വയല്‍ചുള്ളി


വയല്‍ചുള്ളി


വയൽച്ചുള്ളി [ कोकिलाक्ष ] Hygrophila (Root)- Asteracantha Longifolia

ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ളഒരു ഔഷധസസ്യമാണ് വയല്‍ചുള്ളി.  നീർച്ചുള്ളി എന്നും പേരുണ്ട്. ശാസ്ത്രനാമം:ആസ്റ്ററകാന്റ ലോങ്കിഫോളി. ഇവ അക്കാന്തേസീ വിഭാഗത്തിൽപ്പെടുന്നു.

വിവരണം

നെല്‍പാടങ്ങളുടെ വരമ്പുകളോടു ചേര്‍ന്നും അരികുപറ്റിയും ചതുപ്പു നിലങ്ങളിലുമാണ് ഇവയുടെ വളര്‍ച്ച. ആസകലം മുള്ളുനിറഞ്ഞതാണ് ഈ ചെടി. ഈ മുള്ളുകള്‍ ശരീരത്തില്‍ തുളച്ചുകയറുകമാത്രമല്ല അഗ്രം ഒടിഞ്ഞ് അകത്തിരിക്കുകയും ചെയ്യും. നീലകലര്‍ന്ന തിളക്കമാര്‍ന്ന പൂക്കള്‍ ആകര്‍ഷകമാണ്. അധികം ഉയരത്തില്‍ വളരാത്ത ചെടിയാണിത്. പരമാവധി 150 സെ.മീ. ഉയരം മാത്രമേ ഉണ്ടാവൂ.

ഔഷധഗുണങ്ങൾ
ശരീരത്തിലെ നീരും വീക്കവും അകറ്റുന്നതിനാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. മൂത്രാശയസംബന്ധമായ രോഗങ്ങള്‍, മഹോദരം, രക്തവാതം, മൂലക്കുരു എന്നിവക്കെതിരെയുള്ള പല ഔഷധങ്ങളിലും പ്രധാന ചേരുവയായി ഇത് ഉപയോഗിക്കുന്നു. മികച്ച വാജീകരണ ഔഷധവുമാണ് വയല്‍ചുള്ളി. സിദ്ധ, യുനാനി എന്നീ വൈദ്യശാഖകളില്‍ ധാതുവര്‍‍ധനക്കായി വയല്‍ചുള്ളിയുടെ വിത്ത് ഉപയോഗിച്ചുവരുന്നു.

ഇല, വേര്, വിത്ത് എന്നിങ്ങനെയും സമൂലമായും മരുന്നു കൂട്ടുകളില്‍ ഉപയോഗിക്കുന്നു. പാണ്ട്, മഹോദരം, മൂത്രശോധനയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവ നീരകറ്റുന്നതിനുള്ള ഔഷധയോഗങ്ങളില്‍ വേരാണ് പ്രധാന ചേരുവ. രക്തവാതത്തിന് വയല്‍ചുള്ളിയുടെ വേരിന്റെ കഷായമാണ് ഉത്തമം. വാജീകരണ ഔഷധങ്ങളില്‍ വിത്തിനാണ് സ്ഥാനം.

വിത്ത് അരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ അതിസാരം നില്‍ക്കും. മഞ്ഞപ്പിത്തം, ഗൊണേറിയ എന്നീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിച്ചുവരുന്നു.അധികം മൂക്കാത്ത ഇലകള്‍ കറിക്കുപയോഗിക്കാം. ആഹാരമെന്നതിലുപരി രക്തവാതം പോലുള്ള രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണ് ഈ ഇലക്കറി. ഇളം പ്രായത്തില്‍ കന്നുകാലികള്‍ക്ക് ഏറെ പ്രിയപ്പെട്ട തീറ്റയാണ് വയല്‍ചുള്ളി. അധികം മൂപ്പാകാത്ത സമയത്തില്‍ മുള്ളുകള്‍ ശക്തമാവാത്തതു കാരണം മൃഗങ്ങള്‍ അനായാസം ഭക്ഷിച്ചുകൊള്ളും.

ഒറ്റമൂലി

1. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ വയൽ ചുള്ളിക്ക് കഴിയും

2. മൂത്രത്തിലെ കല്ലിനു വയൽ ചുള്ളി കഷായം ഉപയോഗിക്കുന്നു

3. അമൃതും വയല്‍ച്ചുള്ളിവേരും ചേര്‍ത്തുണ്ടാകുന്ന കഷായം വാതരക്തത്തിന്‌ വളരെ ഫലപ്രദമാണ്‌

Comments