കോവിഡിൻ്റെ രണ്ടാം വ്യാപനം

കോവിഡിൻ്റെ രണ്ടാം വ്യാപനം വളരെ ശക്തമായി തന്നെ നടക്കുകയാണ് അതിനാൽ നമുക്ക് ഇവിടെ ഭയമില്ല ആവശ്യം ജാഗ്രതയാണ്. കഴിഞ്ഞ വർഷം ഈ സമയം കൊറോണ വൈറസിൻ്റെ വ്യാപനം തടയുവാനായി നമ്മൾ പല മുൻകരുതലുകളും സ്വീകരിച്ചിരുന്നു. എന്നാൽ നമ്മളിൽ പലരും ഇപ്പൊൾ ഇതെല്ലാം മറന്നിരിക്കുന്നു എന്നതാണ് വാസ്തവം. കഴിയുന്നവർ എല്ലാം വാക്സിനേഷൻ എത്രയും പെട്ടെന്ന് എടുക്കുക പക്ഷേ ഒരു കാര്യം മനസ്സിലാക്കുക കൊറോണയ്ക്കെതിരെ വാക്സിനേഷൻ എടുത്തു എന്ന് വിചാരിച്ച് എനിക്കിനി കൊറോണ വരില്ല എന്നുള്ള മിഥ്യാധാരണ വെച്ചുപുലർത്തരുത് കാരണം വരാതിരിക്കണമെങ്കിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക തന്നെ വേണം.

കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട ഇപ്പോൾ ലഭ്യമായ വിവരങ്ങൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും കഴിഞ്ഞവർഷത്തെ വെച്ചുനോക്കിയാൽ ജനിതകവ്യതിയാനം വന്ന കൊറോണ വൈറസ് ആണ് വേഗത്തിൽ പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്നത്. അതിനു ചിലപ്പോൾ അടുത്ത വർഷം വീണ്ടും ജനിതക വ്യതിയാനം സംഭവിക്കാം അതിനാൽ ഒരു കാര്യം മനസ്സിലാക്കാം ഈ മഹാമാരി അടുത്തൊന്നും പൂർണമായി നമ്മളെ വിട്ടു പോകാൻ സാധ്യതയില്ല അതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് ശരീരത്തിൻറെ രോഗപ്രതിരോധശേഷി നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. 

തലവേദന, ജലദോഷം, കഫക്കെട്ട്, വിടാതെ ചുമ, ക്ഷീണം, പനി, മണം തിരിച്ചറിയാൻ കഴിയാത്തത് മുതലായ ലക്ഷണങ്ങൾ കണ്ടാൽ അതും വെച്ചുകൊണ്ട് വീട്ടിൽ ഇരിക്കാതെ ഉടനെതന്നെ പരിശോധന നടത്തി കോവിഡ് ആണോ അല്ലയോ എന്ന് സ്ഥിരീകരിക്കുക. അല്ലാതെ ഇത്തരം ലക്ഷണങ്ങൾ വച്ചുകൊണ്ട് നിങ്ങളുടെ  പ്രിയപ്പെട്ടവരോട് യാതൊരു പ്രതിരോധ നടപടികൾ സ്വീകരിക്കാതെ സ്വതന്ത്രമായി സാധാരണ പോലെ ജീവിക്കുന്നത് അവരുടെ ജീവനും ആപത്താണ്. 

നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം കഴിഞ്ഞ വർഷം നമ്മൾ കണ്ട വൈറസ് അറ്റാക്കിനെകാളും ശക്തമാണ് ഇപ്പോൾ ഉള്ള കൊറോണ വൈറസ് ഉണ്ടാകുന്നത്. പെട്ടെന്ന് തന്നെ രോഗി ഗുരുതരമായ ഒരു അവസ്ഥയിലേക്ക് പോകുന്ന സ്ഥിതിവിശേഷം നമ്മൾ നിത്യേന വാർത്താമാധ്യമങ്ങളിൽ കാണുന്നതാണ്. അതിനാൽ തന്നെ എനിക്കും എൻറെ പ്രിയപ്പെട്ടവർക്കും കൊറോണ ബാധിച്ചാൽ  മാത്രമേ ഞാൻ നന്നാകൂ എന്നുള്ള പിടിവാശി ഉപേക്ഷിച്ച് നല്ലൊരു സാമൂഹ്യജീവി ആയി നമുക്ക് ജീവിക്കാം. 

രോഗത്തെ പ്രതിരോധിക്കാനും കൊറോണ വന്നാൽ തന്നെ അതിന്റെ ലക്ഷണങ്ങളെ വേഗം ശമിപ്പിക്കാനും നിങ്ങൾക്ക് വൈദ്യം നിർദ്ദേശ പ്രകാരം ആയുർവേദ മരുന്നുകൾ  രോഗശമനം വേഗത്തിൽ വരുവാൻ നിങ്ങളെ സഹായിക്കും. കഴിഞ്ഞവർഷം ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ആയുർവേദ മരുന്നുകൾ ആയ വില്വാദിഗുളിക, സുദർശനം ഗുളിക, ഹരിദ്രാഖണ്ഡം, ഇന്ദുകാന്തം കഷായം, ഷഡംഗം കഷായം മുതലായ ഔഷധങ്ങൾ വൈദ്യ നിർദ്ദേശാനുസരണം പ്രതിരോധമരുന്നുകൾ ആയും രോഗശമനത്തിനായും ഉപയോഗിക്കാവുന്നതാണ്. നമ്മളുടെ പ്രിയപ്പെട്ടവരുടെ കണ്ണുകൾ ഈറനണിയാതിരിക്കാൻ നമുക്ക് ജാഗ്രത പൂർവ്വം മുന്നോട്ടുപോകാം.

❤️

(ഡോ.പൗസ് പൗലോസ്)

Comments