Random Post

അശോകം

അശോകം - Ashokam

കാണുവാൻ വളരെ മനോഹരവും അതിലേറെ ഔഷധപ്രാധാന്യമുള്ളതുമായ ഒരു ഔഷധ വൃക്ഷമാണ് അശോകം. പേരുപോലെ ശോകത്തെ തീര്‍ക്കുന്ന - പ്രത്യേകിച്ച് സ്ത്രീകളുടെ ഗര്‍ഭപാത്ര സംബന്ധിയായ പല രോഗങ്ങളെയും നിശ്ശേഷം മാറ്റുവാനുള്ള അത്ഭുത കഴിവുള്ള ഒരു സസ്യമാണിത്. പൂക്കള്‍ കാണുവാന്‍ അതിമനോഹരം, മാത്രമല്ല ഇളം ഇലകള്‍ കാറ്റത്ത് ഇളകി കളിക്കുന്നതു കാണുവാനോ അതിലേറെ മനോഹരം.

ഹിന്ദു-ബുദ്ധമതസ്ഥരുടെ പുണ്യമരമായ അശോകത്തെ വീട്ടിനു പരിസരത്തു നട്ടു പിടിപ്പിച്ചാല്‍ ഐശ്വര്യ ദായകമാണ് എന്നു ബൃഹത് സംഹിതയില്‍ പറഞ്ഞിരിക്കുന്നു. ചിലങ്കയണിഞ്ഞ സുന്ദരിമാര്‍ നൃത്തം വച്ചു ചവിട്ടിയാല്‍ അശോകം പൂക്കുമെന്നാണ് കവിമതം. ശ്രീബുദ്ധന്‍ ജനിച്ചതും,  വര്‍ദ്ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതും രാമായണത്തിൽ ഹനുമാന്‍ സീതാദേവിയെ കണ്ടതും അശോക മരച്ചുവട്ടിലാണെന്ന് വിശ്വസിച്ചുവരുന്നു.

ഇന്ത്യ, ശ്രീലങ്ക, ബര്‍മ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ  ധാരാളമായി ഈ സസ്യം കണ്ടുവരുന്നു. . ആധുനിക സസ്യവർഗ്ഗീകരണ പ്രകാരം സിസാൽപിനിയേസീ  സസ്യകുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്) ഡി.വിൽഡ് എന്ന ശാസ്ത്രനാമത്തിലും അശോകം അറിയപ്പെടുന്നു. വസന്തകാലത്ത് പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു. പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ, ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 - 25 സെ. മി. നീളം, അതിനുള്ളിൽ 4 - 8 ചാര നിറമുള്ള കുരുക്കൾ കാണുന്നു..

മരുന്നായും മറ്റും പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷമാണ് ഇന്ന് അശോകം. ചില തെറ്റിദ്ധാരകള്‍ മൂലം വീട്ടുപരിസരത്ത് ജനങ്ങള്‍ ഇതു വച്ചു പിടിപ്പിക്കാത്തത് ഈ മനോഹര സസ്യത്തിന്‍റെ ആസന്ന നാശത്തിനു ആക്കം കൂട്ടുന്നു.

അശോകത്തിന്റെ ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ചരകസംഹിതയിലാണ് കാണുന്നത്. അംഗനപ്രിയ, ശുഭഗ, കാന്താംഗ്രിദോഹദ, മധുപുഷ്പ തുടങ്ങിയ പര്യായങ്ങളെല്ലാം തന്നെ അശൊക വൃക്ഷത്തിന് സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു.തൊലിയും പൂവുമാണ് ഔഷധഭാഗങ്ങള്‍ ഗര്‍ഭാശയസംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും  ഒന്നാംതരം ഔഷധമാണ് അശോകം. അതിനാല്‍ ഇതിനെ ഗര്‍ഭാശയ ബലൌഷധം (Uterine tonic) എന്നു പറയുന്നു. കൂടാതെ രക്തശുദ്ധിക്കും ചില ത്വഗ്രോഗങ്ങള്‍ക്കും  ഇത് ഫലപ്രദമാണ്. 

ഔഷധപ്രയോഗങ്ങള്‍ -

1. അശോകത്തൊലി പാല്‍കഷായമാക്കി കഴിച്ചാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന അമിത രക്തസ്രാവം മാറിക്കിട്ടും. സ്ത്രീകള്‍ക്കുണ്ടാകുന്ന ഗര്‍ഭആപാത്രസംബന്ധിയായ ഒട്ടുമിക്ക രോഗങ്ങളും ഈ പ്രയോഗത്താല്‍ കുറഞ്ഞുകിട്ടും. 

2. തൊലിക്കഷായം മൂലക്കുരു, വയറുകടി മുതലായവ മാറ്റും. 

3. അശോകപ്പൂ കല്‍ക്കനാക്കി എണ്ണകാച്ചി തേക്കുന്നത് ത്വഗ്രോഗങ്ങള്‍ മാറുവാന്‍ നല്ലതാണ്. കൂടാതെ നല്ല നിറവും വയ്ക്കുന്നു.

4. രോമകൂപത്തിലും മലത്തിലും രക്തമയം കാണുന്ന അവസരത്തില്‍ അശോകപ്പൂ ചതച്ചു തലേന്ന് വെള്ളത്തിലിട്ട് പിറ്റേന്ന് പിഴിഞ്ഞരിച്ചു കൊടുക്കുക. 

5. രക്തം പോകുന്ന മൂലക്കുരു രോഗത്തില് ചോരപോക്കു നിര്ത്തുവാനായി ഉണങ്ങിയ അശോകപ്പൂ തൈര് ചേര്‍ത്തരച്ച് കൊടുക്കുക. 

6. തേള്‍ കടിച്ചുള്ള കഠിന വേദന മാറുവാന്‍ അശോകത്തൊലി അരച്ചിടുക. 

7. അശോകത്തിന്റെ തൊലി കഷായത്തില്‍ തേന്‍ ചേര്‍ത്തു  സേവിച്ചാല്‍ ഒച്ചയടപ്പ് ശമിക്കും, രക്തസ്രാവം, പനി എന്നിവയും ശമിപ്പിക്കും.

8. അശോകത്തിന്റെ പൂവ് അരി മാവ് കൂട്ടി അരച്ച് ശര്‍ക്കര കൂട്ടി കഴിച്ചാല്‍ മുഖത്തെ കരിമങ്കല്യം മാറുവാനും, രക്ത ശുദ്ധി ഉണ്ടാവാനും, സൌന്ദര്യ വര്‍ദ്ധനവിനും ത്വഗ്രോഗങ്ങള്‍ മാറുവാനും  നല്ലതാണ്.

Dr. Ebey Abraham

Post a Comment

0 Comments