ആൽവൃക്ഷം

ആൽവൃക്ഷം

ഭാരതത്തിന്റെ ദേശീയവൃക്ഷമാണ് ആൽവൃക്ഷം. ഭാരതത്തിൽ പ്രധാനമായും അരയാൽ എന്നും പേരാൽ എന്നും രണ്ടുതരം ആൽവൃക്ഷങ്ങളാണ് കണ്ടുവരുന്നത്. കല്പവൃക്ഷമെന്നും ആൽവൃക്ഷമെന്നും അറിയപ്പെടുന്നു. സിദ്ധ,ആയുർവേദ,യുനാനി ചികിത്സയിൽ ഇതു ഒരു പ്രധാന ഔഷധവൃക്ഷമാണ്. ഭരതീയ സംസ്കാരവുമായി ആഴത്തിൽ ബന്ധമുള്ള വൃക്ഷം ഭാരതീയ സാമൂഹിക വ്യവസ്ഥിതിയിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും ഭാഷകളും ജീവിതരീതികളുമുള്ള ഭാരതത്തിലെ ഏകത്വത്തിന്റെ പ്രതീകമാണ് ആൽവൃക്ഷം. ബിസി 3000 നും 1700 നും ഇടയ്ക്ക് സിന്ധുനദീതടസംസ്ക്കാരകാലത്തിൽ അന്നത്തേ ജനത ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നു. നഗരസഭാ സമ്മേളനങ്ങൾ ആൽവൃക്ഷച്ചുവട്ടിലാണ് നടന്നിരുന്നത്. ഇത്രയും ചരിത്രപരമായ പ്രാധാന്യം  ലഭിക്കുന്ന വൃക്ഷങ്ങൾ അപൂർവ്വമാണ്. അതുകൊണ്ടു തന്നെ ആൽവൃക്ഷത്തെ നമ്മുടെ സംസ്കാരവുമായി ചേർന്നുനിൽക്കുന്ന  വൃക്ഷമായി കണ്ടു സംരക്ഷിക്കാൻ നാം തയ്യാറാകേണ്ടതുണ്ട്.

BC 563 മുതൽ ആരംഭിക്കുന്ന ഗൗതമ ബുദ്ധന്റെ കാലഘട്ടത്തിലും ആൽവൃക്ഷത്തിനു പ്രത്യേകമായ സ്ഥാനം നിലനിന്നിരുന്നു. ശ്രീബുദ്ധന് ബോധോദയം ഉണ്ടായത് ആൽവൃക്ഷ ചുവട്ടിൽ വെച്ചായിരുന്നു. ബോധി വൃക്ഷം എന്നും ആൽവൃക്ഷം അറിയപ്പെടുന്നു. ഭഗവത് ഗീതയിലും സ്കന്ദപുരാണത്തിലും ആൽവൃക്ഷത്തിന്റെ പ്രധാന്യം എടുത്തു പറയുന്നു. തപസ്സിന്റെ ചൈതന്യത്താലും ഋഷിപാരമ്പര്യത്താലും സമ്പന്നമായ ഭാരതത്തിൽ എല്ലാ കാലഘട്ടത്തിലും ആൽവൃക്ഷം പ്രാധാന്യത്തോടുകൂടി നിലനിന്നിരുന്നു. വസിഷ്ഠ മഹർഷിയുടെ കാലഘട്ടത്തിൽ ഓരോ ഗുരുകുലത്തിലും ആൽവൃക്ഷമുണ്ടായിരിക്കുകയും ആൽവൃക്ഷച്ചുവട്ടിൽ തപസ്സിരിക്കുകയും ജ്ഞാനദാനം നൽകുകയും ചെയ്തിരുന്നു. പൗരാണിക കാലഘട്ടത്തിൽ നിത്യതയുടെ പ്രതീകമായി ആൽവൃക്ഷത്തെ കണ്ടിരുന്നു. എല്ലാ മതങ്ങളിലെ ആധ്യാത്മികതയുമായും ഈ വൃക്ഷം ബന്ധപ്പെട്ടിരിക്കുന്നു.

കേരളത്തിൽ ഓരോ ഗ്രാമത്തിലും ഒരു ആൽവൃക്ഷം എങ്കിലും ഉണ്ടായിരുന്നു. ആൽവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള വടവൃക്ഷങ്ങളും വള്ളിച്ചേടികളും ചെറുസസ്യങ്ങളും കുറ്റിച്ചെടികളുമൊക്കെ നിറഞ്ഞ, ഒരു ഹ്രസ്വവനത്തെ അനുസ്മരിപ്പിക്കുന്ന കാവുകൾ കേരളത്തിന്റെ ഓരോ ഗ്രാമത്തിലും ഉണ്ടായിരുന്നു. ഓരോ ഗ്രാമത്തിലുമുള്ള ആൽത്തറകൾ കേരളത്തിന്റെ സവിശേഷതയാണ്. ഇതൊക്കെത്തന്നെയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത്. ഒരു ചെറിയ ഭൂഭാഗത്തെ കേന്ദ്രീകരിച്ചു നിലനിൽക്കുന്ന അനേക വർഷങ്ങളുടെ പഴക്കമുള്ള ആൽവൃക്ഷം ആ ഗ്രാമത്തിന്റെ  പരിസ്ഥിതിയെ സന്തുലനം ചെയ്തിരുന്നു. ഒരു ബൃഹത്തായ ആവാസ വ്യവസ്ഥയാണ് ഒരോ ആൽവൃക്ഷവും കേന്ദ്രീകരിച്ചു സ്ഥിതി ചെയ്യുന്നത്. ഈ ആവാസവ്യവസ്ഥ കേന്ദ്രീകരിച്ചു ജീവിക്കുന്ന ചെറുപ്രാണികൾ, സസ്യങ്ങൾ, ജന്തുക്കൾ , അനേകം പക്ഷികൾ തുടങ്ങി മനുഷ്യന് വരെ ഇതിന്റെ ഫലം ലഭ്യമാകുന്നു.

പരിസ്ഥിതി മലിനീകരണം തടയാനുള്ള ആൽവൃക്ഷത്തിന്റെ കഴിവ് വളരെയേറെയാണ്‌. പടർന്നു പന്തലിച്ച ആൽവൃക്ഷം അനേകം വടവൃക്ഷങ്ങളുടെ ഫലമാണ് ചെയ്യുന്നത്. ഒരു മനുഷ്യന് 8 വർഷത്തേക്ക് വേണ്ടതായ ജലം വേരുകളിൽ സംഭരിച്ചു നിർത്താൻ ഒരു വലിയ ആൽവൃക്ഷത്തിനു സാധിക്കും. ഒരു വലിയ ആൽവൃക്ഷം ഓരോ വർഷവും ഏകദേഷം 250  കി. ഗ്രാം ഗ്ലുക്കോസ് ആണ് ഇലകളിൽ കൂടി വേരുകളിൽ സംഭരിക്കുന്നത്. 8 കി.മി ചുറ്റളവിൽ വീഴുന്ന മിന്നൽ പിണരുകളെ സ്വീകരിച്ചു ഭൂമിയിൽ എത്തിക്കുന്ന പ്രത്യേകത ആൽവൃക്ഷത്തിനുണ്ട്. ഒരു വലിയ ആൽവൃക്ഷം ഒരു ടൺ കാർബൺ ഡൈയോക്സൈഡ് ആണ് ആഗീരണം ചെയ്യുന്നത്. ശബ്ദശല്യം കുറയ്ക്കുന്നതിനും വൃക്ഷങ്ങൾ സഹായിക്കുന്നു. വൃക്ഷങ്ങളുടെ ഇലകൾ അരിപ്പ പോലെ പ്രവർത്തിക്കുകയും അതിലൂടെ അരിച്ചു വരുന്ന ശബ്ദത്തിന്റെ കാഠിന്യം കുറഞ്ഞിരിക്കുകയും ചെയ്യുന്നു.  ഒരു ആൽവൃക്ഷം സംഭരിക്കുന്ന  ഭൂഗർഭജലത്തിന്റെ 70 ശതമാനവും പടർന്നു പന്തലിച്ചു നിൽക്കുന്ന ഇലകളിലും ശിഖരങ്ങളിലും കൂടി ഭൂമിയിൽ എത്തുന്നു. 10-15%  വരെ തടിയിൽക്കൂടി ഒഴുകി എത്തുന്നു. ഓരോ ആൽവൃക്ഷവും പരിസ്ഥിതി സന്തുലനത്തിനും മനുഷ്യന്റെ നിലനിൽപ്പിനും ആത്യന്താപേക്ഷിതമാണ്.

ഭാരതത്തിലെ ആചാര്യന്മാർ ഏറ്റവും പ്രധാനപ്പെട്ട 5 ഔഷധ സസ്യങ്ങളിൽ ആൽവൃക്ഷത്തിന് പ്രഥമസ്ഥാനമാണ് നൽകിയിരിക്കുന്നത്. ആൽവൃക്ഷം ആപാദചൂഢം ഔഷധമാണ്.  നേപ്പാൾ, ടിബറ്റ് എന്നീ രാജ്യങ്ങളിൽ ഔഷധം എന്ന നിലയിൽ ആൽവൃക്ഷത്തെ പ്രത്യേകമായി പരിപാലിച്ചു വരുന്നു. ആൽവൃക്ഷത്തിൽ നിന്നും എടുക്കുന്ന ഏറ്റവും പ്രധാന ഔഷധം പ്രമേഹത്തിനുള്ളതാണ്. ആലിൻകായ സോറിയാസിസിനുള്ള ഔഷധങ്ങളിൽ ഒന്നാണ്. ആൽവൃക്ഷത്തിൻ്റെ തോൽ ഇട്ടു തിളപ്പിച്ച ജലം ഉഷ്ണപുണ്ണ് അകറ്റാൻ നല്ലതാണ്. 

Comments