മഷിത്തണ്ട്


ഇന്ന് വെറുതെ നടക്കാൻ ഇറങ്ങിയപ്പോൾ കണ്ടതാണ് ഈ മഷിത്തണ്ട് പണ്ടൊക്കെ സ്‌ലേറ്റ് മയിക്കുവാൻ ഉപയോഗിച്ചിരുന്ന ഒന്നാണ് ഈ മഷിത്തണ്ട്.മഷിത്തണ്ട് വെറ്റില കൊടി എന്നൊക്കെ പല പേരുകളിൽ  അറിയപ്പെടുന്ന Peperomia Pellucidae എന്ന  സസ്യം ആണിത്. ഈ സസ്യം 15 മുതൽ 45 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിനു ഹൃദയാകൃതിയിൽ  ചെറു തിളക്കമുള്ള ഇലകളാണുള്ളത്. അതുകൊണ്ട് ഷൈനിങ് ബുഷ് പ്ലാന്റ് എന്നും പറയുന്നു.നനവുള്ള സ്ഥലങ്ങളിൽ ധാരാളമായി വളരുന്ന ,ധാരാളം ജലാംശം അടങ്ങിയ മഷിത്തണ്ടിന്റെ ഇലയും തണ്ടും സാലഡ് ആയി ഉപയോഗിക്കാറുണ്ട്.
ആന്റി ബാക്റ്റീരിയൽ,ആന്റിഫങ്കൽ ഗുണങ്ങൾ ഉള്ള ഇലകളും തണ്ടുകളും നീർക്കെട്ട് കുറക്കാനും ഉപയോഗിക്കുന്നു. വിശപ്പും രുചിയും വർധിപ്പിക്കാൻ മഷിത്തണ്ട് ഉത്തമമാണ്. നാട്ടുവൈദ്യത്തിൽ ഈ ഔഷധസസ്യത്തെ പനി ,ചുമ, വയറുവേദന, ശരീരത്തിൽ നീർക്കെട്ട്, ഒടിവ്, ചതവ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിച്ചുവരുന്നു. ഇങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ള  ഇവനെ നിഷ്കരുണം പറിച്ചുകളയാതെ തോരൻ, എരിശ്ശേരി മുതലായ കറികൾ ഉണ്ടാക്കി കഴിക്കുക. കുരുമുളക് രസം വക്കുമ്പോൾ മഷിത്തണ്ടിന്റെ കുറച്ച് ഇലകൾ ഇടൂ സ്വാദ് വർധിക്കും. വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, മക പച്ച, കോലുമഷി, വെള്ളംകുടിയൻ അങ്ങനെ പലവിധ നാമങ്ങളിലാണ് ഈ സസ്യം കേരളത്തിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്നത്. ഇന്ത്യയിൽ പ്രത്യേകിച്  കേരളത്തിലെ കാലാവസ്ഥ ഇതിന്റെ വളർച്ചക്ക് ഏറെ ഗുണപ്രദമാണ്. 

(ഡോ.പൗസ് പൗലോസ്)

Comments