നീലിഭൃംഗാദി തൈലം

നീലിഭൃംഗാദി തൈലം
___________________

തഴച്ചുവളർന്ന മുടി എല്ലാവരും കൊതിക്കുന്നില്ലെങ്കിലും ഉള്ള മുടി നന്നായി സൂക്ഷിക്കണമെന്നത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരുടേയും ഉള്ളിലുള്ള മോഹമാണ്.മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ അനവധിയാണ്. പാരമ്പര്യം മുതൽ നമ്മുടെ ജീവിതരീതിയിലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വരെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. മുടിയുടെ സ്വഭാവം എല്ലാവരിലും ഒന്നു പോലെയല്ല. ഇത്തരം അവസ്ഥകളിൽ മുടിക്ക് പോഷണം നൽകുന്ന ഒരു തൈലമാണ് നീലിഭൃംഗാദി തൈലം.

"നീലിഭൃംഗലതാ ശതക്രതുലതാ
ധാത്രീഫലാനാം രസേ
ക്ഷീരൈ രാജകനാളികേരമഹിഷീ
ധേനുത്ഭവൈസ്സാധിതം
തൈലം തല്പയസൈവ പിഷ്ടലുളിതൈ
രിഷ്ട്യാഹ്വഗുഞ്ജാഞ്ജനൈ:
കേശാൻ സഞ്ജനയേത്തലേപികരയോ
രാസ്താമകേശം ശിര:"

നീലയമരി, കയ്യോന്നി, നെല്ലിക്ക, ഉഴിഞ്ഞ എന്നിവ 50 ഗ്രാം വീതമെടുത്ത് ഒരു ലീറ്റർ തിളച്ച വെള്ളത്തിൽ മൂന്ന് തവണ ഇടിച്ചു പിഴിഞ്ഞ് അരിച്ചെടുക്കണം. ഈ കൂട്ടിൽ ഇരട്ടി മധുരം, അഞ്ജനക്കല്ല്, കുന്നിക്കുരു ഇവ 10 ഗ്രാം വീതം അരച്ച് കലക്കി 250 മില്ലിലീറ്റർ നല്ലെണ്ണ ചേർത്ത് കാച്ചി ചെളി പാകമാക്കുക. ആട്ടിൻ പാൽ, തേങ്ങാപ്പാൽ, എരുമപ്പാൽ, പശുവിൻ പാൽ ഇവ 250 മില്ലി ലീറ്റർ വീതം ചേർത്ത് കാച്ചി കുറുകിയ ശേഷം അരിച്ച് ഉപയോഗിക്കുക.

ഗുണങ്ങൾ: അകാലനര, താരൻ, മുടി കൊഴിച്ചിൽ തുടങ്ങിയവ മാറ്റി മുടിക്ക് തണുപ്പും ആരോഗ്യവുമേകും. കണ്ണിന് ആരോഗ്യമേകാനും ഈ എണ്ണ ഉപകരിക്കും. ഈ തൈലം മുടി നല്ലതു പോലെ കറുത്ത് ഇട തൂര്‍ന്ന് വളരുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടികൊഴിച്ചിൽ തടഞ്ഞ് കേശ സംരക്ഷണത്തിന് ഈ തൈലം വളരെയധികം സഹായിക്കം.

Comments