ചക്ക പുരാണം

ഇനി കുറച്ച് ചക്ക പുരാണം ആകാം ഇത് ചക്കയുടെ കാലഘട്ടമാണ് പഴുത്തതും, പഴുക്കാത്തതുമായ ചക്ക വിഭവങ്ങൾ ഭവനങ്ങളിൽ ഒരുങ്ങുന്ന സമയം. നിങ്ങളും ഈ ചക്ക സുന്ദരിയെ ഈ ലോക് ഡൗൺ കാലഘട്ടത്തിൽ ഭക്ഷിച്ച്കാണും എന്ന് വിശ്വസിക്കുന്നു. ചക്കപ്പുഴുക്ക് പ്രമേഹം നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന റിപ്പോർട്ടുകൾ പ്രമേഹരോഗികൾ ആവേശത്തോടെയാണ് സ്വീകരിച്ചത് അതിനുശേഷം  കേരളത്തിൽ  ചക്കയ്ക്ക് പ്രിയമേറി കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റാമിനുകൾ, കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ധാരാളമായി ചക്കയിലുണ്ട്. വിറ്റമിന്‍ സിയുടെ ഒന്നാന്തരം ഉറവിടമാണിത്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്സിഡന്റും. 

ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്. ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാൽ കുറച്ച് ഗ്യാസ്ട്രബിൾ ഉണ്ടായാലും ചക്കക്കുരു കഴിച്ചോളൂ.

അധികമായാല്‍ അമൃതും വിഷമാണല്ലോ. ചക്ക അധികം തിന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളില്ലാതെയാക്കാന്‍ ചുക്കുകാപ്പിയോ കഷായമോ കുടിച്ചാല്‍ മതി എന്നൊരു ചൊല്ലുണ്ട്. ചക്കയുടെ മുള്ള്‌ ചെത്തി ചക്കമടല്‍ കൂടി ചേര്‍ത്ത്‌ പുഴുങ്ങിയാലും വയറിന്‌ നല്ലതാണ്‌. പഴുത്ത ചക്ക നെയ്യോ തേനോ ചേര്‍ത്ത്‌ കഴിച്ചാലും ഒരസുഖവുമുണ്ടാകില്ല.

ചക്കയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകൾ
---------------------------------------------------------

-ചക്കയാണോ ചൂന്നു നോക്കാന്‍.
- ചുക്ക്‌ മാങ്ങായ്‌ക്ക് തേങ്ങ.
- തേങ്ങ കടംവാങ്ങിയെങ്കിലും കൂട്ടണം.
-ചക്കയ്‌ക്കും മുള്ളുണ്ട്‌, ഉമ്മത്തിന്‍കായ്‌ക്കും മുള്ളുണ്ട്‌.
-ചക്കപോലത്തെ വാക്കും ചക്കപോലത്തെ നെഞ്ചും.
-ചക്ക തിന്നും തോറും പ്ലാവു വയ്‌ക്കാന്‍ തോന്നും

ചക്കയെക്കുറിച്ചുള്ള കടംകഥകൾ
---------------------------------------------------

മുള്ളുവേലി പൊളിച്ചു
ചള്ളുവേലി പൊളിച്ചു
മധുരക്കുടം പൊളിച്ചു
മാണിക്യകല്ലുകണ്ടു.

മുള്ളുണ്ട്‌ മുരിക്കല്ല
പാലുണ്ട്‌ പശുവല്ല
വാലുണ്ട്‌ വാനരനല്ല
നൂലുണ്ട്‌ പട്ടമല്ല

പുറം മുള്ളുവേലി
അകം വള്ളിവേലി
അതിനകത്ത്‌ സ്വര്‍ണക്കൂട്‌
അതിനകത്തൊരൊറ്റക്കണ്ണന്‍

പെട്ടിപെട്ടകം
മുരിക്കിന്‍ പെട്ടകം
പെട്ടിതുറുക്കുമ്പോള്‍ കസ്‌തൂരി ഗന്ധം
(ചക്ക മുറിക്കുന്നത്‌)

പച്ചച്ചൊരു മുരിക്കിന്‍ പെട്ടി
പെട്ടിനിറയെ ചപ്പും ചവറും
ചെപ്പിനകത്തു നിറയെ കുപ്പി
കുപ്പിയിലൊക്കെയൊരേവിധ ഗുളിക.

(ഡോ. പൗസ് പൗലോസ്)

Comments