ലോകനന്മയ്ക്കായി ആയുർവേദം

എന്നോട് പലരും ചോദിച്ചിട്ടുള്ള കാര്യമാണ് നീ എന്തിനാടാ പൗസേ കണ്ണിക്കണ്ട അലവലാതികൾ ആയുർവേദത്തെ പൊതുസമൂഹത്തിനു മുമ്പിൽ കരിവാരി തേക്കുമ്പോൾ പ്രതികരിക്കാൻ പോകുന്നത് നിനക്ക് നിന്റെ സ്വന്തം കാര്യം നോക്കി ജീവിച്ചു കൂടെ പൊന്നു കുട്ടാ. പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് ഞാൻ എന്തിനാ ഇത്ര വികാരം കൊള്ളുന്നതെന്ന് എനിക്ക് എന്റെ സ്വന്തം കാര്യം നോക്കി ജീവിച്ചു കൂടെ🤔 ഒരുപക്ഷേ എനിക്കതിന് കഴിയാത്തത് ഞാൻ ഈ ശാസ്ത്രത്തെ അത്രയ്ക്കും സ്നേഹിക്കുന്നതു കൊണ്ടാകാം. പരസ്യമായി വ്യക്തിഹത്യ ചെയ്യപ്പെടുമ്പോഴും പലപ്പോഴും ഈ ശാസ്ത്രത്തിനു വേണ്ടി ഉറകെ ശബ്ദിക്കാൻ എനിക്ക് തോന്നുന്നത് ഞാൻ പഠിച്ച ഈ വൈദ്യശാസ്ത്രം കൊണ്ട് ഒരുപാട് പേർക്ക് സൗഖ്യം കൊടുക്കാൻ കഴിഞ്ഞതിനാൽ ആകാം. ഒരുപിടി മഹാത്മാക്കളായ ആചാര്യന്മാർ അവരുടെ ജീവിതം ഹോമിച്ച് രചിക്കപ്പെട്ട സംഹിതകളും ആയുർവേദ ഗ്രന്ഥങ്ങളമാണ് നമുക്കുള്ളത്. ലോകനന്മയ്ക്കായി അവർ രചിച്ച മഹത്തായ ആയുസ്സിന്റെ ശാസ്ത്രമാണ് ആയുർവേദം. ഈ ലോകം മുഴുവൻ ഒരിക്കൽ അവരുടെ കഠിന പ്രയത്നങ്ങൾ അംഗീകരിക്കും എന്ന് അവർ സ്വപ്നം കണ്ടു കാണും എന്നത് തീർച്ചയാണ്. പൊതുസമൂഹത്തിനു മുമ്പിൽ ആയുർവേദ ശാസ്ത്രം അവഹേളിക്കപ്പെട്ട പല സന്ദർഭങ്ങളിലും മനസ്സിന്റെ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെടാറുണ്ട് അതിൽനിന്ന് ഉളവാക്കുന്ന ആത്മസംഘർഷങ്ങൾ ആണ് പലപ്പോഴും അതിശക്തമായ പ്രതികരണങ്ങൾ ആയി എന്നിൽ നിന്ന് പൊട്ടിപ്പുറപ്പെടാറുള്ളത്. അതുമല്ലെങ്കിൽ അന്നം തരുന്ന ശാസ്ത്രത്തോട് ഞാൻ കാണിക്കുന്ന കുറാകാം. പലപ്പോഴും പല വ്യക്തികളുടെയും വിവരം ഇല്ലായ്മയാണ് അത്തരത്തിലുള്ള വിടുവായിത്തം സമൂഹത്തിനു മുമ്പിൽ ഉറക്കെ വിളിച്ചു പറയാൻ കാരണം എന്ന് അറിഞ്ഞാലും ഞാൻ വളരെയധികം സ്നേഹിക്കുന്ന ശാസ്ത്രം പൊതുസമൂഹത്തിനു മുമ്പിൽ അപഹാസിക്കപ്പടുന്നത് കണ്ടുനിൽക്കാൻ കഴിയില്ല. 🙏

നന്ദി

ഡോ.പൗസ് പൗലോസ്

Comments