ചിറ്റമൃത്

ചിറ്റമൃത്

ഹാർട്ട്‌ലീഫ് മൂൺ സീഡ് Heartleaf moon seed എന്ന ആംഗലേയ നാമവും, മെനിസ്പെർമേസീ കുടുംബത്തിലെ റ്റീനോസ്പോറ കോർഡിഫോലിയ (Tinospora cordifolia) എന്ന ശാസ്ത്ര നാമവുമുള്ള അമൃത്, ശ്രീലങ്ക, ഇൻഡ്യ എന്നിവിടങ്ങളിലെ വനങ്ങളിൽ മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ്. രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുർവേദമതം. അമൃതിന്റെ ഇലകളിൽ 11.2% മാംസ്യവും നല്ലയളവിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽ കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്.സാധാരണ കാലാവസ്ഥകളിൽ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇത് ഔഷധമായി ഉപയോഗിക്കപ്പെടുന്നു.

ആയുർവേദ ഗ്രന്ഥങ്ങളിൽ ചിറ്റമൃതിന്റെ എല്ലാ ഭാഗങ്ങളും കറയും ഔഷധമായി ഉപയോഗിക്കുന്നു. മൂത്രാശയ   രോഗങ്ങളിൽ,  ആമാശയ രോഗങ്ങളിലും, കരൾ സംബന്ധിയായ രോഗങ്ങളിലും, ത്വക് രോഗങ്ങളിലും, മറ്റ് ഔഷധങ്ങളുടെ കൂടെ പാമ്പ്, തേൾ വിഷ ചികിത്സയിലും ഉപയോഗിക്കുന്നു തണ്ടിൽ നിന്ന് നിർമ്മിക്കുന്ന അരിഷ്ടം ലൈംഗികശേഷി വർദ്ധിപ്പിക്കും അമൃതാദി എണ്ണ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.


ആയുർവേദവിധിപ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യഘടകമാണ്. കടുത്ത കയ്പുള്ള അമൃത് പചിച്ചുകഴിഞ്ഞാൽ മധുരരസമായിത്തീരുന്നു. രസായനഗുണമുള്ള ഈ പദാർഥത്തിന് മലത്തെ ശോഷിപ്പിക്കാൻ കഴിവുണ്ട്. കഷായാനുസരവും ലഘുവും ആയതിനാൽ ബലത്തേയും ജഠരാഗ്നിയേയും ഇത് വർധിപ്പിക്കുന്നു.


കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.



സംസ്കൃത നാമം :-


ഗുളൂചി, ഛിന്നാരുഹ , ഛിന്നോൽ ഭവ , വൽസാദനി , കുണ്ടലിനാ, അമൃത വല്ലി അമൃത ലതിക, ഭിഷക് പ്രിയ , മധുപർണി

അമൃതിന്റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂർ വെള്ളത്തിലിട്ടാൽ ഇവയുടെ നൂറ് കിട്ടും. ഒരൌൺസ് നൂറ് പത്തിരട്ടി വെള്ളത്തിൽ ചേർത്ത് 1-3 ഔൺസായി ഉപയോഗിച്ചാൽ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും.


രക്തശുദ്ധിയുണ്ടാകാനും എല്ലാവിധ പനികൾക്കും ഇത് പ്രയോജനപ്രദമാണ്. ഇതിന്റെ തണ്ടു ചതച്ച് അര ഔൺസ് നീരും ഒരു ടീസ്പൂൺ തേനും ചേർത്ത് 6 നേരം കഴിച്ചാൽ പനി മാറും.


വൃക്കരോഗങ്ങൾക്ക് അമൃത് ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുക. ശരീരത്തിൽ അമിതമായുണ്ടാകുന്ന ചുട്ടുനീറ്റൽ മാറ്റാൻ അമൃതിൻ നൂറ് 250 മി.ഗ്രാം വീതം മൂന്നുനേരം കഴിക്കണം.


വാതജ്വരം കുറയ്ക്കാൻ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്റെ വേര് തുടങ്ങിയ ഔഷധങ്ങൾ സമം ചേർത്ത് കഷായമായി ഉപയോഗിക്കാം. അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്.


ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീർക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേർത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും.


അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികൾക്കും ഉത്തമമാണ്.


അമൃതിൻ നീര്, നെല്ലിക്കാനീര്, മഞ്ഞൾപൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റിൽ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ ഉത്തമമാണ്.


അമൃതിൻ നീര് തേനിൽ ചേർത്തുപയോഗിക്കുന്നത് മൂത്രവർദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്.


അമൃതിൻ കഷായത്തിൽ കുരുമുളകുപൊടി ചേർത്തുപയോഗിക്കുന്നത് ഹൃദ്രോഗത്തിനും രക്തവാതത്തിനും ഫലപ്രദമാണ്.


അമൃത്, മുത്തങ്ങ, ചന്ദനം, ചുക്ക് ഇവയുടെ കഷായം തലവേദനയും ജലദോഷവും പനിയും മാറ്റും.


അമൃതനീര് തേൻ ചേർത്തുപയോഗിച്ചാൽ ഛർ‍ദ്ദി കുറയും.


ദഹനക്കുറവുള്ളവർ അമൃതിൻ നീരിൽ ചുക്ക് പൊടിച്ചുപയോഗിക്കണം. അമൃതയിലയിൽ വെണ്ണ പുരട്ടിയിട്ടാൽ കുരുക്കൾ പെട്ടെന്നും പഴുത്തു പൊട്ടും.


കാലു വിണ്ടുകീറുന്നതിന് അമൃതയിലയും മൈലാഞ്ചിയും പച്ചമഞ്ഞളും ചേർത്തരച്ച് കിടക്കുന്നതിന് മുമ്പ് കാലിലിടുക.


പ്രമേഹത്തിനും വൃക്കരോഗങ്ങൾക്കുമെതിരായുള്ള സിദ്ധൗഷധമാണ് അമൃത്. ത്വക് രോഗങ്ങളും ശമിപ്പിക്കും.


അമൃതും ത്രിഫലയും സമം കഷായമാക്കി ദിവസം 3 നേരം മൂന്ന് ഔൺസ് വീതം സേവിച്ചാൽ പെരുമുട്ടുവാതം ശമിക്കും.


അമൃത് വള്ളി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസം രണ്ടുനേരം വീതം സേവിച്ചാൽ മൂത്രാശയരോഗങ്ങൾ ശമിക്കും. ‌


അമൃതിൻ നീരിൽ ചുക്കുപൊടി ചേർത്ത് സേവിച്ചാൽ നല്ല ദഹനം ലഭിക്കും.


അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞൾപൊടി ചേർത്തു കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാം.


അമൃതിൻ നീരും തേനും ചേർന്ന ലേപനം വ്രണങ്ങൾ ഉണക്കും



Comments