മലയാറ്റൂർ മല കയറ്റം

എല്ലാ വർഷവും മുടങ്ങാതെ ചെയ്യുന്ന ഒരു പരിപാടിയുണ്ട് ''മലയാറ്റൂർ മല കയറ്റം'' മിക്കവാറും വൈകിട്ട് ഒരു അഞ്ചുമണിക്ക് കേറി തിരിച്ചു ഒരു 6 മണിക്ക് മലയിറങ്ങും തിരിച്ച് വീട്ടിൽ ഒരു 8 മണിക്ക് എത്തും. ഞങ്ങൾ കോക്കുന്ന് കാർക്ക് ആനപ്പാറ മഞ്ഞപ്ര വഴി മലയാറ്റൂർ പോകാൻ എളുപ്പമാണ് നല്ല സ്പീഡിൽ അങ്ങ് പോയാൽ ഒരു അരമണിക്കൂർ മലയാറ്റൂർ എത്തും. മലകയറുമ്പോൾ ആണ് ഞാൻ എന്റെ ശരീരത്തിന് ഈ വർഷം സ്റ്റാമിന കുറഞ്ഞൊ കൂടിയോ എന്ന്  അളന്നു നോക്കുന്നത്. ഇതേവരെ മലകയറുമ്പോൾ കിതപ്പ് ഒന്നും ഉണ്ടായിട്ടില്ല എന്നത് ഒരു സമാധാനം. ഇടയ്ക്ക് ചില അമ്മാമമാരും അപ്പാപ്പൻമാരും മലകയറുന്നത് കാണാം ചിലപ്പോൾ വയസ്സ് ഒരു 80 കഴിഞ്ഞിട്ടുണ്ടാവും എന്നാലും അവർ മെല്ലെ മെല്ലെ മുത്തപ്പനെ കാണാൻ മലകയറി ഇറങ്ങും. അവരെ കാണുമ്പോൾ എനിക്കവരോട് ഒരു അസൂയ തോന്നും ദൈവമേ എന്ത് ആരോഗ്യം തന്നാണ് നീ അവരെ അനുഗ്രഹിച്ചിരിക്കുന്നത്....ഞാനും ഇതേപോലെ വയസ്സാകുമ്പോൾ എനിക്കും ഇതേ പോലെ മല കയറാൻ പറ്റുമോ എന്റെ കർത്താവേ സാധ്യത കുറവാണ് എന്നും വിചാരിച്ച് ഒരു ദീർഘനിശ്വാസം വിട്ട് മലകയറും. എന്തായാലും വയസ്സാൻ കാലത്ത് അവരുടെ ചുറുചുറുക്ക് സമ്മതിച്ച് കൊടുത്തേ പറ്റൂ ഭാഗ്യവാന്മാർ എന്ന് ഒറ്റവാക്കിൽ പറയാം. മലയുടെ മുകളിൽ കയറി കുറച്ചു നേരം ആ പാറയിൽ കിടന്നു കാറ്റുകൊള്ളാൻ നല്ല രസമാണ്. ഒരുവർഷം മലയാറ്റൂർ പോകാതെ കനകമല കയറി ഉച്ചയ്ക്കാണ് കയറിയത് അന്ന് ആൾക്കാർ തീരെ ഉണ്ടായില്ല പൊടിപിടിച്ച വഴിയാണ് സൂര്യൻ ഉച്ചിയിൽ നിൽക്കുന്നതുകൊണ്ട് നല്ലവണ്ണം വെള്ളം ദാഹവും ഉണ്ട് ഇടയ്ക്ക് പൈപ്പ് ഉള്ളത് കൊണ്ട് വെള്ളം കുടിച്ച് മെല്ലെമെല്ലെ അങ്ങ് മുകളിൽ എത്തി. കനക മലയ്ക്ക്  മുകളിൽ ഒരു ചെറിയ കപ്പേള ഉണ്ട് ആ വഴി തോമാശ്ലീഹാ പോയിട്ടുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അന്ന് കനക മല കയറാൻ പോയപ്പോൾ കുറച്ച് പൊതിച്ചോറും കൈയ്യിൽ കരുതിയിരുന്നു അത് മലമുകളിൽ വച്ച് കഴിച്ച് വെള്ളം കുടിച്ച് ആ പാറപ്പുറത്ത് കിടന്ന് ഒരു രണ്ടു മണിക്കൂർ സുഖനിദ്രയിൽ ആണ്ടു. പിന്നീട് മെല്ലെമെല്ലെ മലയിറങ്ങി  ഇതൊക്കെ മനസ്സിലുള്ള കൊച്ചുകൊച്ചു ഓർമ്മകളാണ്. ഒരിക്കൽ സുഹൃത്തുക്കളുമായി ഒരു ദുഃഖവെള്ളിയുടെ അന്ന് മലയാറ്റൂർ മല കയറിയിട്ടുണ്ട് നല്ല തിരക്കായിരുന്നു അന്ന്, ഇടയ്ക്കൊക്കെ ആജാനബാഹുവായ മരക്കുരിശുകളും ചുമലിലേറ്റി ഒരുപാട് യുവജനങ്ങൾ മലകയറുന്നത് കാണാം. ഞാൻ ഇതേവരെ അത്തരം അക്രമങ്ങൾ ഒന്നും ചെയ്തിട്ടില്ല അതിനുള്ള ആരോഗ്യവും ഇല്ല. ചിലർ തലയിൽ കല്ലുവച്ച് മലകയറുന്നു കാണാം അതെല്ലാം ഓരോ തരത്തിലുള്ള വഴിപാടുകളാണ്. പിന്നീട് മലയിറങ്ങി താഴത്തെ പള്ളിയിൽ പോയി ഒന്ന് പ്രാർത്ഥിച്ച് തൊട്ടടുത്ത് കൂടെ ഒഴുകുന്ന പെരിയാറിൽ ഒന്ന് കുളിച്ചു കയറി കാന്റീനിൽ പോയി ഒരു മസാല ദോശ കഴിച്ചു എന്തായാലും മലകയറിയ ക്ഷീണം ഒക്കെ അതോടു കൂടെ പോയി. നോമ്പുകാലത്ത് മലകയറുന്നത് ഒരു സുഖമുള്ള പരിപാടിയാണ് ........പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം.........പൊന്നും കുരിശുമുത്തപ്പോ പൊൻമല ഇറക്കം ........ എന്നും വിളിച്ച് ആ മല കയറിയിറങ്ങുമ്പോൾ മനസ്സിനും ശരീരത്തിനും ആത്മാവിനും ഒരു സുഖമാണ്. അതെന്തായാലും ഈ വർഷം അത് നടക്കില്ല പിന്നെ എന്റെ ശരീരത്തിന്റെ സ്റ്റാമിന കൂടിയോ കുറഞ്ഞോ എന്ന് അളക്കാനും എനിക്ക് കഴിയില്ല. ഞാനെന്റെ നാലാം വയസ്സിൽ ആണ് ആദ്യമായി മലയാറ്റൂർ മല മുഴുവൻ നടന്ന് കയറിയത് എന്ന് എന്റെ മാതാപിതാക്കൾ പറയുന്നു എന്തായാലും ആ പതിവ് ഇതേവരെ തെറ്റിച്ചിട്ടില്ല. ക്രൂശിതനായ ക്രിസ്തു മരണ ശേഷം മൂന്നാംദിനം ഉയർത്തെഴുന്നേറ്റ് ശിഷ്യന്മാർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആ ക്രിസ്തുവിന്റെ കയ്യിലെ ആണി പഴുതിൽ വിരലിട്ടും കുന്തം കൊണ്ട് കുത്തിയ പാർശ്വത്തിൽ കൈ വച്ചും മാത്രം ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിച്ച ആ പിടിവാശിക്കാരൻ ആയ മുത്തപ്പനെ മിസ്സ് ചെയ്യുന്നുണ്ട് 

Dr.Pouse

Comments