കരീം ജീരകം


കരീം ജീരകം 

ഇത്തിരിക്കുഞ്ഞനായ ഒരു സുഗന്ധവിള, ഉള്ളില്‍ സൂക്ഷിക്കുന്നതോ? അപാരമായ ജീവന്‍രക്ഷാ സ്വഭാവവും സിദ്ധികളും. ഇതാണ് കരിഞ്ചീരകം. അറബികള്‍ ഇതിനെ അനുഗ്രഹത്തിന്റെ വിത്ത് എന്നയര്‍ഥത്തില്‍ 'സീഡ് ഓഫ് ബ്ലെസിംഗ്' എന്നാണു വിളിക്കുന്നത്. മരണം ഒഴികെ മറ്റെന്തിനുമുള്ള പരിഹാരം എന്നാണ് കരിഞ്ചീരകത്തെ വിശേഷിപ്പിക്കുന്നത്. അതേ സമയം ഇതു വിലപിടിപ്പുള്ള ഒരു സുഗന്ധവിളയാണ്. ഒപ്പം ഭക്ഷ്യപരിരക്ഷകവും.

ബ്ലാക്ക് കുമിന്‍, ബ്ലാക്ക് സീഡ്, റോമന്‍ കൊറിയാന്‍ഡര്‍ എന്നെല്ലാം ഇതിനു പേരുകളുണ്ട്. തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും ആഫ്രിക്കയിലും ഇത് ധാരാളം വളരുന്നു. ജീരകസമാനമായ സുഗന്ധവും ജാതിക്കയുടെ ഗന്ധവും സമ്മേളിക്കുന്നു എന്നതാണ് കരിഞ്ചീരകത്തിന്റെ സവിശേഷത.

അറിയാം, കരിഞ്ചീരകത്തെ

വാര്‍ഷിക സ്വഭാവമുള്ള ചെടിയാണ് കരിഞ്ചീരകം. 20 മുതല്‍ 60 സെന്റീമീറ്റര്‍ വരെ ഉയരം. ശിഖരങ്ങളുണ്ടാകുന്ന സ്വഭാവം. വ്യക്തമായി ഭാഗിച്ചതുപോലെ മുറിഞ്ഞ ഇലകള്‍. ഇളം നീലയോ വെളുപ്പോ നിറമുള്ള സുഗന്ധവാഹിയായ പൂക്കള്‍. മിതോഷ്ണ മേഖലകളില്‍ സുലഭമായി വളരുന്നു. മിതോഷ്ണപ്രദേശങ്ങളിലും സമുദ്രനിരപ്പില്‍ നിന്ന് 1500-2500 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളിലും നന്നായി വളരും.

ശ്രദ്ധേയമായ ചില സവിശേഷതകൾ

* കരിഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്ന തൈമോക്വിനോണ്‍, കാര്‍വക്രോള്‍, ടി-അനിത്തോള്‍, 4-ടെല്‍പിനോള്‍ തുടങ്ങിയവ അതിശക്തമായ നിരോക്‌സീകാരികളാണ്. ഇത് നിരവധി രോഗങ്ങളുടെ ചികിത്സകളില്‍ ഉപയോഗിക്കുന്നു.


* കരിഞ്ചീരകത്തിലെ തൈമോക്വിനോണ്‍ പോലുള്ള ഘടകങ്ങള്‍ക്ക് അര്‍ബുദകോശങ്ങളെ നശിപ്പിക്കുവാന്‍ ശേഷിയുണ്ട്. വിവിധതരം അര്‍ബുദങ്ങളുടെ ചികിത്സയില്‍ ഇതുപയോഗിക്കാം.

* സ്റ്റഫൈലോകോക്കസ് പോലുള്ള ബാക്ടീരിയകളെ നശിപ്പിക്കാന്‍ കരിഞ്ചീരകത്തിന് സിദ്ധിയുണ്ട്. ഔഷധപ്രയോഗം കൊണ്ടും നിയന്ത്രിക്കാന്‍ കഴിയാത്ത ഇവ പലപ്പോഴും പ്രമേഹരോഗികളുടെ മുറിവുകളില്‍ കടന്നുകൂടി അവ ഗുരുതരമാക്കാറുണ്ട്. ഇവയെ കരിഞ്ചീരകം നശിപ്പിക്കും.

* കരളിനെ സംരക്ഷിക്കുവാനും കരിഞ്ചീരകത്തിന് സാധിക്കും.
കരിഞ്ചീരകത്തില്‍ നിന്ന് വേര്‍തരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഇതിലേറെ ഔഷധമേന്മകളുണ്ട്. വിവിധ കമ്പനികള്‍ ഇതു തയാറാക്കി വിപണിയിലെത്തിക്കുന്നു. ഇതനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്.


Comments