ഉർവചീര Lettuce


ഉർവചീര Lettuce 

30 സെൻറി മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഡെയ്‌സി കുടുംബത്തിൽ പെടുന്ന ഒരു ഏകവർഷി സസ്യം ആണ് ഉർവ ചീര. പ്രധാനപ്പെട്ട ഇലക്കറികളിൽ ഒന്നാണ് ഇത്. ഇത് സാലഡ് ആയും ബർഗർ, സാൻഡ് വിച്ച്, പിസ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിലും ഉപയോഗിക്കുന്നു. ഈജിപ്ത് ആണ് ജന്മദേശം. യൂറോപ്പ്, തെക്കെ അമേരിക്ക, ഏഷ്യ, സൈബീരിയ, ഈജിപ്ത് എന്നിവിടങ്ങളിൽ ധാരാളമായി കാണപ്പെടുന്നു.

ഉർവ ചീരയുടെ സസ്യശാസ്ത്ര നാമം LACTUCA SATIVA (ലാക്റ്റ്യൂക്ക സറ്റീവ) എന്നാണ്. ഇംഗ്ലീഷിൽ LETTUCE എന്ന് വിളിക്കപ്പെടുന്ന ഉർവ ചീര ഹിന്ദി, ബംഗാളി, മണിപ്പൂരി ഭാഷകളിൽ സലാദ് എന്നും തമിഴിൽ ശള്ള തുവരൈ എന്നും ഉർദുവിൽ തുഖ്‌മ കഹു എന്നും അറിയപ്പെടുന്നു.

ആദ്യകാലങ്ങളിൽ പുരാതന ഈജിപ്തുകാർ വിത്തിൽ നിന്ന് എണ്ണ എടുക്കാൻ വേണ്ടി മാത്രമാണ് ഉർവ ചീര വളർത്തിയിരുന്നത്. ഈജിപ്തിൽ നിന്ന് ഈ സസ്യം റോമിലും ഗ്രീസിലും വ്യാപിച്ചു. റോമൻ ജനത നൽകിയ ലാക്റ്റ്യൂക്ക എന്ന പേരാണ് പിന്നീട് ഇംഗ്ലീഷിൽ ലെറ്റ്യൂസ് ആയി മാറിയത്. കാണ്ഡം മുറിക്കുമ്പോൾ പാൽ പോലുള്ള വെളുത്ത ദ്രാവകം പുറപ്പെടുവിക്കുന്നതിനാൽ ആണ് റോമൻ ജനത ഇതിന് ലാക്റ്റ്യൂക്ക (പാൽ ചാറുള്ളത്) എന്ന് പേർ നൽകിയത്. എ ഡി 50 മുതൽ ഉള്ള യൂറോപ്യൻ സാഹിത്യത്തിൽ ലെറ്റ്യൂസ് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഉർവ ചീര പച്ച, ചുവപ്പ്, മഞ്ഞ, സുവർണ നിറം, ഹരിതനീലം എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. LOOSE LEAF, ROMAINE (COS), CRISPHEAD, BUTTERHEAD, SUMMERCRISP, CELTUCE, OILSEED എന്നിവയാണ് ഉർവ ചീരയിലെ പ്രധാന ഇനങ്ങൾ. ഇവയിൽ കേൾറ്റ്യൂസ് (CELTUCE) കാണ്ഡത്തിനു വേണ്ടിയും ഓയിൽസീഡ് (OILSEED) വിത്തിനു വേണ്ടിയും ആണ് വളർത്തുന്നത്. പോപ് റോമിലെ തന്റെ കൊട്ടാരത്തിന്റെ തോട്ടത്തിൽ വളർത്തിയിരുന്നതിനാൽ ആണ് റൊമൈൻ എന്ന ഇനത്തിന് ആ പേർ ലഭിച്ചത്.

ജീവകം എ, ജീവകം കെ, ഫോലേറ്റ്, അയേൺ, ബീറ്റാ കരോട്ടിൻ തുടങ്ങിയവയാണ് ഉർവ ചീരയിലെ പ്രധാന ഘടകങ്ങൾ.

ഉർവ ചീര നീർക്കെട്ട് മാറുന്നതിന് സഹായിക്കുന്നു. അസ്ഥി വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു. ശരീരഭാരം കുറക്കുന്നു. മസ്തിഷ്ക രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. അർബുദത്തെ ചെറുക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കുന്നു. കാഴ്ച ശക്തി വർധിപ്പിക്കുന്നു. ദഹനം സുഗമം ആക്കുന്നു. ഉറക്കമില്ലായ്മ അകറ്റുന്നു. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നു. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. മലബന്ധം അകറ്റുന്നു. പേശികളുടെ ബലം വർധിപ്പിക്കുന്നു. ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. മുടി കൊഴിച്ചിൽ തടയുന്നു. വിളർച്ച തടയുന്നു. സ്ത്രീകൾ ഗർഭ കാലത്ത് ഉർവ ചീര കഴിക്കുകയാണെങ്കിൽ ജനന വൈകല്യങ്ങൾ ഇല്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്നതാണ്.


Comments