അത്തി


അത്തി

മൊറേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വൃക്ഷമാണ്‌ അത്തി. (ശാസ്ത്രീയനാമം: Ficus racemosa). കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം ഉണ്ടു്. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി ഉള്ളതു്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെയും പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു.

കാർ‌ത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.

പ്രത്യേകതകൾ തിരുത്തുക
അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. തണ്ടിന്റെ വശത്തുനിന്നും ശാഖകൾപോലെ ഇവ വളരുന്നു. ഇവയുടെ അകം പൊള്ളയാണ്. ഉള്ളിൽ അനേകം ചെറിയ വിത്തുകളുണ്ട്.

ഗ്ളാസ് ഹൌസിനുള്ളിലും അത്തികൾ വളർത്താറുണ്ട്. ഇവയിൽനിന്നും വർഷത്തിൽ രണ്ടോ അതിലധികമോ വിളഫലങ്ങൾ കിട്ടും. പാശ്ചാത്യർ പാകം ചെയ്യാത്ത അത്തിപ്പഴങ്ങൾ ഭക്ഷിക്കുന്നു. ഉണക്കിയെടുത്ത പഴങ്ങൾക്കു വാണിജ്യപ്രാധാന്യമുണ്ട്. മൂപ്പെത്തിയ കമ്പുകൾ മുറിച്ചുനട്ട് പുതിയ അത്തിച്ചെടികൾ വളർത്തിയെടുക്കാം. പാർശ്വമുകുളത്തിനു തൊട്ടു താഴെ ചരിച്ചു വെട്ടിയാണ് കമ്പുകൾ എടുക്കേണ്ടത്. ഇത്തരത്തിലുള്ള ചെടികൾ 2-4 വർഷത്തിനകം കായ്ച്ചു തുടങ്ങും. എന്നാൽ ചിലയിനം അത്തികൾ വിത്തുകളിൽനിന്നു മാത്രമേ വളർത്തിയെടുക്കാനാകൂ.

കമ്പുകൾ മുറിച്ചുനട്ട് അത്തികൾ വളർത്തുന്നത് വ്യവസായോദ്ദേശ്യത്തോടെയാണ്. കുരങ്ങ്, അണ്ണാൻ, വവ്വാൽ, കാക്ക തുടങ്ങിയവ അത്തിപ്പഴത്തോടൊപ്പം അതിന്റെ വിത്തുകളും അകത്താക്കും. ദഹിക്കാതെ പുറത്തുവരുന്ന ഈ വിത്തുകൾ തെങ്ങിന്റെയോ മറ്റു വൃക്ഷങ്ങളുടെയോ മുകളിലിരുന്നു വളരാൻ തുടങ്ങുന്നു. ഇവ കുറെ വളർന്നു കഴിയുമ്പോൾ ആധാരവൃക്ഷത്തിനു ചുറ്റുമായി വേരുകൾ പുറപ്പെടുവിച്ചും ഇലകളാൽ മറച്ചും അതിനെ നശിപ്പിക്കും. അതിനുശേഷം ഇവ സ്വതന്ത്രമായി വളരാൻ തുടങ്ങും. ഫൈക്കസ് റിലിജിയോസ (F.religiosa) എന്നറിയപ്പെടുന്ന അരയാൽ ഇത്തരത്തിലാണ് വളരുന്നത്. ഇന്ത്യയിൽ വളരുന്ന ഫൈ. ബംഗാളൻസിസ് (F.bengalensis) എന്ന ഇനവും ഈ പ്രത്യേകതയുള്ളതാണ്. ഇതിന്റെ ഇല ആനയ്ക്കു പ്രിയങ്കരമായ ഒരു ഭക്ഷണപദാർഥമാണ്.

'ഇന്ത്യാ-റബർ' ഉത്പാദിപ്പിച്ചിരുന്ന ഫൈ. എലാസ്റ്റിക്കയും (F.elastica) ഇന്ത്യയിലും ജാവയിലും ഉള്ള മറ്റൊരിനം അത്തി തന്നെ. ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഫൈ. ഗ്ളോമറേറ്റ (F.glomerata) എന്ന ഇനം അത്തി ഉയരം കൂടിയതും ശിഖരങ്ങൾ മറ്റിനങ്ങളേക്കാൾ കനക്കുറവുള്ളതുമാണ്. ആഗസ്റ്റ് മാസത്തോടുകൂടി ഇവയുടെ ഇലകൾ പൊഴിയുന്നു.

വിത്ത് മുളപ്പിച്ചാണ്‌ തൈകൾ ഉണ്ടാക്കുന്നത്.

അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം.ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു. ഇതിന്റെ ഫലങ്ങൾ തടിയിൽ നിന്നും നേരിട്ട് ഉണ്ടാവുന്നവയാണു്.ഫലങ്ങൾ ഭക്ഷ്യയോഗ്യമാണു്. നവംബർ - ഡിസംബർ മാസങ്ങളിലാണു് കായ ഉണ്ടാവുന്നതു്.കായകളുടെ ഉള്ളിൽ പുഴുക്കളോ പ്രാണികളൊ ഉണ്ടാവാറുള്ള്തു കൊണ്ടു് ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്.

ജാം, ജെല്ലി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം.

ഔഷധ ഉപയോഗങ്ങൾ തിരുത്തുക
തൊലി, കായ്, വേരു് എന്നിവയാണു് ഔഷധയോഗ്യമായത്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.

മറ്റ് ഉപയോഗങ്ങൾ തിരുത്തുക
അത്തിപ്പഴത്തിന്റെ കറ പാൽ പിരിയ്ക്കാൻ ഉപയോഗിക്കാം.ഇലയിൽ നിന്നും ഉണ്ടാക്കുന്ന ഫിഗ് ലീഫ് അബ്സൊല്യൂട്ട് എന്നത് സുഗന്ധദ്രവ്യ നിർമ്മാണത്തിനു് ഉപയോഗിക്കുന്നു.

Comments