Random Post

വൈദ്യരത്നം പി എസ് വാരിയർ

വൈദ്യരത്നം പി എസ് വാരിയർ

ലോകപ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകനാണ് വൈദ്യരത്നം പി എസ് വാരിയർ. അദ്ദേഹത്തിൻ്റെ ജനനം 1869 മാർച്ച് മാസം 16-ന് മീനമാസത്തിലെ അശ്വതിനാളിൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ പന്നീമ്പള്ളിയിലാണ്. മരായമംഗലത്തു മങ്കുളങ്ങര രാമവാര്യരും പന്നീമ്പള്ളി കുടുംബാഗമായ കുഞ്ഞിക്കുട്ടി വാരസ്യാരുമായിരുന്ന് അച്ഛനമ്മമാർ. 

അദ്ദേഹത്തിൻറെ ആദ്യഗുരു കൈക്കുളങ്ങര രാമവാര്യരായിരുന്നു. കോണത്തു അച്യുതവാര്യരിൽ നിന്നും വൈദ്യം പഠിച്ഛു. പിന്നീട് കുട്ടഞ്ചേരി അഫ്ഫൻ മൂസ്സിൽ നിന്നും ശിക്ഷണം നേടി. അന്ന് മഞ്ചേരിയിൽ ഭിഷഗ്വരനായിരുന്ന ദിവാൻ ബഹാദൂർ ഡോ. വി. വർഗ്ഗീസിന്റെ അടുക്കൽ കണ്ണുചികിത്സക്കു പോയതിനു ശേഷം അലോപ്പതിയിൽ ശങ്കുണ്ണിക്ക് താല്പര്യം ജനിച്ചു. അദ്ദേഹത്തോടൊപ്പം താമസിച്ച് അലോപ്പതിയിലും വിജ്ഞാനം നേടി.

മലയാളത്തിലെ ആദ്യത്തെ വൈദ്യമാസികയായ ധന്വന്തരി അദ്ദേഹം ആരംഭിച്ചു. ചികിത്സാസംബന്ധിയായ വിവിധ ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ പ്രധാനപ്പെട്ടതാണ് ചികിത്സാസംഗ്രഹം, ബൃഹച്ഛാരീരം, അഷ്ടാംഗസംഗ്രഹം തുടങ്ങിയവ. പി.എസ്.വി. നാട്യസംഘം എന്ന കഥകളി സംഘവും അദ്ദേഹം നടത്തിയിരുന്നു.

"കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി" എന്ന ആശയം വരുന്നതിനു മുമ്പ് തന്നെ അതു നടപ്പാക്കിയ ഒരു വ്യക്തിയാണ് വൈദ്യരത്നം പി എസ് വാരിയർ. അദ്ദേഹം ഔഷധശാലയിൽ നിന്ന് കിട്ടുന്ന വരുമാനം അവിടെയുള്ള തൊഴിലാളികൾക്കും, ധർമ്മ ആശുപത്രിക്കും, കഥകളി സംഘത്തിനും, കോളേജിനും, വിശ്വംഭര ക്ഷേത്രത്തിനും എല്ലാം കിട്ടത്തക്കവിധം വിൽപത്രം ആ കാലഘട്ടത്തിൽ തന്നെ ക്രാന്തദർശിയായ അദ്ദേഹം തയ്യാറാക്കി എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. അദ്ദേഹത്തിൻ്റെ അമ്മയുടെ സഹോദരിയായ കുട്ടി വാര്യസ്യാരുടെ താവഴി ഉള്ളവർക്ക് പ്രോപ്പർട്ടീസ് കൈകാര്യം ചെയ്യാനുള്ള അധികാരവും അദ്ദേഹം നൽകിയിരുന്നു. 

കോട്ടക്കൽ ആയുർവേദ ശാല ഭരിക്കുന്നത് അദ്ദേഹം അന്ന് അധികാരപ്പെടുത്തിയ ട്രസ്റ്റ് ആണ്. ആ ട്രസ്റ്റിൽ ഉള്ളവർ ചേർന്നാണ് മാനേജിങ് ട്രസ്റ്റിയെ തെരഞ്ഞെടുക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും കൃത്യമായ ശമ്പളം ഘടനയും മറ്റുള്ള ആനുകൂല്യങ്ങളും ഗവൺമെൻറ് സ്ഥാപനങ്ങൾക്ക് തുല്യമായ രീതിയിൽ നൽകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ സ്ഥാപിച്ച ഒരു പ്രസ്ഥാനമാണ് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 150 വർഷത്തിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു. പദ്മശ്രീ ഡോ. പി കെ വാര്യർ ആണ് ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ചുമതല വഹിക്കുന്നത്.

ഇന്ത്യയുടെ പ്രത്യേക ധനമായി അഭിമാനിച്ചുവരുന്ന ആര്യവൈദ്യശാസ്ത്രം കാലത്തിനൊപ്പം പരിഷ്കരിക്കുകയും വൈദ്യന്മാര്‍ അന്യോന്യം വിശ്വസിച്ചും യോജിച്ചും പ്രവര്‍ത്തിക്കാത്തതിനാല്‍ ഉണ്ടാകുന്ന ദോഷങ്ങളെ അകറ്റാനും ഇംഗ്ലീഷ് വൈദ്യത്തെപ്പോലെ മരുന്നുകളും ചികിത്സാരീതികളും എല്ലായിടത്തും ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സ്ഥാപനം തുടങ്ങുന്നതെന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. ലാഭേച്ഛയേക്കാള്‍ തുച്ഛമായ തുകയിലൂടെ ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുകയാണ് ലക്ഷ്യമായി അദ്ദേഹം കണ്ടത്. 

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന അക്കാലത്തും ജാതിക്കും മതത്തിനും അതീതമായ എല്ലാ മനുഷ്യരെയും തുല്യരായിക്കണ്ട് ചികിത്സ നല്‍കുന്ന സ്ഥാപനമായിരുന്നു ആര്യവൈദ്യശാല. പി.എസ്. വാര്യര്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായിരുന്നു. വെറും ആയുര്‍വേദ സ്ഥാപനവും ആശുപത്രിയും മാത്രമല്ല, നാനാജാതി മതസ്ഥരെ ഒന്നിച്ചുനിര്‍ത്താനും കേരളത്തിലെ കലാസാംസ്കാരികരംഗത്തിനും അളവറ്റ സംഭാവന നല്‍കാനും പി.എസ്.വാര്യര്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ്. 

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ പലതിലും ആകൃഷ്ടനായിരുന്ന വാര്യരുടെ മഹത്വം കാണുന്നത് സമ്പാദിക്കുന്ന ധനം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണമെന്നും അയിത്തത്തിന്റെ പേരില്‍ മനുഷ്യരെ അകറ്റിനിര്‍ത്തരുതെന്ന ചിന്താഗതിയിലുമാണ്. 

ജാതിഭേദം കൂടാതെ എല്ലവരും ഏകോദര സഹോദരങ്ങളെപ്പോലെ അവിടെ കഴിഞ്ഞത് ഹൃദയംഗമമായ കാഴ്ചയായിരുന്നുവെന്ന് വാര്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം സമസ്തഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടക്കുന്ന കാലത്തുതന്നെ കോട്ടയ്ക്കലിലെ തന്റെ ഉടമസ്ഥതയിലുള്ള "വിശ്വംഭരക്ഷേത്രം" ഹരിജനങ്ങള്‍ക്ക് വാര്യര്‍ തുറന്നുകൊടുത്തു. തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനത്തിന് വാര്യര്‍ എല്ലാ പിന്തുണയും നല്‍കി. ആയുർവേദ ശാസ്ത്രത്തിൻറെ വളർച്ചയ്ക്കും വികാസത്തിനും വേണ്ടി ദീർഘദർശിയായ ഇദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഇന്നും ആർക്കും മറക്കാൻ കഴിയാത്ത ഓർമ്മയായി ആര്യവൈദ്യശാല എന്ന മഹത്തായ സ്ഥാപനത്തിൽ കൂടെ ജനഹൃദയങ്ങളിൽ നിലനിൽക്കുന്നു.

अज्ञानतिमिरान्धस्य
ज्ञानाञ्जन शलाकया ।
चक्षुरुन्मीलितं येन
तस्मै श्रीगुरवे नमः ॥

Post a Comment

0 Comments