പൂച്ചമ്മയും ഞാനും

പൂച്ചമ്മയും ഞാനും 😾😁
_________________________

ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലോട്ടു വന്ന് ഒരു ചായ എടുക്കാൻ ഉള്ള ഉൽക്കടമായ ആഗ്രഹത്താൽ ഒരു പാത്രത്തിൽ വെള്ളവുമായി മന്ദം മന്ദം ഗ്യാസ് അടുപ്പിന്റെ അടുത്തോട്ട് നീങ്ങിയ ഞാൻ പെട്ടെന്ന് ഒരു ശീൽക്കാര ശബ്ദം കേട്ടൂ ശ്ശ് ശ്ശ് ശ്ശ് എൻ്റെ കർത്താവേ വല്ല പാമ്പും ആണോ എന്ന് ഞെട്ടിത്തരിച്ചു ഗ്യാസ് സിലിണ്ടർ ഇരിക്കുന്ന സൈഡിലോട്ടു നോക്കിയ ഞാൻ അവിടെ ഒരു പൂച്ചമ്മ സുഖപ്രസവം കഴിഞ്ഞ് തൻ്റെ പിഞ്ചോമനകളുമായി സുഖശയനം നടത്തിയിരുന്നത് കണ്ടു.കുറച്ചുനാളുകൾക്കു മുമ്പ് ഇവൾ എന്റെ വീടിന്റെ തട്ടും പുറത്ത് സുഖപ്രസവം നടത്തിയതാണ്....... നിനക്ക് ഇതുതന്നെയാണോ പണി ആരാണിതിന് ഉത്തരവാദി നിനക്ക് ഫാമിലി പ്ലാനിങിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് ഞാൻ അവളോട് വളരെ രൂക്ഷമായി ചോദിച്ചു........

ഇതുകേട്ട് രോഷാകുലനായ പൂച്ചമ്മ എന്നോട് നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക് മിസ്റ്റർ ... മൈൻഡ് യുവർ ബിസിനസ് എന്ന് ശീൽക്കാര രൂപത്തിൽ ഉത്തരം പറഞ്ഞു😾.....ആ അധികാര പൂർവ്വമായ മറുപടികേട്ട് രോഷം പൂണ്ട ഞാൻ അത് ശരി എൻ്റെ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ വന്ന് സുഖ പ്രസവം കഴിഞ്ഞ് എന്നോടു തർക്കിക്കാൻ നിൽക്കുന്നോ അല്പം ബഹുമാനം ഒക്കെ ആകാം എന്ന് പ്രത്യുത്തരം പറഞ്ഞ് ഒരു ബിസ്കറ്റ് അവൾക്ക് ഇട്ട് കൊടുത്തു..... അത് ഒരു ശീൽക്കാര രൂപത്തിൽ സ്വീകരിച്ച് ആ പൂച്ചമ്മ 🐈 എന്നെ നോക്കി സ്നേഹപൂർവ്വം കണ്ണു ചിമ്മി.... ഇത് കണ്ട് ഞാൻ വളരെയധികം ധൃതംഗപുളകിതനായി ഒരു നിമിഷം നിർന്നിമേഷനായി അമ്മയെയും കുഞ്ഞുങ്ങളെയും നോക്കി നിന്നു..... എന്റെ നോട്ടം അത്ര ഇഷ്ടമല്ലാത്തത് കൊണ്ടാകണം ആ പൂച്ചമ്മ ശീൽക്കാര രൂപത്തിൽ.... എന്റെ മക്കളെ കണ്ണു വെക്കരുത് ദുഷ്ടാ ഗെറ്റ് ലോസ്റ്റ് എന്ന് പറഞ്ഞൂ.....

പിന്നെ പൂച്ചമ്മയുടെ വികാരവിക്ഷോഭ പ്രകടനങ്ങൾ മനസ്സിലാക്കിയ ഞാൻ അമ്മയെയും കുഞ്ഞുങ്ങളെയും വെറുതെ വിട്ട് എൻ്റെ സ്വന്തം കാര്യങ്ങളിൽ വ്യാപൃതനായി.....പിന്നീട് ഞാൻ കുറച്ചുനേരം കഴിഞ്ഞ് മുറ്റത്തെ എൻ്റെ കൂട്ടുകാരായ റോസക്കും, തുളസിയും വെള്ളം ഒഴിക്കുന്ന സമയം ഒരു മിന്നായം പോലെ പൂച്ചമ്മയെ ഞാൻ ദൂരെ കണ്ടു....പൂച്ചമ്മ മാറിയത് കാരണം കുഞ്ഞുങ്ങളെ വിശദമായി ഒന്ന് കാണാം എന്ന് കരുതി പൂച്ച കുട്ടികൾ ഇരിക്കുന്ന ഭാഗത്തോട് നീങ്ങിയ എൻ്റെ പിന്നാലെ എല്ലാ ഊർജവും സംഭരിച്ച് പൂച്ചമ്മയും ഓടിവന്നു.....ഞാൻ ഇല്ലാത്ത സമയം എൻ്റെ കുഞ്ഞുങ്ങളെ അടിച്ചു മാറ്റാൻ വന്നിരിക്കുന്നു ദ്രോഹി എന്ന് ഒരു ശീൽക്കാര രൂപത്തിൽ വീണ്ടും പൂച്ചമ്മ എന്നോട് ചോദിച്ചു..... ഇതു വല്ലാത്ത കഷ്ടം ആയല്ലോ സുഖപ്രസവത്തിന് സ്ഥലം അനുവദിച്ച എനിക്ക് ഇതുതന്നെ വേണം എന്ന് പിറുപിറുത്ത് ഞാൻ അവിടെ നിന്നും പോയി.....

പിന്നീട് ഇന്ന് രാവിലെ ചായ എടുക്കാൻ പോയപ്പോൾ കുറച്ചു പാൽ ഞാൻ പൂച്ചമ്മയ്ക്കും കൊടുത്തു പക്ഷേ അത് സന്തോഷപൂർവ്വം സ്വീകരിച്ച അവൾ സീൽക്കാര ശബ്ദം ഒന്നും പുറപ്പെടുവിച്ചല്ല..... പിന്നെ എന്നെ ഒരു സംശയം രൂപത്തിൽ നോക്കുന്നുണ്ടായിരുന്നു ഇനി പാല് എങ്ങാനും കൊടുത്ത് എൻ്റെ കുഞ്ഞുങ്ങളെ മയക്കി എടുക്കാൻ ഉള്ള പരിപാടി ആകും i will never allow that എന്ന് എന്നെ നോക്കി കണ്ണുകൾകൊണ്ടു പറയുന്നുണ്ടായിരുന്നു.....

പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ പുറത്ത് ഒരു യാത്ര പോയി ഇന്ന് വൈകിട്ട് തിരിച്ച് വന്നപ്പോൾ പൂച്ചമ്മ തന്റെ കുഞ്ഞുങ്ങളെ കൊണ്ട് എൻ്റെ ശല്യമില്ലാത്ത എങ്ങോട്ടോ പോയിമറഞ്ഞൂ എന്ന സത്യം എന്നെ തെല്ലൊന്ന് വിഷമത്തിൽ ആഴ്ത്തി..... ആ പൂച്ച കുട്ടികളെ കുറിച്ചുള്ള സ്മരണ എൻ്റെ മനസ്സിൽ ഉള്ളതിനാൽ ഞാൻ വീടിനു ചുറ്റും ആ ശിശുക്കളെയും പൂച്ചമ്മയെയും നോക്കി നടന്നു പക്ഷേ എന്നെ നിരാശനാക്കി കൊണ്ട് പൂച്ചമ്മ സ്വന്തം കുട്ടികളുമായി എൻ്റെ ശല്യം ഇല്ലാത്ത ഏതോ ഭാഗത്തേക്ക് ഞാനറിയാതെ ഒളിച്ചോടി..... ഒരു പക്ഷേ തൻ്റെ പിഞ്ചോമനകളെ ഞാൻ അടിച്ചു മാറ്റുമോ എന്നുള്ള പേടി ഉള്ളത് കൊണ്ടാകാം പൂച്ചമ്മ സ്വന്തം കുട്ടികളുമായി സ്ഥലം കാലിയാക്കിയത് എന്തായാലും ഒരു സുഖപ്രസവം കാണാൻ സാധിച്ചതിലുള്ള ആത്മനിർവൃതി മാത്രം എനിക്ക് ബാക്കി....😇.....

Comments