രോഗിണി വാ തുറക്കുന്നില്ല

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഉച്ചയൂണും കഴിഞ്ഞ് ഇരിക്കുമ്പോൾ ഒരു രോഗിണി ആയ മകളും ആളുടെ അമ്മയും എന്നെ കാണൻ വന്ന നിമിഷങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഞാൻ: എന്താ ബുദ്ധിമുട്ട്

(രോഗിണി വാ തുറക്കുന്നില്ല അമ്മയെ നോക്കുന്നു)

അമ്മ: അവക്ക് നടുവേദനയാണ്

ഞാൻ: എത്ര നാളായി തുടങ്ങിയിട്ട്

(രോഗിണി വാ തുറക്കുന്നില്ല എന്നെ നോക്കുന്നു)

അമ്മ: അവർക്ക് വേദന തുടങ്ങിയിട്ട് നാലു മാസം ആയി പല ചികിത്സകളും ചെയ്തു കുറവില്ല

ഞാൻ: കുട്ടി സംസാരിക്കില്ലേ

അമ്മ: അവൾ സംസാരിക്കും പക്ഷേ അവൾക്ക് ഇതൊന്നും കൃത്യമായി പറയാൻ അറിയില്ല

( തനിക്ക് ഇതെല്ലാം കൃത്യമായി പറയാൻ സാധിക്കും എന്നുള്ള ആത്മവിശ്വാസം അമ്മയുടെ മുഖത്തുണ്ട്)

ഞാൻ: ഓ ആയിക്കോട്ടെ 26 വയസ്സായ മകൾക്ക് സ്വന്തം രോഗവിവരം പറയാൻ അറിയില്ലേ വലിയ കഷ്ടമാണല്ലോ. കുട്ടിക്ക് ശോധന ഒക്കെ കറക്റ്റ് ആയിട്ട് ഇല്ലേ

(രോഗി മിണ്ടാതിരിക്കുന്നു വാ തുറക്കുന്നില്ല എന്നെ നോക്കുന്നു അമ്മയെ നോക്കുന്നു)

അമ്മ: അവർക്ക് വയറ്റീന്ന് പോകാൻ കുഴപ്പമൊന്നുമില്ല ഒക്കെ കറക്റ്റ് ആണ്.

ഞാൻ: അത് എങ്ങനെ ഇത്ര കറക്റ്റ് ആയിട്ട് അറിയാം മോളുടെ കൂടെ അമ്മയും ബാത്റൂമിൽ പോകാറുണ്ടോ .....?

(ആ ചോദ്യം അവർ പ്രതീക്ഷിച്ചില്ല അമ്മയുടെ മുഖത്തൊരു കാർമേഘം നിഴലിച്ചു)

അമ്മ: അവൾ ബുദ്ധിമുട്ട് ഒന്നും പറയാറില്ല അതുകൊണ്ട് പറഞ്ഞതാ

(എന്റെ മകളെ കുറിച്ച് എനിക്ക് എല്ലാം അറിയാം എന്നുള്ള ഒരു മുഖഭാവം ആ അമ്മയുടെ മുഖത്തുണ്ട്) 

പിന്നീടുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞത് അമ്മയാണ് മകളല്ല ആ രോഗിണിയായ മകൾ ഇടയ്ക്ക് മൂളുക മാത്രം ചെയ്യുന്നുണ്ട്. ഇതെല്ലാം ക്ഷമയോടെ കേട്ടിരുന്ന എനിക്ക് ചൊറിഞ്ഞ് വന്നു അത് സ്വാഭാവികം. പക്ഷേ എന്റെ ചൊറിച്ചിൽ ഞാൻ പുറമേ പ്രകടിപ്പിച്ചില്ല ക്ഷമയോടുകൂടി ബാക്കി കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു കാരണം അമ്മ അത്ര എളുപ്പമല്ല.

അമ്മ: ഇവൾക്ക് ഭയങ്കര ടെൻഷനാണ് സാറേ ഉറക്കം ഒന്നും കറക്റ്റ് അല്ല

ഞാൻ: അതെന്താ കാര്യം ഇത്ര ടെൻഷൻ അടിക്കാൻ ആയിട്ട്?

അമ്മ: അവളുടെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ട് ഭർത്താവുമായി അത്ര രമ്യതയിൽ അല്ല

(കുട്ടി അപ്പോഴും മിണ്ടാതിരിക്കുന്നു അമ്മയെ നോക്കുന്നു എന്നെ നോക്കുന്നു)

ഞാൻ: അമ്മയെ കുറ്റം പറയുകയാണെന്ന് വിചാരിക്കരുത് അങ്ങനെ വിചാരിച്ചാലും കുഴപ്പമില്ല. നിങ്ങളുടെ മകളുടെ അടുത്ത് എത്ര നേരം ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഉത്തരം പറഞ്ഞതു മുഴുവൻ അമ്മയായ നിങ്ങളാണ്. സ്വന്തം മകൾക്ക് സ്വന്തം രോഗ വിവരങ്ങൾ ഡോക്ടറോട് പറയണമെങ്കിൽ പോലും നിങ്ങളുടെ മുഖത്തുനോക്കി നിങ്ങളുടെ മൗനസമ്മതം നേടണം. പിന്നെങ്ങനെയാണ് ഭർത്താവും ഒത്തുള്ള അവരുടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നത്, ടെൻഷൻ ഇല്ലാതിരിക്കുന്നത്. നിങ്ങൾ ഇങ്ങനെ ആ കുട്ടിയുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്നുണ്ടാകും. അങ്ങനെ ഇടപെട്ട് ഇടപെട്ട് കുട്ടിയുടെ ജീവിതം കുളമാക്കി ആ കുട്ടിക്ക് സ്വന്തമായ അഭിപ്രായം പറയാനോ, രോഗവിവരം പറയാനോ ഉള്ള പ്രാപ്തി പോലുമില്ലാത്ത ഒരു മണുക്കൂസ് ആക്കി മാറ്റി.

( ഞാനത് മുഖത്തുനോക്കി പറഞ്ഞപ്പോൾ ആ അമ്മ കിളി പോയ പോലെ ഇരിക്കുന്നുണ്ട്. ആ പോയ കിളി പറന്ന് തലയിൽ വന്നപ്പോൾ വീണ്ടും സംസാരിച്ചു തുടങ്ങി)

അമ്മ: അത് പിന്നെ എന്റെ മോളെ ഇല്ല സാറേ എനിക്ക് ഇടപെടാതിരിക്കാൻ പറ്റുമോ

ഞാൻ: ആവശ്യത്തിന് മാത്രമേ ഇടപെടാൻ പാടുള്ളൂ അല്ലെങ്കിൽ മോൾക്ക് ഈ അവസ്ഥ വരും ഞാൻ കുറ്റം പറയുകയാണ് വിചാരിക്കരുത് കേട്ടോ. അവർ കുറച്ച് വ്യക്തി സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, സ്വന്തം രോഗവിവരങ്ങൾ പറയാനുള്ള സ്വാതന്ത്ര്യവും കൊടുത്തു വളർത്തുക. ഒരു കുട്ടി നടക്കാൻ പഠിക്കുമ്പോൾ ഒരുപാടുവട്ടം വീഴും അതുപോലെതന്നെയാണ് ദാമ്പത്യജീവിതവും അതിൽ വീണു വീണു തന്നെ സ്വയം പഠിക്കണം. അല്ലാതെ മക്കളെ എന്തായാലും നീ നടക്കാൻ ശ്രമിച്ചപ്പോൾ വീണില്ലേ ഇനി നീ നടക്കേണ്ട ദിവസവും ഞാൻ പറയുന്നതിനനുസരിച്ച് ഇഴഞ്ഞാൽ മതി എന്നു പറഞ്ഞാൽ ഇതേപോലെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും. എന്തായാലും ഈ മരുന്നെല്ലാം കഴിക്കൂ എന്നിട്ട് ഒരു രണ്ടാഴ്ച കഴിഞ്ഞു വരുമ്പോൾ എങ്കിലും സ്വന്തം മകൾ സംസാരിക്കാൻ പറ്റുന്ന ഒരു പരുവത്തിൽ ആകട്ടെ.

(അപ്പോഴും രോഗിണി ആയ മകൾ ഒന്നും മിണ്ടുന്നില്ല പക്ഷേ ആ കുട്ടിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട് അതു കണ്ടപ്പോൾ എനിക്കും ഒരു സന്തോഷം. അമ്മയുടെ മുഖത്ത് വളിച്ച ഒരു പുഞ്ചിരിയുണ്ട് അത് കണ്ടപ്പോഴും എനിക്ക് ഒരു ചെറു സന്തോഷം)

അമ്മ: അപ്പൊ ശരി ഡോക്ടറെ പോയിട്ടു വരാം

ഇതും പറഞ്ഞ് അവർ ക്യാബിനിൽ നിന്ന് പുറത്തോട്ട് പോയി. ആ അമ്മയുടെ മുഖത്തു നോക്കി ഇത്രയൊക്കെ പറഞ്ഞതിൽ ഉള്ള ആത്മനിർവൃതിയും കൊണ്ട് ഞാൻ മെല്ലെ കസേരയിൽ ചാരി അങ്ങനെ ഇരുന്നു.

(ഡോ.പൗസ് പൗലോസ്)

Comments