമ്രാജ്യം എന്നത്. ഭാരതീയവും വൈദേശികവുമായ രീതിശാസ്ത്ര ശേഖരം സ്വാംശീകരിച്ച് തയ്യാറാക്കിയ മലയാളത്തിലെ ആദ്യ ലൈംഗികവിജ്ഞാന ക്ലാസിക് . ഈ പുസ്തകം അദ്ദേഹം എഴുതിയത് 1937 ആണ് എന്നത് പ്രത്യേകം ഓർക്കണം വളരെ സമഗ്രമായ ഒരു പഠനം ആണ് ഇതിലുള്ളത്. പല രാജ്യങ്ങളിലുള്ള മനുഷ്യരുടെ ജീവിത രീതികളും അവരുടെ ലൈംഗിക ജീവിതവും വളരെ വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. അതുപോലെതന്നെ മൃഗങ്ങളുടെയും പക്ഷിമൃഗാദികളുടെയും സസ്യലതാദികളുടെ ലൈംഗികതയെ കുറിച്ച് വളരെ സമഗ്രമായ വിവരണമുള്ള ഒരു പുസ്തകമാണ് ഇത്.
 
ഇത്രയും വർഷങ്ങൾക്കു മുമ്പ് ഇദ്ദേഹം ഈ പുസ്തകം എഴുതണമെങ്കിൽ വളരെയധികം യാത്രാനുഭവങ്ങളും അതുകൂടാതെ തന്നെ  വിജ്ഞാനശേഖര യജ്ഞവും അതിനുവേണ്ടി നടത്തി കാണും. ഈ പുസ്തകം വായിച്ചാൽ നിങ്ങളുടെ കാഴ്ചപ്പാടുകളിൽ വളരെയധികം വ്യത്യാസം ഉണ്ടാകും എന്ന് തീർച്ചയാണ് കാരണം അത്രയധികം ശാസ്ത്രീയവും മനോഹരമായിട്ടാണ് ഇതിലുള്ളള വിവരണങ്ങൾ ഏതു സാധാരണ മനുഷ്യനും മനസ്സിലാകുന്ന വിധം ലളിതമായ ഒരു ഭാഷാ ശൈലി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പല നാടുകളിലും ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരാചാരങ്ങളും, അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും ഈ പുസ്തകം തുറന്നു കാണിക്കുന്നുണ്ട്.

വളരെയധികം പ്രബുദ്ധരായ ജനങ്ങൾ എന്ന് നാം വിശ്വസിക്കുന്ന പശ്ചാത്യ രാജ്യങ്ങളിൽ പണ്ട് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ കുറിച്ച് വായിച്ച് അറിഞ്ഞാൽ നമുക്ക് തന്നെ വളരെയധികം അത്ഭുതം തോന്നും. ഈ ലോകം ഇത്രയധികം പുരോഗമിച്ചത് ലൈംഗികതയും ലിംഗഭേദവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഒരു കുന്നോളം  അന്ധവിശ്വാസങ്ങൾ നിറഞ്ഞ ഒരു ഇരുണ്ട കാലഘട്ടത്തെ തരണം ചെയ്തിട്ടാണ് എന്ന് ഈ പുസ്തകം വായിച്ചാൽ മനസ്സിലാകും. വളരെയധികം അനാചാരങ്ങളാലും ദുരാചാരങ്ങളാലും ലൈംഗിക വൈകൃതങ്ങളാലും സമ്പുഷ്ടമായിരുന്ന ഒരു പുരാതന ഇരുണ്ട യുഗം നമുക്കുണ്ടായിരുന്നു. 

ശാസ്ത്രത്തിന്റെ വളർച്ചയും അതുപോലെതന്നെ ജനങ്ങൾക്ക് ലഭ്യമായ വിദ്യാഭ്യാസവും പിന്നീടുണ്ടായ സാമൂഹിക പരിഷ്കരണവും മൂലം നമുക്ക് കിട്ടിയതാണ് ഇന്നത്തെ പരിഷ്കൃത ജീവിത രീതി. നമ്മുടെ ചുറ്റുമുള്ള സസ്യലതാദികൾക്ക് ജീവനും ,ലൈംഗിക ചോദനകളും ഉണ്ട് എന്ന് ആ കാലഘട്ടത്തിൽ തന്നെ ഈ പുസ്തകത്തിലൂടെ നാലപ്പാട്ട് നാരായണമേനോൻ പങ്കുവയ്ക്കുന്നു.  സ്ത്രീ പുരുഷ ചിന്താഗതികളിൽ ഉള്ള വ്യത്യാസങ്ങളും ഹോർമോൺ വ്യതിയാനങ്ങളും എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം ഈ പുസ്തകത്തിൽ ഭംഗിയായി വിവരിച്ചിട്ടുണ്ട് എന്നത് തികച്ചും സ്ലാഘനീയം ആണ്. 

അതുകൂടാതെ അദ്ദേഹം സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം മനുഷ്യശരീരത്തിലെ ജീവശാസ്ത്രപരമായ കാര്യങ്ങളെ വളരെ ലളിതമായ ഭാഷയിൽ ഭംഗിയായി വിവരിച്ചിട്ടുണ്ട്. വേണമെങ്കിൽ ഈ പുസ്തകത്തിനെ മനുഷ്യ, മൃഗ ,  പക്ഷി സസ്യലതാദികളുടെ  ലൈംഗിക പരിണാമത്തിന്റെ ഒരു കൊച്ച് ചരിത്ര പുസ്തകം എന്ന് വേണേൽ പറയും. ആ കാലഘട്ടത്തിൽ തന്നെ അദ്ദേഹം ലൈംഗിക വൈകൃതങ്ങളെ കുറിച്ചും , ലൈംഗിക അരാജകത്വത്തെ കുറിച്ചും, ഗർഭനിരോധനത്തെക്കുറിച്ചും,  ലൈംഗിക രോഗങ്ങളെക്കുറിച്ചും എല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട് എന്ന് വായിച്ച് അറിയുമ്പോൾ വളരെയധികം അത്ഭുതം തോന്നും. 

ആധുനിക ശാസ്ത്രീയ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട ആദ്യത്തെ ആധികാരിക മലയാള ലൈംഗിക വിജ്ഞാന കൃതിയാണ് രതിസാമ്രാജ്യം. പാരമ്പര്യം ,ജന്തുശാസ്ത്രം, മനശാസ്ത്രം, ലൈംഗിക ശാസ്ത്രം തുടങ്ങിയ വൈജ്ഞാനിക മേഖലകളിൽ ഭാരതീയവും വൈദേശികവുമായ സ്രോതസ്സുകൾ പഠിച്ചും അവലംബിച്ചു സ്വാംശീകരിച്ച് നാൽപ്പാട്ട് നാരായണമേനോൻ രചിച്ച ഈ കൃതി ഒരു ലൈംഗിക വിജ്ഞാന ക്ലാസിക് തന്നെ ആണ്.

(ഡോ.പൗസ് പൗലോസ്)

Post a Comment

0 Comments