Random Post

കൽത്തപ്പവും (ഇണ്ടേറിയപ്പം)

ജീവിതത്തിൽ ആദ്യമായി ഒരു പെസഹാ തിരുനാൾ പള്ളിയിൽ ഒന്നും പോകാതെ ഒരു ആഘോഷവും ഇല്ലാതെ വീട്ടിൽ ഇരുന്ന് ടി.വിയിൽ കുർബാന കണ്ട് വൈകീട്ട് ടി.വിയിൽ ആരാധന കണ്ട് മമ്മി ഉണ്ടാക്കിയ  കൽത്തപ്പവും (ഇണ്ടേറിയപ്പം) പാല് കുറുക്കിയതും കഴിച്ച് ഇന്ന് ലളിതമായി അങ്ങ് ആഘോഷിച്ചു. എന്റെ ചെറുപ്പത്തിൽ ഒക്കെ ഈ കൽത്തപ്പവും, പാലും, ബ്രെഡും കഴിക്കാൻ അയൽവക്കത്തുള്ള എല്ലാ വീടുകളിലും പോകും നമ്മുടെ വീട്ടിലേക്ക് അവരും വരും അത് വളരെ മനോഹരമായ ഒരു പങ്കുവെക്കലിന്റെ അനുഭവമായിരുന്നു. അന്നത്തെ പെസഹ തിരുനാളിന്റെ രാത്രികാലങ്ങൾ എന്ന് പറയുന്നത് ഞങ്ങൾ കുട്ടികൾക്ക് എല്ലാം ഒരു ആഘോഷമായിരുന്നു പരസ്പരം എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഭവനങ്ങളിൽ പോയി പെസഹാ അപ്പം ഭക്ഷിക്കുന്ന മനോഹരമായ ഓർമ്മകൾ. ഇത്തരത്തിലുള്ള പെസഹാ തിരുനാളിന്റെ പങ്കുവെക്കൽ അനുഭവങ്ങൾ ഇന്നും അങ്കമാലി ഭാഗത്തുള്ള ഗ്രാമങ്ങളിൽ പോയാൽ ഇപ്പോഴും കാണുവാൻ സാധിക്കും. പ്രത്യേകിച്ച് എന്റെ നാട് അങ്കമാലി മൂക്കന്നൂർ, കോക്കുന്ന്, ആനപ്പാറ മുതലായ ഭാഗങ്ങളിൽ.  പെസഹാ തിരുനാൾ ആഘോഷിക്കുമ്പോൾ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു രംഗമുണ്ട് പള്ളിയിൽ  വൈദികൻ 12 പേരുടെ കാലുകൾ കഴുകി മുത്തുന്ന വർഷത്തിലൊരിക്കൽ മാത്രം കാണാൻ കഴിയുന്ന ഒരു രംഗം. ഈശോ പെസഹാ ദിനത്തിൽ കുർബാന സ്ഥാപിച്ച് ഞാൻ ചെയ്തതുപോലെ നിങ്ങളും പരസ്പരം ചെയ്യുവിൻ എന്നും പറഞ്ഞ് സ്വന്തം ശിഷ്യന്മാരുടെ കാൽ കഴുകി മുത്തിയതിന്റെ ഓർമ്മ പുതുക്കാൻ ചെയ്യുന്ന ഒരു അനുസ്മരണം ആണിത്. അത് ഈ വർഷം കാണാൻ കഴിയാത്തതിനാൽ ഒരു ചെറിയ മിസ്സിംഗ് ഫീലിംഗ് ഉള്ളിൽ ഉണ്ടാക്കുന്നുണ്ട്. ഇനി അടുത്ത വർഷം കൊറോണയിൽ നിന്ന് മോചനം നേടി അത് കാണാൻ സാധിക്കുമായിരിക്കും എന്ന് പ്രത്യാശിക്കുന്നു. എന്തായാലും ഈ ഓർമ്മകൾ എല്ലാം തള്ളിക്കയറി വന്നപ്പോൾ നൊസ്റ്റാൾജിയ അടിച്ച എന്റെ ഉപബോധമനസ്സിനെ സമാധാനിപ്പിക്കാൻ വേണ്ടിയാണ് ഈ കൊച്ചു ഓർമ്മകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

Dr.Pouse

Post a Comment

0 Comments