എന്തിനാണ് ഇനിയും ഒരു ഡാം

ഉള്ള ഡാമുകളിൽ കൊണ്ട് മനുഷ്യൻ പൊറുതിമുട്ടി ഇരിക്കുമ്പോഴാണ് അതിരപ്പള്ളിയിൽ പുതിയൊരു ഡാം. അതിരപ്പള്ളിയിൽ ഡാം പണിയുക എന്ന നിലപാടിനോട് എന്നും എതിർപ്പ് തന്നെയാണ്. ഹെക്ടർ കണക്കിന് വനഭൂമി ഈ ഡാം വന്നാൽ നശിക്കും. അതുപോലെ തന്നെ ഓരോ മഴക്കാലത്തും അത് തുറന്നു വിട്ട് അത്യാവശ്യം വെള്ളപ്പൊക്കം ഉണ്ടാക്കാം. ഷോളയാർ ഡാം തന്നെ ധാരാളം അല്ലേ ഇനി ഒരു ഡാമിന്റെ ആവശ്യമുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. 

അല്ലെങ്കിൽ തന്നെ വന്യജീവികൾക്ക് ജീവിക്കാൻ കാടുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു അതിനാൽ അവ ഇര തേടി നാട്ടിലേക്ക് ഇറങ്ങി തുടങ്ങിയിരിക്കുന്നു. ഈയൊരു സന്ദർഭത്തിലാണ് സോളാർ വൈദ്യുതി പോലെ ഇതര വൈദ്യുതി ഉത്പാദന മാർഗങ്ങൾ തേടാതെ ഡാം പണിത് വീണ്ടും പരിസ്ഥിതി നശിപ്പിക്കാൻ ശ്രമിക്കുന്നത്.

കേരളത്തിൽ മൊത്തം 55 ജലസംഭരണികൾ ഉള്ളത്  40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.മൂന്നാർ ഹെഡ്‍വർക്സ്, ലോവർപെരിയാർ, മണിയാർ എന്നീ 3 അണക്കെട്ടുകൾ പുഴക്ക് കുറുകെ വൃഷ്ടി പ്രദേശം ഇല്ലാത്തവയാണ്. ഈ മൂന്നെണ്ണം അടക്കം 55 ജലസംഭരണികൾ ഉള്ളതിൽ  20 എണ്ണം കേരള സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലും , 2 എണ്ണം  കേരള വാട്ടർ അതോറിറ്റിയുടെ  കീഴിലും , 29 എണ്ണം KSEB യുടെ  കീഴിലും , 3  എണ്ണം  തമിഴ്നാട്  PWD  യുടെ   കീഴിലും ഒരെണ്ണം(മുല്ലപ്പെരിയാർ) ഉടമസ്ഥത തർക്കത്തിലും ആണ്. ഗവി, കക്കി, ഇടുക്കി എന്നീ 3 ജലസംഭരണികളിൽ ഒന്നിലധികം അണക്കെട്ടുകൾ ഉണ്ട്. ഇതിനു പുറമെ 10 വലിയ തടയണകളും ഉണ്ട് .

മൊത്തം 55 ജലസംഭരണികൾ ഉള്ളതിൽ 37 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു , 27 ജലസംഭരണികൾ ജലസേചന പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു. ഇതിൽ 9 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കും ജലസേചന പദ്ധതിക്കും വേണ്ടി ഒരു പോലെ ഉപയോഗപ്പെടുത്തുന്നവയാണ് .ജലസംഭരണികൾ ഉപയോഗിച്ച് മൊത്തം 16 പ്രധാന ജലവൈദ്യുത പദ്ധതികളും 7 ചെറുകിട ജലവൈദ്യുത പദ്ധതികളും ആണ് നിലവിൽ ഉള്ളത്. ഇതൊക്കെ തന്നെ ധാരാളം അല്ലേ ഇനിയും ഒരു പ്രളയം ഉണ്ടാക്കാൻ, പരിസ്ഥിതിയെ നശിപ്പിക്കാൻ ഇനിയും ഒരു ഡാമിന്റെ കൂടി ആവശ്യം നമുക്കുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

(ഡോ.പൗസ്)

Comments