ചിറ്റരത്ത


ചിറ്റരത്ത

വാതരോഗത്തിന്‌ ആയുർവേദത്തിൽ ഉപയോഗിക്കുന്ന പ്രധാന ഔഷധം ആണ്‌ ചിറ്റരത്ത. ചുകന്നരത്ത, ചിറ്റരത്ത, അരത്ത, സുഗന്ധവാക എന്നീ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Alpinia calcarata) ഏലച്ചെടികൾക്ക് സമാനമായ ഇലകളാണ്‌ ചിറ്റരത്തക്കുള്ളത്. അതിനാൽ ഏലാപർണ്ണി എന്ന സംസ്കൃതനാമത്തിലും ചിറ്റരത്ത അറിയപ്പെടുന്നു. രസ്നാ എന്നും സംസ്കൃതനാമത്തിൽ ഈ സസ്യം അറിയപ്പെടുന്നു. ജന്മദേശം മലേഷ്യ ആണെങ്കിലും കേരളത്തിന്റെ മലയോരപ്രദേശങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന ഒരു സസ്യം കൂടിയാണിത്. കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി മാത്രം ചിറ്റരത്ത ഉപയോഗിക്കുമ്പോൾ ഉത്തരേന്ത്യയിൽ സുഗന്ധവിളയായി ഇത് ഉപയോഗിക്കുന്നു.

ഇഞ്ചിപോലെയാണ്‌ ചിറ്റരത്തയുടെ കിഴങ്ങുകൾ. ഏകദേശം 1 മീറ്റർ മുതൽ 1.5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾക്ക് ബലമില്ല. നീളമുള്ളതും വീതികുറഞ്ഞതും ആയ ഇലകളാണ്‌ ഇതിനുള്ളത്. പച്ച കലർന്ന വെള്ളനിറത്തിൽ മേടം, ഇടവം തുടങ്ങിയ മാസങ്ങളിൽ സാധാരണ പുഷ്പിക്കുന്നു.

ചിറ്റരത്തയുടെ വേരിൽ കാംഫൈറെഡ്(Camphiride), ഗലാനിൻ(Galangin), ആല്പിനിൻ(Alpinin) എന്നീ 3 ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിന്റെ തണ്ടിൽ തൈലരൂപത്തിൽ മീഥൈൽ സിനമേറ്റ്(Methyl Cinnamate), സിൻകോൾ(Cincole), കർപ്പൂരം(Camphor), ഡി-പെനീൻ(D-pinenei) എന്നീ പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു.

വാതരോഗങ്ങൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ശബ്ദം അടയുക, മൂത്രത്തിന്റെ കുറവ്, രക്തസമ്മർദ്ദം സാധാരണ നിലയിൽ ആക്കിത്തീർക്കുക, പ്രമേഹം എന്നിങ്ങനെ പല അസുഖങ്ങൾക്കും ചിറ്റരത്ത ഉപയോഗിക്കുന്നു.

രാസ്നാദി ചൂർണ്ണം, രാസ്നാദി കഷായം, രാസ്നശുണ്ഠാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു. ചിറ്റരത്ത, അമൃത്, ദേവതാരം,ദശമൂലം ഇവ ചേർന്നത് രാസ്നാദിഗണം.

രാസ്നാദി തൈലം, അശ്വഗന്ധാരിഷ്ടം, മഹാരാസ്നാദി കഷായം, രാസ്നാസപ്തകം എന്നിവയിലും ഉപയോഗിക്കുന്നു.

Comments