ആടുനാറിവേള അഥവാ കാട്ടുകടുക്

ആടുനാറിവേള അഥവാ കാട്ടുകടുക് - Kattukaduku, Vela

നമ്മുടെ നാട്ടില്‍ വളരെ സാധാരണമായി വളരുന്ന ഒരു കളസസ്യമാണ് വേള അഥവാ കാട്ടുകടുക്. ഒരു കളസസ്യമായാണ് മിക്കവരും ഇതിനെ കാണുന്നത് പക്ഷേ ഇതിന് ഔഷധമൂല്യം ഉണ്ട് എന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും..

ഒന്ന് രണ്ട് അടിവരെ വലിപ്പം വയ്കുന്ന ഒരു ഏകവര്‍ഷ മൃദുകാണ്ഡ സസ്യമാണ് ആടുനാറിവേള. ഇതിന്റെ ശാസ്ത്രിയനാമം Cleome viscosa എന്നാണ്. സംസ്കൃതത്തില്‍ പശുഗന്ധ എന്നും ആംഗലേയത്തില്‍ wild mustard എന്നും വിളിക്കുന്നു.

ഇലയ്ക്കും ചെടി മുഴുവനും ഒരു പ്രത്യേക ഗന്ധമാണ്. ഏതാണ്ട് മുട്ടനാടിന്റെ ഗന്ധമാണ് ഇതിന് അതിനാലാണ് ഈ ചെടിക്ക് ആടുനാറിവേള എന്ന പേര് വന്നത്. മഞ്ഞ നിറത്തിലുള്ള മനോഹരമായ പൂക്കളുണ്ടാവുന്നു. കായകള്‍ രണ്ടിഞ്ചുവലുപ്പത്തിലുള്ള പോഡുകളാണ്. കായയുടെ പുറം തോടില്‍ വഴുവഴുപ്പുള്ള ഗ്രന്ധികള്‍ നിറഞ്ഞിരിക്കുന്നു. ഏതാണ്ട് കടുകിന്റെ വലിപ്പത്തിലുള്ള ധാരാളം വിത്തുകള്‍ ഇതില്‍ നിറഞ്ഞിരിക്കുന്നു. മഴക്കാലമാവുമ്പോഴേക്കും വിത്തു മുളച്ചു ധാരാളം ചെടികളുണ്ടാവുന്നു.

ഉപയോഗം

പല ആയുര്‍വേദ ഔഷധങ്ങളിലും ഈ ചെടി ചേര്‍ത്തു വരുന്നു.

1. ചെടി കഫദോഷം ശമിപ്പിക്കുന്നു
2. വിത്തും ചെടി മുഴുവനും ഉദരകൃമികളെ നശിപ്പിക്കാനായി ഉപയോഗിക്കുന്നു. 
3 കുട്ടികളിലുണ്ടാവുന്ന വയറുവേദന കുറയ്ക്കാന്‍ ഇല ഇഞ്ചിനീരും കല്‍കണ്ടവും ചേര്‍ത്തരച്ചു കൊടുക്കുക
4. ഹൃദയപേശികള്‍ക്കുണ്ടാവുന്ന ക്ഷീണം മാറ്റാന്‍ സമൂലം കഷായം ഉപയോഗിക്കുന്നു. 
5. സമൂലം അരച്ച് അതിരാവിലെ വെറും വയറ്റില്‍ സേവിക്കുന്നത് തലവേദന ശമിപ്പിക്കുന്നു.

Comments