സഹചരാദി തൈലം

സഹചരാദി തൈലം
___________________

സാധാരണയായി നാൽപത് വയസ് കഴിഞ്ഞവരിൽ കാണപ്പെടുന്ന സന്ധിവാത രോഗങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒന്നാണ് സന്ധികളിലെ തേയ്മാനം അഥവാ ഓസ്റ്റിയോ ആർത്രൈറ്റിസ്.സന്ധികളിലെ നീര്, വേദന, സന്ധികൾക്കുള്ളിൽ അനുഭവപ്പെടുന്ന ചൂട്, വഴക്കമില്ലായ്മ തുടങ്ങിയവ സന്ധിതേയ്മാനത്തിന്റെ ലക്ഷണങ്ങളാണ്. ഈ സന്ധിവാതവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറയ്ക്കുന്ന ഒരു തൈലമാണ് സഹചരാദി തൈലം.

സമൂലശാഖസ്യ സഹചരസ്യ
തുലാം സമേതാം ദശമൂലതശ്ച
പലാനി പഞ്ചാശദഭീരുതശ്ച
പാദാവശേഷം വിപചേദ്വഹോപാം

തത്ര സേവ്യനഖകുഷ്ഠഹിമൈലാ
സ്പൃക്പ്രയംഗുനളികാംബുശിലാജൈ
ലോഹിതാനളദലോഹസുരാഹ്വൈ:
കോപനാമിശിതുരുഷ്കനതൈശ്ച

തുല്യക്ഷീരം പാലികൈസ്തൈലപാത്രം
സിദ്ധം കൃച്രഛാൻ ശീലിതം ഹന്തി വാതാൻ
കമ്പാക്ഷേപസ്തംഭശോഷാദിയുക്താൻ
ഗീല്മോന്മാദൗ പീനസം യോനിരോഗാൻ

കരിങ്കുറിഞ്ഞി സമൂലം ഒരു തുലാം, ദശമൂലങ്ങൾ പത്തും ഓരോന്നും പത്തു പലം വീതം, ശതാവരിക്കിഴങ്ങ് 50 പലം, ഇവ 12 കൂട്ടം 64 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 16 ഇടങ്ങഴി ആക്കി പിഴിഞ്ഞ് അരിച്ചു വെക്കുക. ഇതിൽ രാമച്ചം, നാഗുണം, കൊട്ടം ,ചന്ദനം, ഏലത്തരി, ചോനാകപുല്ല്, ഞാഴൽപ്പൂവ്, ജഡാമഞ്ചി, ഇരുവേരി, കന്മദം, മഞ്ചട്ടി, കോൽ മാഞ്ചി , അകിൽ ദേവതാരം , തിരുവട്ടപശ , ശതകുപ്പ, കുന്തിരിക്കം, തകരം എന്നീ 18 കൂട്ടം മരുന്നുകൾ ഒരു പലം വീതം അരച്ചു കലക്കി തിളപ്പിച്ച് നാലിടങ്ങഴി എണ്ണയും നാലിടങ്ങളിൽ പാലും ചേർത്ത് കാച്ചി അരച്ച് മുറുക്കിയ പാകത്തിൽ അരിക്കുക. ഈ പ്രയോഗം സഹചരാദി കുഴമ്പ്, സഹചരാദി മെഴുപാകം, സഹചരാദി ആവർത്തി എന്നിവയായും തയ്യാറാകുന്നു.

സേവിക്കുന്നതും ,കുഴിക്കുന്നതിനും നസ്യം വസ്തി പിഴിച്ചിൽ മുതലായവയ്ക്കും ഈ തൈലം ഉപയോഗിച്ചാൽ മാറാൻ ബുദ്ധിമുട്ടുള്ള വാത രോഗങ്ങൾ പലതും മാറുന്നതാണ്. കമ്പ വാതം, ആക്ഷേപകവാതം, ഗുല്മം, ഉന്മാദം, പീനസം, യോനി രോഗങ്ങൾ മുതലായവയെ ശമിപ്പിക്കും. ശിരോധാര, ശിരോ അഭ്യംഗം, ശിരോപിചു, ശിരോവസ്തി മുതലായവയ്ക്കും വളരെ ഫലപ്രദമാണ്. ഈ തൈലം ആവർത്തിച്ചു കാച്ചുമ്പോൾ കോൾ കരിങ്കുറിഞ്ഞി വേര് മാത്രമേ കൽക്കൻ ആക്കാറുള്ളൂ

Comments