Random Post

കൃത്രിമ ബുദ്ധികൾ

''ദി സോഷ്യൽ ഡിലേമ്മ"എന്ന പടം കണ്ടു സാമൂഹ്യമാധ്യമങ്ങൾ ഒരു വ്യക്തിയെ എത്ര മാത്രമാണ് സ്വാധീനിക്കുന്നത് എന്ന് ഈ സിനിമ കണ്ടാൽ നമുക്ക് ഓരോരുത്തർക്കും മനസ്സിലാവും. നമ്മളോരോരുത്തരും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത് അത്രമാത്രം നമ്മുടെ ഓരോ ചലനങ്ങളും ചിന്തകളും നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് അപ്പോൾ മനസ്സിലാകും.  നിങ്ങളുടെ ഓരോ ലൈക്കും, ഷെയറും, സെർച്ചും എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ നിങ്ങൾ പോലും അറിയാതെ ഒബ്സർവ് ചെയ്യപ്പെടുന്നുണ്ട്. 

നിങ്ങൾ അടുത്ത നിമിഷം എന്ത് ചിന്തിക്കും എന്നുപോലും പ്രവചിക്കാൻ കഴിയുന്ന രീതിയിൽ കൃത്രിമ ബുദ്ധികൾ മനുഷ്യ നിയന്ത്രണങ്ങൾക്ക് അപ്പുറം വളർന്നിരിക്കുന്നു. ഈ യാഥാർഥ്യം ഉൾക്കൊള്ളാൻ നമുക്ക് ഓരോരുത്തർക്കും പ്രയാസമാണ് പക്ഷേ ഇതൊരു അമ്പരിപ്പിക്കുന്ന സത്യമാണ്. നമ്മുടെ ചിന്താ ശൈലികൾ എങ്ങനെ എന്ന് പോലും കണക്കുകൂട്ടാൻ കഴിവുള്ള കൃത്രിമ ബുദ്ധികൾ നിങ്ങൾ അറിയാതെ നിങ്ങൾക്ക് ചുറ്റും ഒരു അദൃശ്യ വലയം തീർക്കുന്നുണ്ട്. ഒരു ദിവസം പോലും നമുക്ക് മൊബൈൽ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന നിലയിൽ നമ്മുടെ ചിന്തകളെ കൊണ്ട് എത്തിച്ചിരിക്കുന്നു ഈ ടെക്നോളജി ലോകം. 

അത്രമാത്രം ടെക്നോളജി നമ്മൾ പോലും അറിയാതെ നമ്മുടെ മസ്തിഷ്കങ്ങൾ കവർന്നെടുത്തു എന്നതാണ് യാഥാർത്ഥ്യം. ഇത് മൂലം നമ്മുടെ കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും എല്ലാം നമ്മളറിയാതെ പല താളപ്പിഴകളും വരുന്നുണ്ട് എന്നത് ഒന്ന് മാറിനിന്ന് നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും. ഈ കൃത്രിമബുദ്ധി എന്ന് പറയുന്നത് ഒരു മായാജാലക്കാരനെ പോലെയാണ് അത് ഇല്ലാത്ത ഒന്ന് ഉണ്ട് എന്ന് നിങ്ങളെ കൊണ്ട് ശക്തമായി തോന്നിപ്പിക്കും പക്ഷെ യഥാർത്ഥത്തിൽ നിങ്ങൾക്ക് ചുറ്റും നടക്കുന്നത് ഒരു ഇല്യൂഷൻ ആണ് ( കൃത്രിമ ബുദ്ധിയാൽ സൃഷ്ടിക്കപ്പെടുന്ന ഒരു മായികലോകം). 

ജപ്പാനിൽ ഒക്കെ അവിടെയുള്ള യുവജനങ്ങൾ ചാറ്റ് ചെയ്യാം കൂടുതൽ സമയം ചെലവഴിക്കുന്ന "വെർച്ചൽ ഫ്രണ്ട്സ്" ഉണ്ട് എന്നു പറഞ്ഞാൽ അവർ സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അവരെ വൈകാരികമായി വേദനിപ്പിക്കാത്ത  കൃത്രിമ ബുദ്ധികളോടാണ് അത്രമാത്രം മനുഷ്യമസ്തിഷ്കങ്ങളെ കൃത്രിമ ബുദ്ധികൾ സ്വാധീനിക്കുന്നു എന്നത് തികച്ചും ഭയപ്പെടുത്തുന്നത് തന്നെയാണ്. 

നിങ്ങൾ ഒന്നു ചിന്തിച്ചുനോക്കൂ പതിനഞ്ച് വർഷം മുമ്പ് ഇത്തരത്തിൽ ഒരു മൊബൈലും കുത്തിപ്പിടിച്ച് ഒരു കസേരയിലിരുന്ന്  ഇരുന്ന് നമ്മൾ സമയത്തെ കൊല്ലുമെന്ന് നമ്മളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ തീർച്ചയായും അതിനു സാധ്യതയില്ല. അത്രമാത്രം നമ്മുടെ ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കും അതീതമായാണ് നമുക്ക് ചുറ്റുമുള്ള കൃത്രിമ ബുദ്ധിയാൽ സൃഷ്ടിക്കപ്പെട്ട ഈ മായികലോകം. ഈ വിവരസാങ്കേതിക വിദ്യയും, ടെക്നോളജിയും, സോഷ്യൽ മീഡിയയും നിങ്ങൾ ഉപയോഗിച്ചു കൊള്ളുക പക്ഷേ അതിന് അടിമയാകാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

Technology is injurious to physical and mental health if not used wisely

🙏

Dr.Pouse Poulose

Post a Comment

0 Comments