കുട്ടികളിലെ ദോഷധാതുമലങ്ങളുടെ വൃദ്ധിക്ഷയങ്ങൾ

കുട്ടികളിലെ ദോഷധാതുമലങ്ങളുടെ വൃദ്ധിക്ഷയങ്ങൾ
________________________________

നമ്മുടെ ആഹാര രീതികളിൽ ഒരുപാട് മാറ്റങ്ങൾ കഴിഞ്ഞ ഒരു പത്തു വർഷത്തിനിടയിൽ സംഭവിച്ചിട്ടുണ്ട്. അതുമൂലം കുട്ടികളിലുണ്ടാകുന്ന രോഗങ്ങളിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് പണ്ടുകാലത്ത് ധാതുക്ഷയം, പോഷകാഹാരലഭ്യത കുറവ് , ദോഷക്ഷയം, മലക്ഷയം, അമിത വ്യായാമം മുതലായവ കാരണങ്ങളാൽ ആണ് രോഗങ്ങൾ ഉണ്ടായതെങ്കിൽ ഈ കാലഘട്ടത്തിൽ രോഗങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണം ആവശ്യത്തിലധികം കലോറിയുള്ള ഭക്ഷണപദാർത്ഥങ്ങൾ കുട്ടികൾ ഭക്ഷിക്കുന്നു എന്നതിനാലാണ്.

ഇന്നത്തെ മാറിയ ജീവിതശൈലിയും ഫാസ്റ്റ്ഫുഡ് സംസ്കാരവും കാരണം അമിതപോഷണം, ദോഷവൃദ്ധി , മലവൃദ്ധി , വ്യായാമക്കുറവ് മുതലായവയാണ് കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങള്ക്കുള്ള പ്രധാനകാരണം. മുമ്പ് കുട്ടികൾ ഭക്ഷിച്ചിരുന്നത് കൂടുതലും ലഘു രൂക്ഷ ഭക്ഷണം ആയിരുന്നുവെങ്കിൽ ഇന്നാകട്ടെ അത് ഗുരു, ശീത, സ്നിഗ്ദ്ധമായ ഭക്ഷണപദാർത്ഥങ്ങളാണ്. അമിതമായ ലഘുരൂക്ഷം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അതുമൂലം ഉണ്ടാകുന്ന ദോഷധാതുമലക്ഷയങ്ങൾ കാരണം രസധാതു ദുഷിച്ച് പോഷകാഹാരക്കുറവ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ ഉണ്ടാകുന്നു. ഈ കാലഘട്ടത്തിലെ അമിതമായ ഗുരുശീതസ്നിഗ്ധ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കാരണം ആമവും, അഗ്നിമാന്ദ്യം വന്ന് മന്ദാമാഗ്നി ആവുകയും പിന്നീട് രസധാതു ദുഷിച്ച് അമിതമായ കഫമേദോ വൃദ്ധിയും, ആമവും മൂലം ഉള്ള രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ഇവിടെ കുട്ടികൾക്കുള്ള പ്രധാന ചികിത്സ അവരുടെ അഗ്നിമാന്ദ്യം മാറ്റി സമാഗ്നി ആകുവാൻ ഉള്ള ഔഷധങ്ങളാണ് നൽകുക എന്നതാണ്. ഇതുമൂലം ദോഷധാതുമലങ്ങളുടെ വൃദ്ധിക്ഷയങ്ങൾ കാരണമുണ്ടാകുന്ന രോഗങ്ങളെ സുഖപ്പെടുത്താൻ സാധിക്കും. സാധാരണയായി കുട്ടികൾക്ക് ആമപാചനം നടക്കുവാനായി രജന്യാദി ചൂർണ്ണം,അഷ്ടചൂർണ്ണം മുതലായവ 2 കടുക്കാത്തോട് 4 മുത്തങ്ങക്കിഴങ്ങ് ഇട്ട് സംസ്കരിച്ച് മോരിൽ നൽകുക പതിവുണ്ട്. ഇതുമൂലം അഗ്നിയെ ബലപ്പെടുത്തി അഗ്നിമാന്ദ്യം കാരണമുണ്ടായ രോഗങ്ങൾ സുഖപ്പെടുത്താൻ സാധിക്കും.

പഴയ കാലഘട്ടത്തിൽ കുട്ടികളൊക്ക് കരപ്പൻ മുതലായ ത്വക് രോഗങ്ങൾ വളരെയധികം കൂടുതലായിരുന്നു എന്നാൽ ഇന്ന് ശുചിത്വം കൂടിയത് കാരണം അത്തരം രോഗങ്ങളിൽ വളരെയധികം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നത്തെ മാറിയ ജീവിതശൈലി കാരണം ഫാസ്റ്റ് ഫുഡും, ജങ്ക് ഫുഡും അമിതമായി ഉപയോഗിക്കുന്നതിനാൽ അമിതപോഷണം മൂലമുണ്ടായ കഫംമേദോ വൃദ്ധിയും, ആമവും, അഗ്നിമാന്ദ്യം കാരണം ഉണ്ടാകുന്ന രോഗങ്ങൾ കൂടുതലാണ്. ഇത്തരം രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ അഗ്നിമാന്ദ്യം വരാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ് ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടു തന്നെ ഒരുപാട് ബാലരോഗങ്ങൾ മറ്റു ചികിത്സകൾ കൂടാതെ തന്നെ ശമിക്കും.

ഇന്ന് കുട്ടികൾക്ക് വ്യായാമം വളരെയധികം കുറവാണ് അതുതന്നെ രോഗത്തിന് ഒരു പ്രധാന കാരണമാണ്. പഴയ കാലഘട്ടത്തിൽ ബലാശ്വഗന്ധാദിതൈലം, ലാക്ഷാദിതൈലം, വെന്ത വെളിച്ചെണ്ണ, നാല്പാമരാദി വെളിച്ചെണ്ണ മുതലായവ കുട്ടികളെ തേച്ചു കുളിപ്പിക്കുക പതിവുണ്ടായിരുന്നു ഇതുമൂലം പല രോഗങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം ലഭിച്ചിരുന്നു. ഈ കാലഘട്ടത്തിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തന്നെ പ്രമേഹം, പൊണ്ണത്തടി , വൈറ്റമിൻ d3 കുറയുക, തൈറോയ്ഡ് ഗ്രന്ഥിയുടെ രോഗങ്ങൾ വളരെയധികം കൂടിവരികയാണ് ഇതിന് പ്രധാന കാരണം മാറിയ ജീവിതശൈലി തന്നെയാണ്.

Comments